'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു

ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ വിവാദ യൂട്യൂബര്‍ രാജന്‍ ജോസഫ് റിമാന്‍ഡിലായി. മുന്‍പ് അറസ്റ്റിലായപ്പോള്‍ തന്നെ തല്ലിയെന്ന രീതിയിലുള്ള വാദങ്ങള്‍ രാജന്‍ ജോസഫ് ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ 'എന്നെ തല്ലിയവന്റെ കൈ വെട്ടും' എന്ന രീതിയില്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് അടൂര്‍ പോലീസാണ് ഇപ്പോള്‍ ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കേസിലെ കൂട്ടുപ്രതിയായ സിബി ജോസഫിനായി (സിബി തോമസ്) പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ രാജന്‍ ജോസഫ് ഒന്നാം പ്രതിയും സിബി രണ്ടാം പ്രതിയുമാണ്. കഴിഞ്ഞദിവസം ഇതേ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രാജന്‍ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ മുന്‍ വൈരാഗ്യം വെച്ച് വീണ്ടും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെ വീഡിയോ ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
നേരത്തെ ശ്രീനാദേവി കുഞ്ഞമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ രാജന്‍ ജോസഫ് ഒളിവിലായിരുന്നു. തുടര്‍ന്ന് അടൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ മാസം 11-ന് രാത്രി എറണാകുളത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. മലപ്പുറം സ്വദേശിയായ രാജന്‍ ജോസഫിനെതിരെ മറ്റ് ചില പോലീസ് സ്റ്റേഷനുകളിലും സമാനമായ രീതിയില്‍ കേസുകള്‍ നിലവിലുണ്ട്.
അതിനിടെ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിക്ക് പുറമേ, വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട നൗഫല്‍ എന്ന യുവാവിനെതിരെയും ഈ യൂട്യൂബര്‍ വ്യാജപ്രചരണം നടത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ദുരന്തബാധിതര്‍ക്കായി ഒരുക്കിയ പുനരധിവാസ ടൗണ്‍ഷിപ്പിലെ നൗഫലിന്റെ വീടിന്റെ മുകള്‍ഭാഗത്ത് വിള്ളല്‍ വീണത് വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. ഇതിന് പിന്നാലെ നൗഫലിനെ വ്യക്തിപരമായി അധിക്ഷേപിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും രാജന്‍ ജോസഫ് നിരന്തരം യൂട്യൂബ് വീഡിയോകള്‍ ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























