രണ്ടു മാസത്തോളം നീളുന്ന വള്ളസദ്യക്കായി ആറന്മുളയിൽ പള്ളിയോട സേവാസംഘത്തിന്‍റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ

രണ്ടു മാസത്തോളം നീളുന്ന വള്ളസദ്യക്കായി ആറന്മുളയിൽ പള്ളിയോട സേവാസംഘത്തിന്‍റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. സെപ്റ്റംബർ 16 വരെയാണ് വള്ളസദ്യയുള്ളത്. എന്നാൽ, പമ്പയിൽ ജലനിരപ്പ് കുറവായത് ആശങ്കക്ക് ഇടയാക്കി. ഞായറാഴ്ച ആദ്യ ദിവസം സദ്യ സ്വീകരിക്കാനെത്തിയ രണ്ട് പള്ളിയോടങ്ങൾ മൺപുറ്റിൽ ഉറച്ച് യാത്രക്ക് ചെറിയ തടസ്സമുണ്ടായി.
പള്ളിയോടങ്ങൾക്ക് സുരക്ഷയൊരുക്കി പമ്പയിൽ റെസ്‌ക്യൂ ടീം പ്രവർത്തിക്കുന്നു. ഫയർ ഫോഴ്സ് സ്കൂബ ടീം, രണ്ട് ബോട്ടുകൾ എന്നിവ സ്റ്റാർട്ടിങ് പോയന്റ് മുതൽ ജവാൻ കടവ് വരെ പമ്പാനദിയിൽ പള്ളിയോടങ്ങൾക്ക് സുരക്ഷാ പ്രവർത്തനങ്ങൾ ഒരുക്കുന്നു. പള്ളിയോടങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് അനുസരിച്ചു ബോട്ടുകളുടെ എണ്ണത്തിൽ വർധനയുണ്ടാകും. പടിഞ്ഞാറ് നിന്നും തുഴഞ്ഞെത്തുന്ന പള്ളിയോടങ്ങൾക്ക് ആഞ്ഞിലിമൂട്ടിൽകടവ് പാലം കടക്കുന്നതിന് ബോട്ട് സഹായം നൽകുന്നുണ്ട്.
ദൂരസ്ഥലത്തുള്ള പള്ളിയോടങ്ങളെ ക്ഷേത്രക്കടവിൽ എത്തിക്കുന്നതിന് പ്രത്യേകം സൗകര്യം ഒരുക്കുന്നുണ്ട്. പള്ളിയോടത്തിലെ എല്ലാ തുഴച്ചിൽകാർക്കും രണ്ടുമാസക്കാലത്തേക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തി. ദേവസ്വം ബോർഡിന്റെ സഹായത്തോടെ പള്ളിയോട സേവാസംഘം നടത്തുന്ന വള്ളസദ്യയിൽ ഇത്തവണ 51 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. പള്ളിയോടകരകളെ സ്വീകരിക്കുന്നതിന് ക്ഷേത്രക്കടവിലേക്കുള്ള വടക്കേ ഗോപുരവഴിയാണ് ഉപയോഗിക്കുന്നത്.
പൊതുജനങ്ങൾക്കായി ഭഗവതി ക്ഷേത്ര നടവഴി ക്ഷേത്രക്കടവിലേക്ക് പ്രത്യേക വഴി സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് വിശ്രമിക്കാൻ ക്ഷേത്രത്തിന് വടക്ക് മുറ്റത്ത് വലിയ പന്തലും തയ്യാറാക്കിയിട്ടുണ്ട്. ആദ്യ ദിവസം 10 സദ്യകളാണ് നടന്നത്. കീഴ്‌ച്ചേരിമേൽ, തെക്കേമുറി, കോടിയാട്ടുകര, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, പൂവത്തൂർ പടിഞ്ഞാറ്, തെക്കേമുറികിഴക്ക്, മേലുകര, ഇടശ്ശേരിമല ചെറുകോൽ എന്നീ പള്ളിയോടങ്ങളാണ് സദ്യയിൽ പങ്കെടുത്തത്.
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ 500 സർവിസുകളിലായി പഞ്ചപാണ്ഡവ തീർഥയാത്ര സംഘം സദ്യയിൽ പങ്കെടുക്കുന്നുണ്ട്. എട്ട് ബസുകളിലായി 400ൽപരം ആളുകളാണ് ദിവസവും സദ്യയിൽ പങ്കെടുക്കുന്നത്. പാഞ്ചജന്യം ഓഡിറ്റോറിയം ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























