വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...

ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ വിവാദവും അധിക്ഷേപകരവുമായ പരാമർശം നടത്തിയ കേസിൽ സംഘപരിവാർ സഹയാത്രികൻ ടി. ജി. മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം വഞ്ചിയൂർ കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഞായറാഴ്ച മട്ടാഞ്ചേരിയിലെ വസതിയിൽ നിന്നാണ് വഞ്ചിയൂർ പോലീസ് സഹായത്തോടെ തിരുവനന്തപുരം സൈബർ പോലീസ് സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. മോഹൻദാസിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തിരുന്നു. തുടർന്നുനടന്ന ശാസ്ത്രീയ പരിശോധനയിലാണ് വിവാദ പരാമർശം അടങ്ങിയ വീഡിയോ ഫോണിൽ നിന്ന് കണ്ടെത്തിയത്. കലാപ ആഹ്വാനം ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്ടിലെയും ഗുരുതരമായ നാല് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
'പത്രിക' എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ടി. ജി. മോഹൻദാസ് അങ്ങേയറ്റം അക്രമം നിറഞ്ഞ പ്രസ്താവന നടത്തിയത്. ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കണമെന്നും, ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കുമെന്നുമായിരുന്നു പരാമർശം. കൂടാതെ സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികളെ മോശമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്മോൻ ഉൾപ്പെടെ നൽകിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ജൂലൈ 29-ന് പോലീസ് കേസെടുത്തത്. പൊതുസമൂഹത്തിൽ ലഹളയും ഭീതിയും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വീഡിയോകൾ നിർമ്മിച്ചതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ കോടതി കർശന ഉപാധികളോടെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















