ഉറ്റബന്ധുവിൽ നിന്നു മോശം പെരുമാറ്റം ; പിറന്ന് അധികം കഴിയും മുൻപേ വിവാഹബന്ധം വേർപെടുത്തി അമ്മയും അച്ഛനും; വിദേശത്തു പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയുമായി 2 വർഷം മുൻപ് അമ്മയുടെ പുനർവിവാഹം; അമ്മ പൂർണമായി തന്നിൽ നിന്ന് അകന്നതായി തോന്നൽ; കൊലയാളിയായ 13കാരി വളർന്നത് ഇങ്ങനെ

ഗൃഹനാഥനെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന സംഭവത്തിൽ പെൺകുട്ടിയുടെ ജീവിതത്തെ കുറിച്ചുള്ള നടുക്കുന്ന വിവരങ്ങൾ പുറത്ത്. 13 വയസ്സുകാരി നയിച്ചത് പ്രശ്നങ്ങൾ നിറഞ്ഞ ജീവിതമാണ് .
പ്രശ്നങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷമായിരുന്നു 13കാരിയുടേത്. വിദേശത്തു ജോലി ചെയ്തിരുന്ന അമ്മയുടെ അസാന്നിധ്യത്തിൽ ബന്ധുഗൃഹങ്ങളിൽ മാറി താമസിച്ചു . പലതവണ വീട്ടിൽനിന്ന് ഒളിച്ചോടി. മോശം കൂട്ടുകെട്ടുകളിൽ ചെന്ന് പെട്ടു .
ഉറ്റബന്ധുവിൽ നിന്നു മോശം പെരുമാറ്റം നേരിടുകയും ചെയ്തു ഈ 13 വയസ്സുകാരി. അമ്മയുടെ ആദ്യ വിവാഹത്തിലുള്ളതാണ് കുട്ടി. പിറന്ന് അധികം കഴിയും മുൻപേ വിവാഹബന്ധം വേർപെടുത്തി അമ്മ വിദേശത്തു ജോലിക്കു പോയി.
വിദേശത്തു പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയുമായി 2 വർഷം മുൻപ് അമ്മ പുനർവിവാഹം കഴിച്ചു. ഇതോടെ അമ്മ പൂർണമായി തന്നിൽ നിന്ന് അകന്നതായി തോന്നൽ കുട്ടിയ്ക്ക് ഉണ്ടായി. പരവൂരിൽ പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം ആലപ്പുഴയിലെ ചിൽഡ്രൻസ് ഹോമിലായിരുന്നു കുട്ടി വളർന്നത്.
വീട്ടിൽനിന്ന് അക്രമം നേരിടുന്നതായി ഒട്ടേറെ തവണ സ്കൂളിൽ കുട്ടി പറഞ്ഞിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഷെൽറ്റർ ഹോമിലേക്കു പോകാൻ താൽപര്യമില്ലാത്തതിനാൽ റിപ്പോർട്ട് ചെയ്യരുതെന്നും അപേക്ഷിച്ചിരുന്നു.
മുൻപ് ഒന്നിലേറെ തവണ വീട്ടിൽ നിന്നിറങ്ങിപ്പോയപ്പോൾ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തി . വീട്ടിൽനിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്നു പറഞ്ഞു കുട്ടി പ്രതികളായ കൗമാരക്കാരുടെ വീട്ടിൽ നിന്നു. പൊതുപ്രവർത്തകർ ഇടപെട്ട് തിരികെ എത്തിക്കുകയുമുണ്ടായി.
https://www.facebook.com/Malayalivartha
























