പ്രശസ്ത സിനിമാ നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു...

പ്രശസ്ത സിനിമാ നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് പുലർച്ചെ ഒന്നരയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. എൻ ജി ജോൺ എന്നാണ് ഔദ്യോഗിക നാമം. എന്നാൽ സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത് ജിയോ കുട്ടപ്പൻ എന്ന പേരിലാണ് .
ആദ്യകാല സിനിമാ നിർമാണ-വിതരണക്കമ്പനിയായ ജിയോ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. എഴുപതുകളിലെയും എൺപതുകളിലെയും ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു ജിയോ പിക്ചേഴ്സ്.
ജിയോ കുട്ടപ്പൻ നിർമിച്ച മിക്ക സിനിമകളും തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറി. ജിയോ കുട്ടപ്പൻ നിർമിച്ചവയിൽ ഏറെയും ഐ വി ശശി സിനിമകളാണ്. ഐ വി ശശിയുടെ ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈനാട്, ഇനിയെങ്കിലും, ഇത്രയും കാലം എന്നീ ചിത്രങ്ങൾ നിർമിച്ചു. ജെ. ശശികുമാറിന്റെ മിനിമോൾ, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത രജനീഗന്ധി, ഭദ്രന്റെ ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, സുകുമാരനും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തിയ മണിരത്‌നത്തിന്റെ മലയാള ചിത്രം ഉണരൂ തുടങ്ങി സിനിമകളുടെയും നിർമാതാവായിരുന്നു.
സംസ്കാരം വ്യാഴാഴ്ച ഇടപ്പള്ളി പൈപ്പ്ലൈൻ റോഡ് തോപ്പിൽ മേരി ക്യൂൻസ് പള്ളി സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ.
https://www.facebook.com/Malayalivartha
























