ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...

സി പി എം ജില്ലാ നേതാവും ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി. തിരുവനന്തപുരത്തെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണാഘോഷം നടത്തി വിവാദത്തിലായ ബിനുവിനെതിരെ സർക്കാർ കർശന നടപടികളുമായി മുന്നോട്ടു പോകുമ്പോൾ തന്നെ സഹായിക്കണം എന്ന് ആവശ്യം ബിനു പാർട്ടി നേതൃത്വത്തിന് മുമ്പിൽ സമർപ്പിച്ചിരുന്നു. എന്നാൽ ബിനുവിന്റെ പ്രവർത്തി പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കി എന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം. ജില്ലാ സെക്രട്ടറി വി ജോയ് ജില്ലാ നേതാക്കളായ എസ് പി ദീപക്, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ ബിനുവിന് അനുകൂലിച്ച് ഒരു പ്രസ്താവന പോലും ഇറക്കിയില്ല. ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം. തങ്ങളുടെ നിലപാട് അവർ സിപിഎം സംസ്ഥാന കമ്മിറ്റിയെയും അറിയിച്ചു.
ഇക്കഴിഞ്ഞ തദ്ദേശ ഇലക്ഷനിൽ കുന്നു കുഴി വാർഡിൽ നിന്നും മത്സരിച്ച ബിനുവിനെ തോൽപ്പിച്ചത് സി പി എം ആണെന്ന് ആക്ഷേപമുണ്ടായിരുന്നു. പാർട്ടിക്ക് അനഭിമതനായ ബിനീഷ് കോടിയേരിയുടെ വിശ്വസ്തനാണ് ഐ പി ബിനു. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കേസ് 16-ാം പ്രതിയുമായ ഐ.പി. ബിനു, ഒന്നാം പ്രതി നിഥിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യവ്യവസ്ഥകൾ പ്രതികൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണു നടപടി. ഹർജി ശനിയാഴ്ച തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്) പരിഗണിക്കും. ജാമ്യവ്യവസ്ഥകൾ ലംഘിക്കപ്പെട്ടു എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
വ്യവസ്ഥകളുടെ ഭാഗമായി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയ പ്രതികൾ, തുടർന്ന് അവിടെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തതാണ് പുതിയ വിവാദങ്ങൾക്ക് വഴിവച്ചത്. സ്റ്റേഷനിലെ ഊഞ്ഞാലാട്ടത്തിലും ചെണ്ടമേളത്തിലും പ്രതികൾ പങ്കാളികളായതോടെയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി കാണിച്ച് പൊലീസ് തന്നെ കോടതിയിൽ അപേക്ഷ നൽകിയത്. ഐ പി ബിനു സ്റ്റേഷനിൽ ഊഞ്ഞാലാടിയ ദൃശ്യങ്ങൾ പകർത്തിയത് സ്റ്റേഷനിലെ തന്നെ സിപിഎം പക്ഷക്കാരായ ഉദ്യോഗസ്ഥരാണ്. ഇവർ സിപിഎമ്മിന്റെ പോലീസ് സംഘടന വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ദൃശ്യങ്ങൾ ഷെയർ ചെയ്തിരുന്നു. ഷെയർ ചെയ്യപ്പെട്ട ദൃശ്യങ്ങൾ പാർട്ടി ബന്ധമുള്ളവരുടെ ഗ്രൂപ്പുകളിൽ മാത്രമായിരുന്നു എത്തിയത്. ഇതിൽനിന്നാണ് ദൃശ്യങ്ങൾ പുറത്തു പോയിട്ടുള്ളത്.
അതിനർത്ഥം ഐപി ബിനുവിന്റെ ഊഞ്ഞാലാട്ട ദൃശ്യങ്ങൾ പത്രങ്ങളിൽ വന്നതും ദൃശ്യമാധ്യമങ്ങളിൽ വന്നതും സിപിഎം ഗ്രൂപ്പിനുള്ളിൽ നിന്നു തന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല.സി പി എം തന്നെ ബിനുവിനെ കുരുതികൊടുത്തെന്ന് പറഞ്ഞാൽ മതി. 68 ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസിൽ ആകെ 26 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ മുന്നൂറോളം വരുന്ന സംഘം തടഞ്ഞുവച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്നാണ് കേസ്. ഐ.പി.ബിനു തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്ത് ഊഞ്ഞാലാടിയതിൽ പൊലീസിനു വീഴ്ച പറ്റിയെന്ന കമ്മിഷണറുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.. സ്റ്റേഷനിൽ ഒപ്പിട്ടശേഷം സമയത്ത് പറഞ്ഞു വിട്ടില്ലെന്നാണ് കണ്ടെത്തൽ. ദക്ഷിണമേഖലാ ഐജിക്ക് റിപ്പോർട്ട് നൽകി.
അദ്ദേഹം ഇത് ആഭ്യന്തര വകുപ്പിന് കൈമാറി.പൊലീസുകാരുടെ ഓണാഘോഷത്തിലാണ് ബിനു ഉൾപ്പെടെ ഇരുപതോളം പ്രതികൾ പങ്കെടുത്തത്. ഓണാഘോഷത്തിനായി ഒരേ നിറത്തിലുള്ള ഷർട്ടും മുണ്ടുമായിരുന്നു പൊലീസുകാരുടെ വേഷം. അതേ നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് ബിനുവും എത്തിയത്. നഗരത്തിലെ കടയിൽനിന്ന് പൊലീസുകാർ വസ്ത്രം വാങ്ങിയതിനൊപ്പം ബിനുവിനും കൂടി വാങ്ങിയെന്നാണു വിവരം. സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ ആണ് ബിനുവിനു വസ്ത്രം കൈമാറിയത്. ഇതേക്കുറിച്ചും അന്വേഷിക്കും.സ്റ്റേഷന്റെ ചുമതല വഹിക്കുന്ന ഇൻസ്പെക്ടറും സേനയിലെ ഇടതുസംഘടനാ നേതാവുമായ ആർ.പ്രശാന്തിന്റെ അറിവോടെയാണ് പ്രതികൾ ആഘോഷത്തിൽ പങ്കെടുത്തതെന്നാണു സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ.
ഇ.ഡി ആക്രമണക്കേസിൽ സർക്കാർ നിയോഗിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥനായ പ്രശാന്തിനെ കഴിഞ്ഞ ദിവസം തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു.ഇദ്ദേഹം സ്റ്റേഷന്റെ ചുമതല ഒഴിയാനിരിക്കെയായിരുന്നു ആഘോഷം. ബിനു വിവാദം വാർത്തയായ ഉടനെ പ്രശാന്ത് ചുമതല ഒഴിഞ്ഞു.എന്നാൽ പുതിയ വിവാദത്തിൽ സർക്കാർ പ്രശാന്തിനെ വെറുതെ വിടില്ലെന്നാണ് കണ്ടെത്തൽ. മ്യൂസിയം സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ഇ.ഡി ആക്രമണക്കേസിൽ ജയിലിലായിരുന്ന ബിനു ഉൾപ്പെടെയുള്ള പ്രതികൾ അടുത്തയിടെയാണ് ജാമ്യത്തിലിറങ്ങിയത്. എല്ലാ ശനിയാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടണമെന്നാണു ജാമ്യവ്യവസ്ഥ. രാവിലെ സ്റ്റേഷനിലെത്തി ഒപ്പിട്ട ശേഷമായിരുന്നു ആഘോഷം.പോലീസ് സ്റ്റേഷനിൽ പ്രതിക്ക് പ്രത്യേക പരിഗണനയാണ് ലഭിച്ചിരുന്നത്. നഗരമധ്യത്തിലെ പോലീസ് സ്റ്റേഷന് മുന്നിൽ പോലീസുകാർ നോക്കിനിൽക്കെയാണ് ബിനു ഓണാഘോഷത്തിന്റെ ഭാഗമായി ഊഞ്ഞാലാടിയത്.
മ്യൂസിയം സ്റ്റേഷന്റെ ചുമതല ഒഴിയാനിരിക്കെയായിരുന്നു ഓണാഘോഷം നടന്നത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ചും പ്രതിക്ക് സ്റ്റേഷനിൽ ലഭിച്ച പരിഗണനയെക്കുറിച്ചും കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ്.ഐ.പി. ബിനു അടക്കം ആറു പേര്‍ക്ക് കേരള ഹൈക്കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 68 ദിവസങ്ങളിലായി ഇവര്‍ ജയിലിലാണെന്ന വസ്തുതയും കേസന്വേഷണം അവസാന ഘട്ടത്തിലെത്തിയെന്നതും കണക്കിലെടുത്താണ് കോടതി നടപടി.ഐ.പി. ബിനുവിന് പുറമെ രേവന്ത്, ഉണ്ണികൃഷ്ണന്‍, ദിനകര്‍, ദിലീപ് നായര്‍, ഉണ്ണി ഡി.എസ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ ഷഹിന്‍, നിതിന്‍ രാജ് എന്നിവര്‍ക്കും കോടതി ജാമ്യം നല്‍കിയിരുന്നു. സര്‍ക്കാരിന്റെയും ഇ.ഡിയുടെയും കടുത്ത എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.
ഇതോടെ കേസില്‍ ജാമ്യം ലഭിച്ച പ്രതികളുടെ എണ്ണം 21 ആയി ഉയര്‍ന്നു.മെയ് 27-ന് തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ ഇ.ഡി സംഘം നടത്തിയ എട്ട് മണിക്കൂര്‍ നീണ്ട മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു ആക്രമണം നടന്നത്. അദ്ദേഹത്തിന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആര്‍.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായായിരുന്നു പരിശോധന.പരിശോധന കഴിഞ്ഞ് ഇ.ഡി ഉദ്യോഗസ്ഥര്‍ പുറത്തേക്ക് മടങ്ങിയ വാഹനങ്ങള്‍ വളഞ്ഞ സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലുകള്‍, ഇഷ്ടികകള്‍, മരക്കഷ്ണങ്ങള്‍ എന്നിവ ഉപയോഗിച്ച് വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. മെയ് 27-ന് കേസില്‍ ആകെ 25 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. സെഷന്‍സ് കോടതി രണ്ടുതവണ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
സംഭവസമയത്ത് വസതിക്ക് മുന്നിലും പരിസരത്തും ഉണ്ടായിരുന്ന മുഴുവന്‍ ഉയര്‍ന്ന സി.പി.എം നേതാക്കളെയും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇതിനായി നേതാക്കള്‍ക്ക് പോലീസിന്റെ നോട്ടീസ് അയച്ചു തുടങ്ങി. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ജോണ്‍ ബ്രിട്ടാസ് എം.പി, വി. ജോയ്, ബിനീഷ് കോടിയേരി അടക്കമുള്ള നേതാക്കളെയാണ് ചോദ്യം ചെയ്യുന്നത്.ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും നീളുകയാണ്. ആക്രമണം നടന്ന ദിവസം സംഭവസ്ഥലത്തുണ്ടായിരുന്ന ബിനീഷ് കോടിയേരിയുടെ ഫോണ്‍വിളി വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികളായ 25 പേരുമായി ബിനീഷ് അന്നേദിവസം ആശയവിനിമയം നടത്തിയിട്ടുണ്ടോയെന്നാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ച് വരുന്നത്.
പിണറായി വിജയന്റെ വീട്ടില്‍ ഇ.ഡി പരിശോധന നടന്ന ദിവസം ബിനീഷ് കോടിയേരി നേരിട്ടെത്തി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇയാള്‍ അക്രമത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും, ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ഉന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ആക്രമണത്തില്‍ പ്രതികളുടെ പങ്കും തെളിവുകളും ഇതിനോടകം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. കേസില്‍ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവന്‍ ഉന്നത നേതാക്കളുടെയും മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ നീക്കം.ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ രാഷ്ട്രീയ പകപോക്കലിന് വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് അന്ന് ആകെ രംഗത്തെത്തിയത് ഐ പി ബിനു മാത്രമാണ്.ഇതിൽ പിണറായി ഉൾപ്പെടെയുള്ളവർക്ക് വിരോധമുണ്ടായിരുന്നു.
അന്ന് തിരുവനന്തപുരം നഗരസഭ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു ഐ.പി.ബിനു. ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്രഏജന്‍സികളുടെ നെറികെട്ട കള്ളക്കളിയുടെ ഇരയാണ് ബിനീഷെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ബിനു പറയുന്നു.'ബിനീഷ് എട്ടാം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ എനിക്ക് നേരിട്ട് അറിയാം.എല്ലാ ആപത് ഘട്ടങ്ങളിലും കൂടെ നില്‍ക്കുന്ന അനുജന്‍,എല്ലാകാര്യങ്ങളിലും ഓടിയെത്തി മുന്നില്‍ നില്‍ക്കുന്ന സഖാവ്, അങ്ങനെ ഒരുപാടുണ്ട് ബിനീഷിനെ വിശേഷിപ്പിക്കാന്‍. ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല. ബിനീഷിനെ അപമാനിക്കാന്‍ കള്ളക്കഥകള്‍ ചമയ്ക്കുന്ന രാഷ്ട്രീയ എതിരാളികളും അതിന് കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും നുണ പറഞ്ഞ് എത്രകാലം ജനത്തെ വിഡ്ഢികളാക്കും. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം നുണ ബോംബുകള്‍ പൊട്ടിച്ച് കമ്മ്യൂണിസ്റ്റുകാരുടെ ആത്മവീര്യം തകര്‍ക്കാമെന്ന് ആരും കരുതണ്ട', ബിനു കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇതായിരുന്നു.
ഞങ്ങള്‍ സഖാക്കള്‍ ...
എല്ലാക്കാലത്തും ചേര്‍ത്ത് തന്നെ പിടിക്കും...
ബി ജെ പി യുടെ രാഷ്ട്രീയ താത്പര്യം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ നെറികെട്ട കള്ള കളിക്ക് ഇരയായി മാറിയ പ്രിയ സഖാവാണ് ബിനിഷ് (എന്റെ ഡിങ്കിരി)സി പി ഐ എം വിരുദ്ധ രാഷ്ട്രീയ മാധ്യമ സംഘത്തിന്റെ കുപ്രചരണങ്ങള്‍ കണ്ട് തള്ളി പറയാനോ മൗനം പൂണ്ടിരിക്കാനോ മനസ്സില്ല.അതിന്റെ പേരില്‍ നഷ്ടപെടുന്നത് എന്തായാലും പുല്ല് പോട്ടേന്ന് വയ്ക്കും...ബിനീഷ് എട്ടാം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ എനിക്ക് നേരിട്ട് അറിയാം.എല്ലാ ആപത് ഘട്ടങ്ങളിലും കൂടെ നില്‍ക്കുന്ന അനുജന്‍,എല്ലാകാര്യങ്ങളിലും ഓടിയെത്തി മുന്നില്‍ നില്‍ക്കുന്ന സഖാവ്, അങ്ങനെ ഒരുപാടുണ്ട് ബിനീഷിനെ വിശേഷിപ്പിക്കാന്‍. ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല. ബിനീഷിനെ അപമാനിക്കാന്‍ കള്ളക്കഥകള്‍ ചമയ്ക്കുന്ന രാഷ്ട്രീയ എതിരാളികളും അതിന് കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും നുണ പറഞ്ഞ് എത്രകാലം ജനത്തെ വിഡ്ഢികളാക്കും.
രാഷ്ട്രീയ പകപോക്കലിന് ബിനീഷിനെ വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ ഇത്തരം നുണ ബോംബുകള്‍ പൊട്ടിച്ച് കമ്മ്യൂണിസ്റ്റുകാരുടെ ആത്മവീര്യം തകര്‍ക്കാമെന്ന് ആരും കരുതുകയും വേണ്ട.ബിനീഷിന് ഐക്യദാര്‍ഢ്യവും അഭിവാദ്യങ്ങളും. പോസ്റ്റ് പുറത്തുവന്നയുടനെ ചില നേതാക്കൾ പോസ്റ്റ് പിൻവലിക്കാൻ ബിനുവിനോട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ അദ്ദേഹം തയ്യാറായില്ല.ഇതിൽ നിന്നും ബിനുവിനെ സി പി എം മാർക്ക് ചെയ്തു. അതിനു ശേഷം ബിനു സി പി എം കൗൺസിലറായില്ല. വെട്ടിനിരപ്പാക്കി തെരുവിലെ റിഞ്ഞു. ബിനുവിന്റെ പ്രവർത്തനങ്ങളെ എതിർക്കാൻ സി പി എം നേതാക്കൾക്ക് പ്രത്യേക കൗതുകം തന്നെയുണ്ടായിരുന്നു. അവർ തരം കിട്ടുമ്പോഴെല്ലാം ബിനുവിനെതിരെ കരുക്കൾ നീക്കി. എന്നിട്ടും കോടിയേരിയുടെയും പിണറായിയുടെയും വിശ്വസ്തനായി ബിനു തുടർന്നു. കോടിയേരി അന്തരിച്ചതോടെ ബിനീഷിന്റെയും കുടുംബത്തിന്റെയും വിശ്വസ്തനായി ബിനു മാറി.
കോടിയേരിയുടെ കുടുംബത്തിനൊപ്പം ബിനു നിൽക്കുന്നതിൽ സി പി എം നേതാക്കൾക്ക് വിരോധമുണ്ടായിരുന്നു. പിണറായിയുടെ വീട്ടിൽ സി പി എം നേതാക്കൾ നടത്തിയത് അതിരു കടന്ന നടപടിയാണ് എന്ന ധാരണയിലാണ് സി പി എം ഔദ്യോഗിക നേത്വത്വം. അതിനാൽ ബിനു അകത്തു കിടക്കുകയാണെങ്കിൽ കിടക്കട്ടെ എന്നാണ് സി പി എം നേതാക്കൾ പറയുന്നത്. തന്റെ വീട് ഇഡി റെയ്ഡ് ചെയ്യുന്നതറിഞ്ഞ് ബിനീഷ് കോടിയേരി വീടിന് മുന്നിലെത്തിയതിൽ പിണറായിക്ക് ചില സന്ദേഹങ്ങളുണ്ട്. .ബുധനാഴ്ച തുടങ്ങിയ സന്ദേഹം നടൻ ജോയ് മാത്യു സമൂഹമാധ്യമത്തിൽ കുറിപ്പിട്ടതോടെയാണ് ബലവത്തായത്. ഇതായിരുന്നു ആ കുറിപ്പ്. ‘ഇന്നലെ ബിനീഷ് കോടിയേരിയെയാണ് എനിക്ക് ഇഷ്ടമായത്. തന്നെ അറസ്റ്റ് ചെയ്ത ഇ.ഡി തന്റെ വീട് റെയ്ഡ് ചെയ്തപ്പോൾ വിദഗ്ധമായി കയ്യൊഴിഞ്ഞ വിജയന്റെ മകളുടെ കേസിൽ റെയ്ഡ് ചെയ്യാൻ വന്നവരെ ആക്രമിച്ചവരെ തടയാൻ കാണിച്ച ആ മനസ്സുണ്ടല്ലോ, അത് കാണാതെ പോകരുത്. ശരിയായ കോടിയേരി രക്തം. പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി. പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി.
നേതാവിന് വേണ്ടി ജീവൻ കൊടുക്കാൻ തയാറാകുന്ന അടിമകൾ ഇതും മറക്കരുത്.’വീണയുടെ കേസുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡിൽ പിബി അംഗം പിണറായി വിജയനു സിപിഎം പരിധിവിട്ട പ്രതിരോധം തീർത്തപ്പോൾ മറ്റൊരു പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനുൾപ്പെട്ട ഇ.ഡി കേസിലെ പാർട്ടി നിലപാട് വീണ്ടും ചർച്ചയാവുകയാണ്. 2020 ൽ ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ.ഡി മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു കോടിയേരി. ബിനീഷിനെതിരെ വ്യക്തിപരമായി ഉയർന്ന ആരോപണമാണെന്നും പാർട്ടിയെന്ന നിലയിൽ ആ പ്രശ്നത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു കോടിയേരിയുടെ നിലപാട്. അന്വേഷണ ഏജൻസിയുടെ കയ്യിൽ എന്തെല്ലാമുണ്ടെന്ന് അറിയാതെ അതു സംബന്ധിച്ച് ഒന്നും പറയാനാകില്ലെന്നും അന്വേഷണ ഏജൻസി ഇവിടെയെത്തിയത് അവരുടെ അന്വേഷണത്തിന്റെ ഭാഗമാണെന്നുമായിരുന്നു അന്നു മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ പ്രതികരണം. എന്നാൽ റെയ്ഡ് പിണറായിയുടെ മകളിലേക്ക്, വീട്ടിലേക്ക് എത്തിയതോടെ,
ഇതു വ്യക്തിക്കെതിരെയല്ല പാർട്ടിക്കെതിരെയുള്ള കടന്നാക്രമണം എന്ന നിലയിലേക്കു നിലപാടും പ്രതികരണവും മാറി. വീണയുടേതു നിയമപരമായ ബിസിനസ് ഇടപാടാണെന്നും ഇക്കാര്യത്തിൽ പിണറായിക്ക് ഒരു പങ്കുമില്ലെന്നും പാർട്ടി പ്രഖ്യാപിച്ചു. പിണറായി കൂടി താമസിക്കുന്ന വീട്ടിൽ വീണയ്ക്കെതിരെ ഇ.ഡി റെയ്ഡ് നടക്കുമ്പോൾ പ്രതിഷേധിച്ച സിപിഎം പ്രവർത്തകരുടെ മുൻനിരയിൽ ബിനീഷ് കോടിയേരിയുമുണ്ടായിരുന്നു എന്ന കൗതുകവുമുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിന്റെ പരിഹാസം നിറഞ്ഞ പ്രതികരണം.തന്റെ വീട്ടിൽ ഇഡി റെയ്ഡ് നടക്കുന്നുവെന്നറിഞ്ഞ് ബിനീഷ് എത്തിയത് തന്റെ നിസഹായത കണ്ട് സന്തോഷിക്കാനാണെന്ന് പിണറായി കരുതുന്നു. സിഎം ആർ എൽ ആരോപണം പി.സി, ജോർജിന്റെ മകൻ ഷോൺ ജോർജ് ഉന്നയിച്ച വേളയിൽ തന്നെ പിണറായി ബിനീഷിനെ നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു.
പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷിനെയും സുഹൃത്ത് ഷോൺ ജോർജിനെയുമാണ് നിരീക്ഷിച്ചത് . തൻ്റെ ഫോൺ ചോർത്തുന്നതായി ഷോൺ അന്ന് പ്രഖ്യാപിച്ചിരുന്നു. ഷോണിന്റെ ഉറ്റ ചങ്ങാതിയെന്ന നിലയിൽ ബിനീഷിൻ്റെ ഫോണും സർക്കാർ ചോർത്തുന്നുണ്ടാവാമെന്ന് ഷോൺ പറയാതെ പറഞ്ഞു. ചുരുക്കത്തിൽ ബിനീഷിന്റെ ബിനു അകത്തു കിടക്കുന്നതിലും പിണറായിക്ക് സന്തോഷമേയുള്ളു.
https://www.facebook.com/Malayalivartha
























