സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി അവസാനിക്കുന്നതോടെ ഒരു വലിയ വിഭാഗം, സി പി എം പ്രവർത്തകർ നിശബ്ദരാവുകയോ പാർട്ടി വിടുകയും ചെയ്യും... പാർട്ടി ഇതോടെ മാറും എന്ന് കരുതിയവർക്കും തെറ്റി..

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി അവസാനിക്കുന്നതോടെ ഒരു വലിയ വിഭാഗം സി പി എം പ്രവർത്തകർ നിശബ്ദരാവുകയോ പാർട്ടി വിടുകയും ചെയ്യും. സംസ്ഥാന സമിതി പ്രഹസനമായി മാറിയതിലുള്ള സങ്കടവും നിരാശയുമാണ് അവർ പ്രകടിപ്പിക്കുന്നത്. സംസ്ഥാന സമിതിയിൽ പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ കലാപമുണ്ടാകുമെന്നും തിരുത്തലുണ്ടാകുമെന്നും പ്രതീക്ഷിച്ചവർക്കാണ് തെറ്റിയത്. പാർട്ടി ഇതോടെ മാറും എന്ന് കരുതിയവർക്കും തെറ്റി. സി പി എം എന്ന മഹാ പ്രസ്ഥാനം രണ്ടു നേതാക്കളുടെ കുടുംബസ്വത്തായി മാറിയെന്നാണ് പ്രവർത്തകരുടെ പ്രധാന പരാതി.
പിണറായി വിജയനും എംവി ഗോവിന്ദനും അടക്കം പാർട്ടിയിലെ നേതൃനിരയെ ലക്ഷ്യമിട്ട് ഉയരാൻ സാധ്യതയുള്ള വിമർശനങ്ങൾക്ക് നേതൃത്വം തടയിട്ടതാണ് അണികളുടെ പ്രതിഷേധത്തിന് കാരണമായത്. വിശാല സംസ്ഥാന സമിതി യോഗത്തിലെ ചർച്ചയിൽ നിന്ന് സംസ്ഥാന സമിതി അംഗങ്ങളെ മാറ്റിനിർത്തിയാണ് ഈ തടയിടൽ.പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വർഗ്ഗ ബഹുജന സംഘടനാ പ്രതിനിധികളും മാത്രമാണ് പങ്കെടുക്കുന്നത്. സംസ്ഥാന സമിതി അംഗങ്ങളെ ഒഴിവാക്കിയതിലൂടെ നേതൃമാറ്റം ആവശ്യപ്പെടുന്ന ഭൂരിപക്ഷം നേതാക്കളും നിശബ്ദരാക്കപ്പെടും.
വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കുന്ന റിപ്പോർട്ട് നേരത്തെ നിലവിലെ സംസ്ഥാന സമിതി ചർച്ച ചെയ്‌ത് അംഗീകരിച്ചതാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സമിതി അംഗങ്ങളെ ചർച്ചയിൽ നിന്ന് മാറ്റിനിർത്തിയത്. സിപിഎമ്മിൽ ഒരിക്കൽ അംഗീകരിച്ച റിപ്പോർട്ട് അതേ കമ്മിറ്റിയിൽ വീണ്ടും ചർച്ച ചെയ്യാറില്ല. ഈ പതിവ് മുൻനിർത്തിയാണ് നിയന്ത്രണം.ചർച്ചയിലെ നിയന്ത്രണത്തിൽ പാർട്ടിക്കത്ത് കടുത്ത അതൃപ്തി പുകയുന്നുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റ് തയ്യാറാക്കിയ റിപ്പോർട്ട് വിശാല സംസ്ഥാന സമിതിയിൽ നേരിട്ട് കൊണ്ടുവന്നാൽ മതിയായിരുന്നെന്ന് നേതാക്കളിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇഡി നീക്കത്തിൽ സിപിഎമ്മിൽ നേതാക്കൾ ഒറ്റക്കെട്ടാണ്.
പിണറായി വിജയനെ ലക്ഷ്യം വച്ചുള്ള മാസപ്പടി കേസിലെ ഇഡി നീക്കം പാർട്ടിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് നിലപാട്. സംഘപരിപരിവാറിൻ്റെ ആസൂത്രിത നീക്കമെന്നാണ് നേതാക്കളുടെയിടയിലെ പൊതുവികാരം. അന്വേഷണ ഏജൻസികളെ മുൻനിർത്തിയുള്ള രാഷ്ട്രീയ നീക്കത്തിനെതിരെ കടുത്ത വിമർശനത്തിന് വിശാല സംസ്ഥാന സമിതി യോഗത്തിൽ സാധ്യതയുണ്ട്. പിണറായിക്കെതിരെ സംസാരിക്കാൻ എം. എ ബേബി അടക്കമുള്ള നേതാക്കൾക്ക് ധൈര്യമില്ല എന്നതാണ് സത്യം. പണ്ട് ലാവ്ലിൻ കേസ് വന്നപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. അന്ന് വി എസ് അച്യുതാനന്ദൻ മാത്രമാണ് പിണറായിക്കെതിരെ ചെറുവിരലെങ്കിലും അനക്കിയിരുന്നത്.
എന്നാൽ കാലാന്തരത്തിൽ വി എസും ഒറ്റപ്പെട്ടു, പിണറായി പാർട്ടി കൈപ്പിടിയിലാക്കി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് സിപിഎമ്മിനെ മുന്നോട്ടു നയിക്കാനുള്ള ചർച്ചകളും തീരുമാനങ്ങളുമാണ് വിശാല സംസ്ഥാന സമിതി യോഗത്തിൽ ഉണ്ടാകുക. കൃത്യമായ ഇടവേളകളിൽ സിപിഎമ്മിൽ ബ്രാഞ്ച് മുതൽ പാർട്ടി കോൺഗ്രസ് വരെ നീളുന്ന സമ്മേളനങ്ങളിൽ നിന്ന് ഭിന്നമായാണ് വിശാല സംസ്ഥാന സമിതി ചേരുന്നത്.സിപിഎമ്മിന്റെ ചരിത്രത്തിൽ തന്നെ അപൂർവമാണ് ഇത്തരത്തിൽ ഉള്ള വിശാല സംസ്ഥാന സമിതി യോഗം. സാധാരണയായി തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം സംബന്ധിച്ച വിലയിരുത്തൽ സംസ്ഥാന സമിതി തയാറാക്കിയ ശേഷം
അതിൽ കീഴ്ഘടകങ്ങൾ ചർച്ച നടത്തുന്ന രീതിയാണ് പിന്തുടരുന്നത്. ഇതിനു പകരമായി വിവിധ കീഴ്ഘടകങ്ങളിൽ നിന്നുളള അഭിപ്രായം സ്വരൂപിച്ച് അതിൽ നിന്ന് പാർട്ടിയുടെ പ്രകടനവും തുടർനടപടികളും തീരുമാനിക്കുന്ന രീതിയാണ് ഇത്തവണത്തേത്. വിശാല സംസ്ഥാന സമിതിക്കു ശേഷം ജില്ലകൾ തോറും രണ്ടു ദിവസത്തെ വിശാല ജില്ലാ സമിതി യോഗം ചേർന്ന് നടപടികൾ തീരുമാനം കീഴ്ഘടകങ്ങളെ അറിയിക്കും. ജില്ലാ സമിതികൾക്ക് ശേഷം ഏരിയ, ലോക്കൽ, ബ്രാഞ്ച് തലങ്ങളിലേക്കും വിശാല സമിതി കൈക്കൊണ്ട തീരുമാനങ്ങൾ പങ്കുവയ്ക്കും.സംസ്ഥാന സമിതി യോഗങ്ങളിൽ സംസ്ഥാന സമിതിയിൽ നിലവിലുളള 87 അംഗങ്ങളും അതിനു മുകളിൽ ചുമതലയുളളവരുമാണ് പൊതുവേ പങ്കെടുക്കാറുള്ളത്.
എന്നാൽ വിശാല സംസ്ഥാന സമിതിയിൽ സംസ്ഥാന സമിതി അംഗങ്ങൾക്കൊപ്പം 14 ജില്ലകളിൽ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റി, പിബി എന്നിവയിലെ അംഗങ്ങൾ തുടങ്ങിയവരും പങ്കെടുക്കും. എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിഐടിയു, മഹിളാ അസോസിയേഷൻ തുടങ്ങി വർഗ ബഹുജന സംഘടനകളുടെ പ്രധാന ഭാരവാഹികളും ഉൾപ്പെടെ 307 പേരാണ് വിശാല സംസ്ഥാന സമിതി യോഗത്തിൽ ഉണ്ടാകുക. വർഗ ബഹുജന സംഘടനകളിലെ പ്രധാന നേതാക്കൾ കൂടിയാകുമ്പോൾ ഈ സംഖ്യ 350 വരെ ഉയരാൻ ഇടയുണ്ടെന്നും ചില സിപിഎം വൃത്തങ്ങൾ പറയുന്നു.1937 ൽ സിപിഎമ്മിന്റെ ആദ്യ സെൽ രൂപീകരിച്ച കോഴിക്കോടാണ് പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങളുടെ ദിശ തീരുമാനിക്കുമെന്നു
കരുതുന്ന വിശാല സംസ്ഥാന സമിതി യോഗവും നടക്കുന്നത്. 2012 ൽ പാർട്ടി കോൺഗ്രസിന് വേദി ആയതിനു ശേഷം പൊളിറ്റ് ബ്യൂറോ അംഗങ്ങൾ ഉൾപ്പെടെ തലമുതിർന്ന നേതാക്കൾ ഒന്നിച്ച് അണിനിരക്കുന്ന ആദ്യ വേദിക്കു കൂടിയാണ് വരുന്ന മൂന്നു ദിവസം കോഴിക്കോട് വേദിയാകുക.കേരളത്തിൽ നിന്നുളള പിബി അംഗങ്ങളായ എം.എ.ബേബി, പിണറായി വിജയൻ, എം.വി.ഗോവിന്ദൻ, എ.വിജയരാഘവൻ എന്നിവർക്കു പുറമേ കെ.ബാലകൃഷ്ണൻ, ബി.വി.രാഘവുലു, അശോക് ധാവ്ളെ, വിജു കൃഷ്ണൻ, യു.വാസുകി എന്നീ അഞ്ച് പിബി അംഗങ്ങൾ കൂടി കോഴിക്കോട്ടെ വിശാല സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കും.പുതിയ കാലത്തിന് അനുസരിച്ച് പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനാണ് വിശാല സംസ്ഥാന സമിതി യോഗം പ്രധാനമായും ഊന്നൽ നൽകുകയെന്ന്
സിപിഎം നേതാക്കൾ ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. വിശാല സമിതിയിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിന് സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ചർച്ചകളിലൂടെ രൂപം നൽകിയിട്ടുണ്ട്.തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുളള നാലു മാസം ബ്രാഞ്ച് തലത്തിൽ നടത്തിയ വിവിധ ചർച്ചകളിലും വർഗബഹുജന സംഘടനകളിൽ നിന്നും ജനങ്ങളിൽ നിന്നും ലഭിച്ച 20,200 ൽ ഏറെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചാണ് ഈ മാസം 7,8 തീയതികളിൽ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിശാല സംസ്ഥാന സമിതി യോഗത്തിൽ അവതരിപ്പിക്കേണ്ട അന്തിമ റിപ്പോർട്ട് തയാറാക്കിയത്. ജനാഭിപ്രായം തേടുന്നതിനായി പ്രത്യേക വാട്സാപ് നമ്പരും ഇ–മെയിലും തയാറാക്കിയിരുന്നു.
വിശാല സംസ്ഥാന സമിതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 271 ലോക്കൽ കമ്മിറ്റികളിൽ സംഘടിപ്പിച്ച കുടുംബ സംഗമങ്ങൾ പൂർത്തിയായിരുന്നു. ജില്ലയിലെ 52,000 ൽ ഏറെ വരുന്ന പാർട്ടി അംഗങ്ങളിൽ നിന്ന് 100 രൂപയിൽ കുറയാത്ത തുക വീതം സമാഹരിച്ചാണ് വിശാല സംസ്ഥാന സമിതി നടത്തിപ്പിനുള്ള തുക കണ്ടെത്തിയതെന്ന് ജില്ലാ നേതാക്കൾ പറഞ്ഞു.മൂന്നു ദിവസത്തെ സി.പി.എം വിശാല സംസ്ഥാന കമ്മറ്റിക്കായി കോഴിക്കോട് ഒരുങ്ങവെ, പിണറായി -ഗോവിന്ദൻ സമവാക്യം മാറുമോ എന്നതാണ് അണികളിൽ നിന്നുയരുന്ന ചോദ്യം.ബംഗാളിനും ത്രിപുരയ്ക്കും ശേഷം നടക്കുന്ന മൂന്നാമത്തെ സി.പി.എം വിപുലീകൃത സംസ്ഥാന സമിതിയാണിത്.
നിലവിലെ പാർട്ടി സംവിധാനം പോറലില്ലാതെ സംരക്ഷിക്കുകയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ലക്ഷ്യമിടുന്നത്.എന്നാൽ,, നിരീക്ഷകരായെത്തുന്ന പി.ബി.അംഗങ്ങളായ കെ.ബാലകൃഷ്ണൻ, ബി.വി.രാഘവലു, അശോക് ധാവ്ള, വിജുകൃഷ്ണൻ എന്നിവരുടെ നിലപാടുകൾ നിർണായകമാവും. തിരഞ്ഞെടുപ്പ് പരാജയത്തിൽ വിമർശന വിധേയമായത് പിണറായിയുടെ ശൈലിയാണെങ്കിലും , സി.പി.എം സംസ്ഥാന കമ്മിറ്റി കണ്ടെത്തിയതിൽ പ്രധാനം സംഘടനാ ദൗർബല്യമാണ്. തിരഞ്ഞെടുപ്പ് സമയത്ത് പോലും പ്രവർത്തകർ നിസംഗരായി മാറിയെന്ന വിമർശനമാണ് ഉയർന്നത്.
ഗൃഹ സന്ദർശനം പോലും പരാജയപ്പെട്ടു.,കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലെ ' തകർച്ചയുടെ സംഘടനാപരമായ കാരണങ്ങൾ' ഉയർത്തി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുകയാണ് എതിർ ചേരിയുടെ ലക്ഷ്യം.ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നതിനപ്പുറത്ത് താത്വിക അവലോകനങ്ങളിൽ പാർട്ടി സെക്രട്ടറി മുങ്ങിപ്പോയെന്നും ,കേവലം പിണറായിയുടെ നിഴലായി ചുരുങ്ങിപ്പോയതാണ് ഇത്രയും വലിയ തോൽവിയിലേക്ക് പാർട്ടിയെ എത്തിച്ചതെന്നുമുള്ള വിമർശനം ശക്തമാണ്. തിരഞ്ഞെടുപ്പ് തോൽവിയിൽ പല വട്ടം പി.ബി.മുതൽ സംസ്ഥാന കമ്മറ്റിയിൽ വരെ ചർച്ച നടന്നിരുന്നു വിശാല സംസ്ഥാന സമിതിയിലെ 'ചവിട്ടി ഉഴിച്ചിലിൽ 'എന്തെങ്കിലും മാറ്റം സംഭവിക്കണമെന്നാണ് ഭൂരിഭാഗം പാർട്ടി അണികളുടെയും ആഗ്രഹം. എന്നാൽ അതുണ്ടാവില്ലെന്ന് അണികൾക്ക് ഉറപ്പായി.
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയമടക്കം സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിൽ സമഗ്ര തിരുത്തൽ സി.പി.എം സംസ്ഥാന കമ്മിറ്റി വരുത്തിയിരുന്നു. സമീപകാലത്ത് സെക്രട്ടേറിയറ്റ് തയാറാക്കുന്ന റിപ്പോർട്ടിൽ ഇത്രയധികം തിരുത്തലുകൾ സംസ്ഥാന കമ്മിറ്റി വരുത്തുന്നത് ആദ്യമായാണ്. സ്ഥാനാർഥിനിർണയത്തിൽ വലിയവീഴ്ചയില്ലെന്നായിരുന്നു സെക്രട്ടേറിയറ്റ് അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. ഇതോടെയാണ് തളിപ്പറമ്പിലും പയ്യന്നൂരിലും വീഴ്ച സംഭവിച്ചെന്ന സ്വയം വിമർശനത്തിന് പാർട്ടി തയാറായത്.
പയ്യന്നൂരിന്റെ കാര്യത്തിൽ കുറെക്കൂടി ആഴത്തിലുള്ള പരിശോധന നടത്തണമെന്ന നിർദേശവുമുണ്ടായി. സ്ഥാനാർഥി നിർണയത്തിൽ മാത്രമല്ല വിഭാഗീയ പ്രശ്നങ്ങളും അവിടെ രൂപപ്പെട്ടു. പരാജയത്തിന് കാരണമായ വീഴ്ചകൾ ഏറ്റുപറയുമ്പോഴും പിണറായി വിജയനിലേക്കും എം.വി. ഗോവിന്ദനിലേക്കും ആരോപണങ്ങൾ എത്താതിരിക്കാനുള്ള കരുതലും സെക്രട്ടേറിയറ്റിൽ നിന്നുണ്ടായി. ഇക്കാര്യത്തിലും സംസ്ഥാന കമ്മറ്റിയിൽ വിമർശനമുണ്ടായി. അതേസമയം ഇത് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശങ്ങൾ സംബന്ധിച്ച സെക്രട്ടേറിയറ്റിന്റെ അവലോകന റിപ്പോർട്ടിൽ വേണ്ടത്ര മൂർച്ചയില്ലെന്നും സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.
സംസ്ഥാന സെക്രട്ടറിയുടെ പ്രവർത്തനരീതിയെയും വാർത്തസമ്മേളനങ്ങളിലെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും നിരവധി നേതാക്കൾ വിമർശിച്ചു. വിമർശനം അംഗീകരിച്ച ഗോവിന്ദൻ തന്റെ പ്രവർത്തന ശൈലിയിൽ മാറ്റംവരുത്തുമെന്ന് വ്യക്തമാക്കി.സിപിഎമ്മിന്റെ തലസ്ഥാനമായ കണ്ണൂരിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളും പ്രവർത്തകരും ചേരിതിരിഞ്ഞ് യുദ്ധം ചെയ്യുകയാണ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ജ്യോതിഷി പയ്യന്നൂർ മാധവ പൊതുവാളിനെ കണ്ടതിന്റെ വീഡിയോ ദ്യശ്യങ്ങൾ വരെ പുറത്തുവിട്ടത് സി പി എം പ്രവർത്തകരാണ്.കഴിഞ്ഞ തിരഞ്ഞടുപ്പിൽ കണ്ണൂരിൽ നിന്നാണ് സി.പി.എമ്മിന്റെ കുഴി ആദ്യം തോണ്ടിയെന്ന് വ്യക്തം.
പാർട്ടിക്കാർ വിവരം ചോർത്തിയെന്ന് ജ്യോത്സ്യന് തന്നെ പറയേണ്ടിയും വന്നു. ഇ പി ജയരാജൻ, പി. ജയരാജൻ തുടങ്ങിയ നേതാക്കൾ നേരിട്ട് സി പിഎമ്മിന്റെ ഇപ്പോഴത്തെ നേതൃത്വത്തിനെതിരെ വാളെടുത്തിരിക്കുകയാണ്. ഇ.പി. ജയരാജന് പയ്യന്നൂർ പൊതുവാളുമായി അടുത്ത ബന്ധമുണ്ട്. ഇ പിയും അദ്ദേഹത്തെ കാണാൻ വീട്ടിൽ ചെല്ലാറുണ്ടെന്നാണ് വിവരം. എന്നാൽ പിണറായിയും ഗോവിന്ദനും പോകുന്നതാണ് ചർച്ചയാവുന്നത്. പൊതുവാൾ രാഷ്ട്രീയ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നു എന്നാണ് മറ്റൊരു ആരോപണം. ഇത് അദ്ദേഹം നിഷേധിക്കുന്നു. എന്നിട്ടും സി പി എം പ്രവർത്തകർ ആവർത്തിക്കുന്നു. കാരണം അവരുടെ കൈയിൽ തെളിവുണ്ട്.
വീഡിയോദൃശ്യങ്ങൾ കണ്ടാൽ കള്ളമെന്ന് ആരും പറയില്ല. ഇ.പി ജയരാജനും പി. ജയരാജനും എം വി ഗോവിന്ദനും പിണറായിക്കും എതിരാണ്.ഇവരെ പിണക്കിയതാണ് പിണറായിക്കും മാഷിനും വിനയായത്. ഇവർക്ക് കണ്ണൂരിൽ ആരാധകവ്യന്ദമുണ്ട്. പി ജയരാജനാണ് സി പി എമ്മിലെ ശരി എന്ന് കണ്ണൂരിലെ പ്രവർത്തകർ വിശ്വസിക്കുന്നു. ഇതു തന്നെയാണ് പിണറായിയുടെ വെല്ലുവിളി.സി.പി. എം സംസ്ഥാന കമ്മറ്റി യോഗത്തിൽ ഗോവിന്ദനെതിരെ ആരോപണം ഉന്നയിച്ചത് കണ്ണൂരിലെ നേതാക്കളാണ്. എല്ലാത്തിനും കാരണം ഗോവിന്ദന് കൈവന്നസെക്രട്ടറി പദവിയാണ് . ഗോവിന്ദനാകട്ടെ ഭാവി മുഖ്യമന്ത്രിയാവാൻ വരെ താത്പര്യമുണ്ട്. എം.വി. ഗോവിന്ദനും കുടുംബവും വീട്ടിലെത്തി തന്നെ സന്ദർശിച്ചിരുന്നുവെന്ന് മാധവ പൊതുവാൾ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.
എം.വി. ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അസുഖ വിവരമറിഞ്ഞാണ് കുടുംബ സമേതം എത്തിയതെന്നും മാധവ പൊതുവാൾ വ്യക്തമാക്കി. മുഹൂർത്തമോ സമയമോ ഒന്നും എം.വി. ഗോവിന്ദൻ ചോദിച്ചിട്ടില്ല. സ്നേഹ ബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എം വി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ പറ്റില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. അദാനിയും വന്നു കണ്ടിരുന്നു. അമിത്ഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ പറഞ്ഞു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്നും കെ. കെ രാകേഷ് വെയിലത്ത് നിന്നു, രാകേഷിന്റെ അവസ്ഥ പ്രയാസകരമാണെന്ന് കണ്ണൂരിലെ പ്രവർത്തകർ തന്നെ പറയുന്നു. പിണറായി വിജയന്റെ മകളുടെ സമ്പാദ്യം തേടി ഇഡി എത്തിയപ്പോൾ അവിടെ ആദ്യം എത്തിയത് രാകേഷാണ്. ഇതും സാധാരണ പ്രവർത്തകരിൽ ഈർഷ്യയുണ്ടായി. പിണറായിയുടെ മകളെ രക്ഷിക്കാൻ ജില്ലാ സെക്രടറിക്ക് എന്താണ് കാര്യമെന്ന പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് കെ കെ രാകേഷിന് മറുപടിയില്ല. സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് പ്രവർത്തകരുടെ ഒഴുക്കുണ്ടെന്ന വിവരം എകെജി സെന്ററിന്റെ പ്രമുഖ നേതാക്കൾക്ക് അറിയാം
എന്നാൽ സിപിഎമ്മിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് തീർക്കാനാണ് പാർട്ടിയുടെ ശ്രമം. വിശാല സംസ്ഥാന സമിതിയിലെങ്കിലും ഇതിൽ മാറ്റമുണ്ടാകുകുമെന്ന് കരുതിയെങ്കിലും തെറ്റി. കണ്ണൂരിൽ പാർട്ടി തകർന്നാൽ കേരളത്തിൽ തകർന്നു എന്നാണ് അർത്ഥം. അതുകൊണ്ട് കൂടിയാണ് പിണറായി ആത്മവിശ്വാസത്തോടെ കണ്ണൂരിലെ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നത്. താൻ തളർന്നതായി പ്രവർത്തകർ മനസിലാക്കിയാൽ തന്റെ നാളുകൾ എണ്ണപ്പെടുമെന്ന് പിണറായി മനസിലാക്കുന്നു. ഏതായാലും പ്രവർത്തകർ പാർട്ടി വിടുമെന്ന കാര്യം കോഴിക്കോട് സമ്മേളനം തുടങ്ങി മണിക്കൂറുകൾ കഴിയുമ്പോൾ തന്നെ ബേബി മനസിലാക്കിയിരിക്കുന്നു. പക്ഷേ ഇക്കാര്യത്തിൽ ബേബിക്ക് ശക്തമായ നിലപാട് എടുക്കാൻ കഴിയിയുന്നില്ലെന്ന് മാത്രം.
https://www.facebook.com/Malayalivartha


























