ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ

ഒൻപത് രാത്രിയും പത്ത് പകലും നീണ്ടുനിൽക്കുന്നതാണ് നവരാത്രി ഉത്സവം. ധർമ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റേയും സന്ദേശമാണ് ഈ ഉൽസവത്തിലൂടെ നമുക്ക് നൽകുക. മഹിഷാസുരൻ, ചണ്ഡാസുരൻ, രക്തബീജൻ, ശുഭനിശുംഭന്മാർ, ധൂമ്രലോചനൻ, മുണ്ഡാസുരൻ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതിൽ നേടിയ വിജയവുമാണ് നവരാത്രി ആഘോഷത്തിന് കാരണമായി പറയുന്നത്.
കേരളത്തിൽ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നൽകുന്നു. വിജയദശമി ദിവസം വിദ്യാരംഭം തുടങ്ങുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു. കൊല്ലൂർ മൂകാംബികയിലെ നവരാത്രി,വിജയദശമി ആഘോഷങ്ങൾ, മൈസൂരിലെ ദസ്സറ ആഘോഷങ്ങൾ എന്നിവയും പേരുകേട്ടതാണ്. ഗുജറാത്തിലും പശ്ചിമഭാരതത്തിലും നവരാത്രി ആഘോഷങ്ങൾക്കൊപ്പം ഡാൻഡിയ നൃത്തവും നടത്തിവരുന്നു. വടക്കെ ഇന്ത്യയിൽ ഹിമാചലിലെ കുളു ദസ്സറ, മൈസൂർ ദസ്സറ പോലെ പേരു കേട്ടതാണ്. വടക്കെ ഇന്ത്യയിൽ രാംലീലക്കാണ് ഈ ആഘോഷങ്ങളിൽ പ്രാധാന്യം.
എന്നാൽ കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിൽ ഇത് ദുർഗ്ഗാ പൂജയായിട്ടാണ് ആഘോഷിക്കുന്നത്. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുർഗ്ഗാദേവിയുടെ വലിയ രൂപങ്ങൾ കെട്ടിയൊരുക്കുന്നു.
വിജയദശമി ദിവസം പൂജ കഴിഞ്ഞതിനുശേഷം ഉച്ചയോടെ ഈ വിഗ്രഹങ്ങളെ ഘോഷയാത്രയായി അടുത്തുള്ള നദികളിലോ, സമുദ്രത്തിലോ, കുളത്തിലോ നിമജ്ഞനം ചെയ്യുന്നു. നവരാത്രിയുടെ ഒന്നാമത്തെ ദിവസം ആയുധപൂജാ ദിനമായും സരസ്വതി പൂജാ ദിനമായും ആചരിക്കുന്നു. പഞ്ചപാണ്ഡവർ വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെ പൊത്തിൽ ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വർഷത്തെ വനവാസത്തിൽ സംരക്ഷണമരുളിയത് ഈ വന്നിമരമായിരുന്നു.
പാണ്ഡവർ തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുർഗ്ഗാദേവിയോട് പ്രാർത്ഥിച്ചിരുന്നു. അവർക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു. വനവാസം പൂർത്തിയായപ്പോൾ മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടിൽവച്ച് പൂജിച്ചു. വനദുർഗ്ഗയായും തിന്മകളെ അടക്കി നന്മകൾക്ക് വിജയമേകുന്നവളായും മനസ്സിൽ കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളിൽ ആയുധങ്ങൾ തിരിച്ചെടുത്തു. അവർ നവരാത്രി ദിവസം ആയുധങ്ങൾ വച്ച് പൂജിച്ചതിനാൽ ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി.
നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുർഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുകയും ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























