പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിഭൂമിയെയും ഒഴിവാക്കണം... ഇന്ന് മലയോര മേഖലകളിൽ ഹർത്താൽ..

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിഭൂമിയെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ സംയുക്ത കർഷക സമരസമിതി ഇന്ന് മലയോര മേഖലകളിൽ ഹർത്താൽ ആചരിക്കുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 15 വില്ലേജുകളിലാണ് ഹർത്താൽ. കർഷകസംഘം, ആദിവാസി ക്ഷേമ സമിതി എന്നിവരുടെ നേതൃത്വത്തിലാണ് രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ ഹർത്താൽ ആചരിക്കുന്നത്. വ്യാപാര- വ്യവസായ സ്ഥാപനങ്ങൾ അടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും കർഷകരുടെയും മലയോര ജനതയുടെയും അതിജീവന സമരത്തോട് സഹകരിക്കണമെന്ന് ഇടതുപക്ഷ സംയുക്ത കർഷക സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
പാൽ, പത്രം, ആശുപത്രി, വിവാഹം, ആംബുലൻസ് തുടങ്ങിയ അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. കൊല്ലത്തുനിന്ന് ചെങ്കോട്ട വഴി തമിഴ്നാട്ടിലേക്ക് പോകുന്ന അന്തർസംസ്ഥാന ബസ് സർവീസുകളെയും തിരുവനന്തപുരത്തു നിന്ന് അലിമുക്ക് വഴി കടന്നുപോകുന്ന അന്തർ ജില്ലാ ബസ് സർവീസുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കി.
കഴിഞ്ഞ 27നാണ് കേന്ദ്ര സർക്കാർ ഏഴാമത് കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. കൊല്ലം ജില്ലയിൽ പിറവന്തൂർ, പുന്നല, ആര്യങ്കാവ്, തെന്മല, കുളത്തുപ്പുഴ, തിങ്കൾകരിക്കം, ചണ്ണപ്പേട്ട, ഇടമൺ വില്ലേജുകളാണ് ഇഎസ്എ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ വിതുര, പെരിങ്ങമല , അമ്പൂരി, കള്ളിക്കാട്, കുറ്റിച്ചൽ, വില്ലേജുകളും ഉൾപ്പെടുന്നുണ്ട്.
"
https://www.facebook.com/Malayalivartha


























