സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്ന വിഷയം സർക്കാർ പരിഗണനയിൽ....

സ്കൂൾ വിദ്യാർഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കുന്ന വിഷയം സർക്കാർ പരിഗണനയിൽ. കനം കുറഞ്ഞ പേപ്പറുകൾ ഉപയോഗിച്ച് പാഠപുസ്തകം പ്രിന്റ് ചെയ്യുന്നതാലോചിക്കുന്നുണ്ടെന്നും ടേം വ്യവസ്ഥയിൽ പുസ്തകങ്ങൾ വേർതിരിക്കാനുദ്ദേശിക്കുന്നുണ്ടെന്നും മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ പറഞ്ഞു.
മാസാടിസ്ഥാനത്തിലോ അർദ്ധവാർഷികാടിസ്ഥാനത്തിലോ ഉള്ള പാഠഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി പാഠപുസ്തകം തയ്യാറാക്കുന്നത് സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനായി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂർ ഏറിയാട് ജി.കെ. വി.എച്ച്.എസ്.എസിലെ സ്കൂൾ ലീഡർ മുംതസീർ കൈപമംഗലം എം.എൽ.എ. കെ.കെ. വത്സരാജിന് നൽകിയ നിവേദനമാണ് റൂൾ 113 പ്രകാരം നിയമസഭയിൽ ചർച്ചയായത്. ഈ വിഷയത്തിൽ ചർച്ച നടത്താൻ നവംബർ 24ന് യോഗം വിളിച്ചുച്ചേർക്കുമെന്ന് മന്ത്രി സഭയിൽ വ്യക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ സർക്കാരിന്റെ കാലത്തും വിദ്യാഭ്യാസ മന്ത്രി സ്കൂൾ ബാഗിന്റെ കനം കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടിക്ക് 1.60 കിലോ മുതൽ 2.20 വരെ കിലോ ഭാരവും പത്താം ക്ലാസ്സിലെ കുട്ടിക്ക് ബാഗിന്റെ ഭാരം പരമാവധി നാലര കിലോ വരെയും പരിമിതപ്പെടുത്താനായിരുന്നു അന്നാലോചിച്ചത്.
കൂടാതെ ബാഗ് രഹിത ദിനങ്ങളും അന്ന് പരിഗണനയിലുണ്ടായിരുന്നു. ദേശീയ സ്കൂൾ ബാഗ് നയമനുസരിച്ച് കുട്ടിയുടെ ഭാരത്തിന്റെ പത്ത് ശതമാനത്തിലധികം ഭാരം സ്കൂൾ ബാഗിനുണ്ടാകരുത്. ഇതൊക്കെ പരിഗണിച്ച് അന്ന് ചർച്ചകൾ നടന്നെങ്കിലും പ്രായോഗികമാക്കാൻ കഴിഞ്ഞിരുന്നില്ല.
അതേസമയം സ്കൂൾ കുട്ടികൾ ചുമക്കുന്ന ബാഗുകളുടെ അമിതഭാരം കുറയ്ക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക മാർഗ്ഗനിർദ്ദേശമാണ് ദേശീയ സ്കൂൾ ബാഗ് നയം. ശാരീരികാരോഗ്യവും മാനസികാരോഗ്യവും ഉറപ്പാക്കാനാണ് ഈ നയം ലക്ഷ്യമിടുന്നത്. എൻ.സി.ഇ.ആർ.ടിയുടെ ശുപാർശ പ്രകാരമാണ് ഇത്തരമൊരു നയം സർക്കാർ തയ്യാറാക്കിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha


























