സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ബുധനാഴ്ച കണ്ണൂർ കാസർകോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി ശക്തികൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചു.
തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് വീണ്ടും ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യതയേറെയാണ്.
തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി നവംബർ 2-ന് വൈകുന്നേരത്തോടെ മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്താനും സാധ്യത. അതിശക്തമായ ചുഴലിക്കാറ്റായ 'അർണബി'-ന്റെ ശേഷിപ്പ് തെക്കുകിഴക്കൻ ഉത്തർപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദമായി സ്ഥിതിചെയ്യുന്നു.
തെക്കൻ മഹാരാഷ്ട്ര തീരത്തിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ കേരള-കർണാടക തീരത്തിന് സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് തെക്കൻ മഹാരാഷ്ട്ര തീരത്തിന് സമീപമുള്ള ഉയർന്ന ചക്രവാതചുഴിയിലേക്ക് ഒരു ന്യൂനമർദ പാത്തി നിലനിൽക്കുന്നു. ഇതിന്റെ ഭാഗമായാണ് ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്.
"
https://www.facebook.com/Malayalivartha





















