സപ്തതിയുടെ നിറവിൽ നമ്മുടെ കേരളം ... എഴുപതാം പിറന്നാൾ ദിനത്തിൽ സംസ്ഥാനത്തുടനീളം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഘോഷം...

നമ്മുടെ കേരളം ഇന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുകയാണ്. നവംബർ 1 ആണ് കേരളപ്പിറവി ദിനം. 1956 നവംബർ 1-നാണ് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് മലയാളഭാഷ സംസാരിക്കുന്നവരുടെ ഐക്യകേരളം രൂപീകൃതമായത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായി 1956 നവംബർ ഒന്നിന് കേരളം സംസ്ഥാനം നിലവിൽ വന്നതിന് പിന്നാലെയാണ് എല്ലാ വർഷവും നവംബർ ഒന്നിന് കേരളപ്പിറവി ദിനമായി മലയാളികൾ ആഘോഷിക്കുന്നത്.
കേരളം എന്ന സംസ്ഥാനത്തിന്റെ സാഹിത്യപരമായ മികവിനെയും സാംസ്‌കാരിക പ്രാധാന്യത്തെയും തനതായ സവിശേഷതകളെയും ആദരിക്കുന്നതിനായി നവംബർ ഒന്നിന് കേരളപ്പിറവി ദിനം സംസ്ഥാനത്തുടനീളം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കപ്പെടുന്നു. ഈ ദിനത്തിൽ സ്ത്രീകൾ പരമ്പരാഗതമായ കസവു സാരിയും, പുരുഷന്മാർ മുണ്ടും ധരിച്ച് ആഘോഷങ്ങളിൽ പങ്കുചേരുന്നു.
കേരളത്തിന്റെ തനിമ വിളിച്ചോതുന്ന നാടൻപാട്ടുകൾ, തിരുവാതിര, കഥകളി തുടങ്ങിയ കലാപരിപാടികൾ സ്കൂളുകളിലും ഓഫീസുകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും നടക്കുന്നു. ഈ ദിവസത്തോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മലയാള ഭാഷാ വാരം ആചരിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഉപന്യാസ രചനാ മത്സരങ്ങൾ, കവിതാലാപനങ്ങൾ, പ്രസംഗങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുക പതിവാണ്.
കൊച്ചിയിൽ 'ഓറഞ്ച് റൺ' മാരത്തണും, കോഴിക്കോട് ബീച്ചിൽ 'കോസ്റ്റൽ മാരത്തൺ' പോലുള്ള ആരോഗ്യ-കായിക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. മാത്രവുമല്ല മലയാളഭാഷയുടെ സംരക്ഷണത്തിനും വളർച്ചയ്ക്കും വേണ്ടി ഊന്നൽ നൽകിക്കൊണ്ട് മലയാള ദിനാചരണവും പ്രതിജ്ഞകളും ഈ ദിവസം നടത്തുന്നു. സംസ്ഥാന സർക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഔദ്യോഗിക ആഘോഷങ്ങളും പരിപാടികളും നടക്കും.
https://www.facebook.com/Malayalivartha





















