ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് ദിവസത്തെ വൃശ്ചികോത്സവത്തിന് ഇന്ന് സമാപനമാകും..

അമ്പലമില്ലാതെ ആൽത്തറയിൽ വാഴുന്ന ക്ഷേത്ര സങ്കല്പം നിലനിൽക്കുന്ന ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് ദിവസത്തെ വൃശ്ചികോത്സവത്തിന് ശനിയാഴ്ച സമാപനമാകും.
ഭജന കുടിലുകളിലും സത്രങ്ങളിലും ഉൾപ്പെടെ ഭജനമിരിക്കുന്ന 1000 കുടുംബങ്ങളിലുള്ളവർ ഇന്ന് ദീപാരാധനയ്ക്ക് ശേഷം വീടുകളിലേക്ക് മടങ്ങും. നാടിന്റെ നാനാഭാഗങ്ങളിൽനിന്ന് വലിയ ജനസഞ്ചയമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓച്ചിറയിലേക്കെത്തിയത്.
പൊലീസിനും മറ്റു സുരക്ഷാ ഉദ്യോഗസ്ഥർക്കുപോലും നിയന്ത്രിക്കാനായി കഴിയാത്ത തിരക്കായിരുന്നു. ശ്രീകോവിലോ പരമ്പരാഗത ക്ഷേത്ര ആചാരങ്ങളോ ഇല്ലാതെ 22 ഏക്കർ പരന്നുകിടക്കുന്ന ഓച്ചിറ പടനിലത്തെ ആൽത്തറകളിൽ എത്തിയാണ് ഭക്തർ ദർശനം നടത്തുന്നത്. ശബരിമലയിലേക്ക് പോകുന്നവരും ഇവിടെ എത്തിച്ചേരും.ഗണപതി ആൽത്തറ, കിഴക്കും പടിഞ്ഞാറുമുള്ള ആൽത്തറകൾ, ഒണ്ടിക്കാവ്, നക്ഷത്രവനം എന്നിവിടങ്ങളിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഉത്സവത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ അധികരിച്ചിട്ടുള്ള സെമിനാറും സാംസ്കാരിക സമ്മേളനങ്ങളും കലാപരിപാടികളും മൂന്ന് വേദികളിലായാണ് നടന്നുവരുന്നത്.
വിനോദ വിജ്ഞാന പ്രദർശനങ്ങളിലും വൻ ജനക്കൂട്ടമാണ്. സാധാരണയിൽനിന്ന് വ്യത്യസ്തമായ ചില പുതിയ വിനോദ ഉപാധികളും ഇത്തവണ പ്രദർശന നഗരികളിൽ ഒരുക്കി. കച്ചവട പ്രദർശന സ്റ്റാളുകളും സന്ദർശകരെ കൊണ്ട് നിറഞ്ഞു കവിയുന്നു.
വൃശ്ചികോത്സവം പ്രമാണിച്ച് ശനിയാഴ്ച കൂടുതൽ ജനങ്ങളെത്തുമെന്നാണ് പ്രതീക്ഷ. വൃശ്ചികോത്സവത്തിനായി 110 സ്പെഷ്യൽ പൊലീസുകാർക്ക് പുറമേ 60പേരെ ഭരണസമിതി പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. 12വിളക്ക് പ്രമാണിച്ച് കൂടുതൽ പൊലീസിനെയും പടനിലത്ത് വിന്യസിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha
























