ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്

സ്വർണം കുറഞ്ഞാൽ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷം. പക്ഷേ പണയംവച്ചിരിക്കുന്നവരുടെ കാര്യമോ? വില കുറഞ്ഞതോടെ ബാങ്കിന്റെ മുന്നിൽ വെട്ടിലായിരിക്കുകയാണ് പലരും. ഒന്നുകിൽ അധികം പണം കൊണ്ടുവന്ന് അടയ്ക്കണം, അല്ലെങ്കിൽ കൂടുതൽ സ്വർണം പണയംവയ്ക്കണം. അതുമല്ലെങ്കിൽ ബാങ്കിന്റെ നോട്ടീസ് കൈപ്പറ്റണം. ജപ്തിയിലേക്ക് പോകും.
ഏതായാലും സ്വർണവില വീണ്ടും താഴേക്ക്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 93,760 രൂപയാണ് വില. ഇന്നലെ 94,160 രൂപയായിരുന്നു. ഒറ്റ ദിവസം കൊണ്ട് പവന് 400 രൂപയുടെ കുറവ്. വില ഇനിയും താഴേക്ക് പോകുമോയെന്ന ആശങ്കയ്ക്കിടയിലാണ് സ്വർണം പണയംവച്ചവരെ തേടി ബാങ്കുകളുടെ അറിയിപ്പുകൾ എത്തുന്നത്.
സ്വർണവില കുതിച്ചുയർന്ന സമയത്ത് ആഭരണങ്ങൾ പണയംവച്ച് വായ്പയെടുത്തവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. അന്ന് ഉയർന്ന വില കണക്കിലെടുത്ത് വായ്പ അനുവദിച്ച ബാങ്കുകൾക്ക് ഇപ്പോഴത്തെ വിലയിടിവ് തിരിച്ചടിയാകുന്നു. പണയംവച്ച സ്വർണത്തിന്റെ നിലവിലെ മൂല്യം വായ്പാ തുകയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞതാണ് ബാങ്കുകളെ ആശങ്കയിലാക്കുന്നത്.
ഇതോടെ വായ്പയെടുത്തവരോട് അധിക തുക അടയ്ക്കാൻ ആവശ്യപ്പെടുകയാണ് ബാങ്കുകൾ. ചിലർക്ക് സന്ദേശങ്ങളെത്തി. ചിലരോട് നേരിട്ട് ബാങ്കിലെത്താൻ നിർദേശിച്ചു. പണം കണ്ടെത്താൻ കഴിയാത്തവരുടെ മുന്നിൽ കൂടുതൽ സ്വർണം പണയംവയ്ക്കുകയെന്ന വഴിയും പ്രതിസന്ധിയാകുന്നു.
ബാങ്കുകൾ പണം ആവശ്യപ്പെടുമ്പോൾ എവിടെനിന്ന് കൊണ്ടുവരുമെന്നാണ് സാധാരണക്കാരുടെ ചോദ്യം. സ്വർണം പണയംവച്ചത് തന്നെ അത്യാവശ്യങ്ങൾക്കാണ്. ഇപ്പോൾ അതിന് മുകളിൽ അധിക ബാധ്യത കൂടി വന്നതോടെ ബാങ്കുകളുമായി തർക്കത്തിലേർപ്പെടുന്നവരുമുണ്ട്. ആ തുക കണ്ടെത്താൻ പലർക്കും വീണ്ടും പണയം വയ്ക്കേണ്ടി വരുന്നു.
വായ്പാ കരാറിലെ വ്യവസ്ഥകൾ അനുസരിച്ച് സ്വർണത്തിന്റെ മൂല്യം കുറഞ്ഞാൽ അധിക ഈടോ പണമോ ആവശ്യപ്പെടാൻ ബാങ്കുകൾക്ക് സാധിക്കും. നിശ്ചിത സമയത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ തുടർനടപടികളിലേക്കും കടക്കാം. ഒടുവിൽ പണയംവച്ച സ്വർണം ലേലം ചെയ്യേണ്ട സാഹചര്യം വരെയുണ്ടാകാം.
വില കുറഞ്ഞാൽ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് അത് അവസരമാണ്. എന്നാൽ വില ഉയർന്നുനിന്നപ്പോൾ സ്വർണം പണയംവച്ച് പണം കണ്ടെത്തിയവർക്ക് ഇപ്പോൾ ഓരോ രൂപയുടെ വിലയിടിവും തലവേദനയാകുകയാണ്. സ്വർണം കൈവിടാതിരിക്കണമെങ്കിൽ പണം കണ്ടെത്തണം. പണമില്ലെങ്കിൽ ബാങ്കിന്റെ നടപടികൾ നേരിടണം. അങ്ങനെ സ്വർണം പൊല്ലാപ്പാകുകയാണ്.
https://www.facebook.com/Malayalivartha
























