തെരഞ്ഞെടുപ്പ് ജയിച്ചു; എല്‍.ഡി.എഫ് ജിഷയെ ഉപേക്ഷിക്കുന്നു

തെരഞ്ഞെടുപ്പ് ജയിച്ചതോടെ പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷ വധ കേസില്‍ കൊലപാതകികളെ പിടികൂടണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തിയ രാപ്പകല്‍ സമരം അവസാനിപ്പിച്ചു. ജിഷയുടെ ഘാതകരെ പിടികൂടും വരെ സമരം നടത്തുമെന്നായിരുന്നു തുടക്കത്തില്‍ എല്‍.ഡി.എഫ് പറഞ്ഞിരുന്നത്. എന്നാല്‍ ഭരണം മാറി എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ സമരത്തില്‍ നിന്ന് ഇവര്‍ പിന്മാറുകയായിരുന്നു. ഇനിയും സമരം തുടരുന്നത് സ്വന്തം സര്‍ക്കാരിനെതിരെയുള്ള സമരമായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഭയന്നാണ് സമരം പിന്‍വലിച്ചത്. ബുധനാഴ്ച അധികാരത്തിലേറിയ പുതിയ സര്‍ക്കാര്‍ വനിത എ.ഡി.ജി.പി ബി.സന്ധ്യയെ അന്വേഷണ ചുമതല ഏല്‍പിച്ചിരുന്നു. ഇതാണ് സമരം പിന്‍വലിക്കാന്‍ എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്ന ന്യായം.
ഈ മാസം അഞ്ചിന് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. ഏറെ പ്രയാസപ്പെട്ടാണ് സമര പന്തലില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകരെ എത്തിച്ചിരുന്നത്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ സമര പന്തലില്‍ ഇരിക്കാന്‍ ആളെ കിട്ടിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സ്ഥിതി മാറി. സമരത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകരെ കിട്ടാതായപ്പോള്‍ തന്നെ സമരം പിന്‍വലിക്കുന്നതിനെ കുറിച്ച് മുന്നണി ആലോചിച്ചിരുന്നു. ഇതിനിടെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.എല്‍.എയുമായ സാജുപോള്‍ തോറ്റതും സമരം വേഗത്തില്‍ അവസാനിപ്പിക്കാന്‍ കാരണമായതായി അണികള്‍ തന്നെ പറയുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ തെറ്റിദ്ധാരണയുടെ പേരിലാണ് എല്‍ഡിഎഫിനെതിരായി പെരുമ്പാവൂരില്‍ വിധിയെഴുത്തുണ്ടായതെന്നും ജനങ്ങള്‍ അത് പുനരാലോചിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് പറയുന്നത്. വിധവകളായവരും പെണ്‍കുട്ടികള്‍ക്കൊപ്പം ഒറ്റയ്ക്ക് താമസിക്കുന്നവരുമായ അമ്മമാരുടെ സംരക്ഷണത്തിനും പദ്ധതി തയ്യാറാക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉറപ്പാക്കുമെന്നും സമരത്തിന്റെ സമാപന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























