മെഡിക്കല്‍ കോളേജിനെ ഏറ്റവും ഉന്നത പദവിയിലെത്തിക്കുമെന്ന് മന്ത്രി കെ.കെ. ഷൈലജ

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ഏറ്റവും ഉന്നതമായ പദവിയിലെത്തിക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ. മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്‍ നല്‍കിയ സ്വീകണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ അഭിമാന സ്തംഭമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. പടിപടിയായി മെഡിക്കല്‍ കോളേജ് വളര്‍ന്ന് വരുന്നത് കാണുമ്പോള്‍ അഭിമാനമുണ്ട്. ഈ മെഡിക്കല്‍ കോളേജിനെ പൂര്‍ണ വളര്‍ച്ചയിലെത്തിക്കുകയാണ് ലക്ഷ്യം.
ഏറ്റവും ആധുനികവും ഉന്നതവുമായ ചികിത്സാ സൗകര്യം ആരോഗ്യമേഖലയിലെത്തിക്കും. നിലവിലുള്ള മെഡിക്കല്‍ കോളേജുകളെ സമ്പുഷ്ടമാക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യം. അനുമതി കിട്ടിയ ഒരു മെഡിക്കല്‍ കോളേജും ഉപേക്ഷിക്കില്ല.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരും. ജില്ലാ ആശുപത്രികളുടെ നിലവാരമുയര്‍ത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. പി.ജി. കഴിഞ്ഞവരെ സര്‍ക്കാര്‍ മേഖലയില്‍ തന്നെ നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
കീര്‍ത്തനങ്ങളോട് ഒരിക്കലും അസഹിഷ്ണത കാണിച്ചിട്ടില്ലെന്നും മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. യോഗയുടെ സദസില്‍ മതേതരത്വം പ്രതിപാദിക്കുക മാത്രമായിരുന്നു ചെയ്തത്. പക്ഷെ ശരീര ഭാഷ ഒപ്പിയെടുത്ത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. യോഗ മതേതരത്വമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ മാത്രമേ താനും പറഞ്ഞിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കിയതാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജെന്ന് വൈദ്യുതി, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ധര്‍മ്മാശുപത്രിയുടെ പേരുമാറ്റിയാല്‍ അത് മെഡിക്കല്‍ കോളേജാകില്ല. പഠനം, ഗവേഷണം എന്നിവയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാവേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍, അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. എ. മാര്‍ത്താണ്ഡ പിള്ള, വൈസ് പ്രസിഡന്റ് ഡോ. സി. ജോണ്‍ പണിക്കര്‍, വൈസ് പ്രസിഡന്റ് ഡോ. കെ. ദിനേശ്, ട്രഷറര്‍ ഡോ. എസ്. വാസുദേവന്‍, സെക്രട്ടറി ഡോ. കെ.വി. വിശ്വനാഥന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























