കോളിയൂരില്‍ കൊലപാതകം: പ്രതികള്‍ കൊല നടത്തിയതിങ്ങനെ

വീട്ടില്‍ കയറി മരീയദാസ് എന്ന ഗൃഹനാദനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ഭാര്യയായ ഷീജയെ തലയ്ക്കടിച്ചു ഗുരുതര പരുക്കേല്‍പിക്കുകയും ചെയ്ത കോളിയൂര്‍ കൊലപാതക കേസില്‍ കസ്റ്റഡിയില്‍ ലഭിച്ച രണ്ടു പ്രതികളെയും വന്‍ പൊലീസ് സന്നാഹത്തോടെ സംഭവസ്ഥലത്ത് തെളിവെടുപ്പിനു കൊണ്ടുവന്നു. പ്രതികളെ കൊണ്ടുവന്ന വാഹനത്തിനു മുന്നില്‍ കയറിക്കിടന്നും പ്രതികള്‍ക്കു നേര്‍ക്ക് അസഭ്യവര്‍ഷം നടത്തിയും നാട്ടുകാരുടെ പ്രതിഷേധം.
സംഭവത്തില്‍ തമിഴ്‌നാട് വേലൂര്‍ ഒടുകത്തൂര്‍ സ്വദേശി ചന്ദ്രന്‍, തമിഴ്‌നാട് തിരുനെല്‍വേലി കളക്കാട് കാശിനാഥപുരം വീട്ടുനമ്പര്‍ 309ല്‍ വാടകയ്ക്കു താമസിക്കുന്ന തിരുവനന്തപുരം വട്ടപ്പാറ സ്വദേശി കൊലുസു ബിനു എന്നു വിളിക്കുന്ന അനില്‍കുമാര്‍ എന്നിവരെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു തെളിവെടുപ്പിന് എത്തിച്ചത്.ആദ്യം അകത്തു കടന്നത് ചന്ദ്രന്‍ ആയിരുന്നുവെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.
വീടിന്റെ പിന്‍വാതില്‍ തുറന്ന വിധവും മറ്റും പ്രധാനപ്രതി ബിനു എന്ന അനില്‍കുമാര്‍ പൊലീസിനു മുന്നില്‍ വിവരിച്ചു കാട്ടിക്കൊടുത്തു. ബിനു അകത്തേക്ക് ടോര്‍ച്ച് തെളിച്ചു കൊടുത്തുവെന്നും ഇതിനിടെ ചന്ദ്രന്‍ ദാസനെ ചുറ്റികയ്ക്ക് അടിച്ചുവെന്നും രണ്ടാമത് ഷീജയെയും ആക്രമിച്ചുവെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായി പൊലീസറിയിച്ചു. ആക്രമണത്തിനു ശേഷം ചന്ദ്രന്‍ പുറത്തിറങ്ങി ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കവേ ബിനു അകത്തു കയറി ഷീജയെ പാര ഉപയോഗിച്ച് ആക്രമിച്ചുവെന്നും കഴുത്തില്‍ നിന്നു സ്വര്‍ണമാലയും സമീപ മുറിയില്‍ നിന്നു പണവും മോഷ്ടിച്ചുവെന്നും തുടര്‍ന്ന് പുറത്തിറങ്ങി ഇരുവരും കെഎസ് റോഡു വഴി കോവളം, വിഴിഞ്ഞം ഭാഗത്തേക്ക് പോയി എന്നുമാണ് പ്രതികള്‍ വെളിപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
കൃത്യത്തിനു മുന്‍പ് കനാല്‍ പാലത്തിന്റെ അടിയില്‍ തങ്ങള്‍ പതുങ്ങിയിരുന്നയിടവും പ്രതികള്‍ പൊലീസിനു കാട്ടിക്കൊടുത്തു. വിഴിഞ്ഞം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ കടയില്‍ നിന്ന് ഇവര്‍ ചായ കുടിച്ചുവെന്നതു സംബന്ധിച്ചു പൊലീസ് ഇവിടെയും ഇവരെ എത്തിച്ചു. തുടര്‍ന്ന്, ചോദ്യം ചെയ്യലിനായി ഇവരെ വീണ്ടും നഗരത്തിലേക്ക് കൊണ്ടുപോയി. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞു പ്രദേശത്ത് പെട്ടെന്ന് സ്ത്രീകളുള്‍പ്പെടെ വന്‍ ജനക്കൂട്ടം രൂപപ്പെടുകയായിരുന്നു.
ഫോര്‍ട്ട് അസി. കമ്മിഷണര്‍ സുധാകരപിള്ളയുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയായിരുന്നു പ്രതികളെ സ്ഥലത്തെത്തിച്ചത്. പ്രതികളില്‍, ചന്ദ്രനെ മുഖം മറച്ചു തന്നെയായിരുന്നു എത്തിച്ചത്. ആക്രമിക്കപ്പെട്ട വനിത പ്രതിയെ തിരിച്ചറിയേണ്ടതുണ്ടെന്നുള്ളതിനാലാണിതെന്നു പൊലീസ് പറഞ്ഞു. പ്രതികളെ മടക്കിക്കൊണ്ടു പോകാന്‍ നേരത്തായിരുന്നു ജനക്കൂട്ടത്തിന്റെ രോഷം അണപൊട്ടിയത്. പലരും അസഭ്യവര്‍ഷം നടത്തി.
ഇതിനിടെ, ഒരാള്‍ പ്രതികളെ കയറ്റാന്‍ എത്തിയ വാനിനു മുന്നില്‍ കയറിക്കിടന്നു പ്രതിഷേധിച്ചു. ഇയാളെ പൊലീസ് ഉടന്‍ തന്നെ നീക്കി. 12 ദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ രണ്ടു പ്രതികളെയും വീണ്ടും ചോദ്യം ചെയ്തു തുടങ്ങിയതായി അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കുന്ന ഫോര്‍ട്ട് അസി. കമ്മിഷണര്‍ സുധാകരപിള്ള അറിയിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇവരെ തമിഴ്‌നാട് ഭാഗങ്ങളിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകും.
https://www.facebook.com/Malayalivartha






















