തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം; ടിവികെ ഓഫീസ് അക്രമികള്‍ തീയിട്ടു, ബാനറുകള്‍ വലിച്ചുകീറി നശിപ്പിച്ചു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ സംഘര്‍ഷം. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പേട്ടവയത്തലൈയില്‍ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാര്‍ത്ഥി രമേശിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഓഫീസിന് തീയിട്ടതിനൊപ്പം അവിടെ സ്ഥാപിച്ചിരുന്ന പ്രചാരണ ബോര്‍ഡുകളും ബാനറുകളും അക്രമികള്‍ പൂര്‍ണ്ണമായും കീറി നശിപ്പിച്ചു. സംഭവത്തില്‍ ടിവികെ യൂണിയന്‍ സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ ആണ് അജ്ഞാതര്‍ ഓഫീസിന് തീയിട്ടതെന്ന് പാര്‍ട്ടി സ്ഥാനാര്‍ഥിയായ രമേശ് പറഞ്ഞു. മുഴുവന്‍ ബാനറുകളും കീറിക്കളഞ്ഞു. ശ്രീരംഗം നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ സുരക്ഷിതമായ അന്തരീക്ഷത്തില്‍ നടത്താന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മൂന്നുദിവസം ബാക്കിനില്‍ക്കെയാണ് സംസ്ഥാനത്ത് അക്രമസംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ഡിഎംകെയ്ക്കാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെ സഖ്യം സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം. പീപ്പിള്‍സ് പള്‍സ്, ചാണക്യ തുടങ്ങിയ ഏജന്‍സികള്‍ ഡിഎംകെയ്ക്ക് മുന്നേറ്റം പ്രവചിക്കുമ്പോള്‍ ജെവിസി ടൈംസ് നൗ, അണ്ണാ ഡിഎംകെ – ബിജെപി സഖ്യം അട്ടിമറി നേടുമെന്നും പ്രവചിക്കുന്നു. അതേസമയം ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലത്തില്‍ ടിവികെയ്ക്കാണ് മേല്‍ക്കെ.
അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങളെ അണ്ണാ ഡിഎംകെയും ടിവികെയും അപ്പാടെ തള്ളുകയാണ്. 150 സീറ്റുകളില്‍ വിജയിച്ച് ഭരണം പിടിക്കുമെന്നാണ് അണ്ണാ ഡിഎംകെയുടെ ആത്മവിശ്വാസം. തങ്ങള്‍ക്ക് അനുകൂലമായ ഫലമുണ്ടാകുമെന്ന് ടിവികെ നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു. വ്യക്തമായ ഭൂരിപക്ഷം നേടി ഭരണം നിലനിര്‍ത്തുമെന്നാണ് ഡിഎംകെയുടെ പ്രതികരണം. തമിഴ്‌നാട്ടിലെ 234 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 84 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയിരുന്നു. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുക.
https://www.facebook.com/Malayalivartha






















