രണ്ടിടത്ത് അസ്വാഭാവിക മരണങ്ങള്‍: നല്ലേപ്പിള്ളിക്കു സമീപം അമ്മയും മകളും കത്തിക്കരിഞ്ഞ നിലയില്‍; കണ്ണൂരില്‍ ഓവുചാലില്‍ തലകീഴായി പരിസ്ഥിതി പ്രവര്‍ത്തകന്‍

നല്ലേപ്പിള്ളിക്കു സമീപം അമ്മയേയും മകളേയും വീടിനു പിന്നില്‍ കത്തിക്കരിഞ്ഞ നിലയിലും കണ്ണൂരില്‍ പരിസ്ഥിതി പ്രവര്‍ത്തകനെ ഓവുചാലില്‍ തലകീഴായി കിടക്കുന്ന നിലയിലും കണ്ടെത്തി. മൃതദേഹങ്ങള്‍ക്കു ദിവസങ്ങള്‍ പഴക്കമുണ്ട്. നല്ലേപ്പിള്ളി ഗ്രാമത്തില്‍ വാടകയ്ക്കു താമസിച്ചിരുന്ന പരേതനായ കുമാരന്‍കുട്ടി മേനോന്റെ ഭാര്യ ശോഭന (52), മകള്‍ വിന്ദുജ (22) എന്നിവരേയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കണ്ണൂരില്‍ ഓവുചാലില്‍ കണ്ടെത്തിയത് എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കണ്ണൂര്‍ പഴയങ്ങാടിയിലെ ടി.വിനോദിനെ (43)യാണ്.
ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് ശോഭനയുടെയും വിന്ദുജയുടെയും മൃതദേഹങ്ങള്‍ കണ്ടത്. വൈകിട്ട് നാലുമണിയോടെ നായ ഒരാളുടെ കാല്‍ കടിച്ചു കൊണ്ടുപോകുന്നതു കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് വീടിനു പുറകില്‍ കുളിമുറിയോടു ചേര്‍ന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ശോഭനയുടെ മൃതദേഹത്തിലെ ഇരുകാലുകളും കടിച്ചുപറിച്ച നിലയിലാണ് കാണപ്പെട്ടത്. പിന്നീട് നടത്തിയ തെരച്ചിലില്‍ വീടിനു പുറകിലെ പറമ്പില്‍ നിന്നും ഒരു കാല്‍ കണ്ടെടുത്തു. മറ്റൊരു കാലിനായി പൊലീസും ഡോഗ് സ്‌ക്വാഡും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതുകൊണ്ടു തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.ഇരുവരുടെയും മൃതദേഹങ്ങള്‍ പൊലീസ് സംരക്ഷണയില്‍ സംഭവസ്ഥലത്തു തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് വീണ്ടും പരിശോധന തുടരും.
ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. ജില്ലാ പോലീസ് മേധാവി ഡോ: എ. ശ്രീനിവാസ്, ഡി.വൈ.എസ്.പി എം.കെ. സുല്‍ഫിക്കര്‍, സി.ഐ. കെ.എം. ബിജു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ വീടിനുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ബന്ധുക്കള്‍ ഇവരുടെ കൈയക്ഷരം സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തിനു സമീപത്തുനിന്ന് മണ്ണെണ്ണ പാത്രവും ലൈറ്ററും കണ്ടെടുത്തിട്ടുണ്ട്. നല്ലേപ്പിള്ളി വടക്കത്തറയില്‍ സ്ഥിരതാമസക്കാരായ ഇവര്‍ ഭര്‍ത്താവ് കുമാരന്‍കുട്ടി മേനോന്റെ മരണത്തിനു ശേഷം രണ്ടുവര്‍ഷത്തോളമായി നല്ലേപ്പിള്ളിക്കു സമീപമുള്ള ഗ്രാമത്തില്‍ വാടകയ്ക്കു താമസിച്ചു വരികയാണ്.
ടി.വിനോദിനെ (43) മരിച്ചനിലയില്‍ കണ്ണൂരില്‍ ആണ് കണ്ടെത്തിയത്. എരിപുരത്തെ എ.ഇ.ഒ. ഓഫീസിനു സമീപത്തെ കെ.എസ്.ടി.പി. ഓവുചാലില്‍ ഇന്നലെ രാവിലെ വിനോദിന്റെ മൃതദേഹം കണ്ടെത്തിയത് ഓവുചാലില്‍ തലകീഴായി കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടന്നു കരുതുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ജില്ലയിലെ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവമായിരുന്ന വിനോദിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു.
എരിപുരത്ത് കുടിവെള്ള ടാങ്ക് പൊളിച്ചു മാറ്റി റിസോര്‍ട്ട് മാഫിയ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നിയമയുദ്ധത്തിലായിരുന്നു വിനോദ്. ഇതേത്തുടര്‍ന്നു രണ്ട് തവണ വിനോദിനു വധഭീഷണിയുണ്ടായിരുന്നു. ജീവന് ഭീഷണിയുണ്ടെന്നു കാട്ടി വിനോദ് രണ്ടു തവണ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിനോദിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് ചോദ്യം ചെയ്യുകയും വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തതു വിവാദമായിരുന്നു. രണ്ടുദിവസം മുതല്‍ വിനോദിനെ കാണാനില്ലായിരുന്നു.
കഴിഞ്ഞ ദിവസം ബാങ്കില്‍ ജോലിക്ക് ഹാജരായിരുന്നില്ല. ദന്ത ചികിത്സയ്ക്കായി മംഗലാപുരത്ത് പോകുമെന്നു പറഞ്ഞിരുന്നതിനാല്‍ അവിടേയ്ക്കു പോയെന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്. ചെറുകുന്നിലെ ഗോവിന്ദന്‍-ജാനകി ദമ്പതികളുടെ മകനാണ്. ചിത്രകാരിയായ ബീനയാണ് ഭാര്യ. മക്കള്‍: അര്‍ഹത്, കുഞ്ചു
https://www.facebook.com/Malayalivartha






















