വിശാലിന്റെ ഹൃദയം അനുയോജ്യം; നേവിയുടെ പ്രത്യേക വിമാനത്തില്‍ ഉടന്‍ (രാവിലെ 11.30) കൊച്ചിയിലേക്ക് കൊണ്ടുപോകും

മസ്തിഷ്‌ക മരണം സംഭവിച്ച കോരാണി, മുക്കോല, ചെമ്പകമംഗലം സതീശ വിലാസത്തില്‍ സതീശന്‍ നായരുടെ മകന്‍ വിശാലിന്റെ (15) ഹൃദയം എറണാകുളം ലിസി ആശുപത്രിയിലെ രോഗിക്ക് അനുയോജ്യമായതിനാല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് കൊച്ചിയിലേക്ക് ഉടന്‍ (ഏകദേശ സമയം രാവിലെ 11.30) കൊണ്ടു പോകും. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നേവിയുടെ ഡോണിയര്‍ എയര്‍ക്രാഫ്റ്റാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്ററില്‍ ഹൃദയം എടുക്കുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയ അന്തിമ ഘട്ടത്തിലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും എറണാകുളം ലിസി ആശുപത്രിയിലേയും കിംസ് ആശുപത്രിയിലേയും മെഡിക്കല്‍ സംഘം സംയുക്തമായാണ് ഈ പ്രകിയ നടത്തുന്നത്.
അവയവ സ്വീകര്‍ത്താക്കളെ നിശ്ചയിച്ചത് മൃതസഞ്ജീവനിയില്‍ (കെ.എന്‍.ഒ.എസ്.) രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരുടെ മുന്‍ഗണനാ ക്രമത്തിലുള്ള പട്ടികയില്‍ നിന്നാണ്. അപ്രകാരമാണ് ഹൃദയം കേരള സര്‍ക്കാരിന്റെ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത ലിസി ആശുപത്രിയിലെ സൂപ്പര്‍ അര്‍ജന്റ് രോഗിക്കും കരള്‍ കിംസ് ആശുപത്രിയിലേക്കും കൊണ്ടുപോകുന്നത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 2 രോഗികള്‍ക്ക് നല്‍കും. തൃശൂര്‍ പട്ടിക്കാട് സ്വദേശിനിയും ലാബ് ടെക്‌നീഷ്യനുമായ സന്ധ്യക്കാണ് (27) ഹൃദയം നല്‍കുന്നത്.
മണ്ണന്തല മുക്കോല സെന്റ് തോമസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിശാല്‍ സതീഷ് കല്ലില്‍. മുക്കോല മുത്തൂറ്റ് പെനിയല്‍ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നമ്പര്‍ ഫഌറ്റിലാണ് താമസിച്ചിരുന്നത്. ജൂലൈ പതിനാറാം തീയതി സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ മുക്കോല ജംഗ്ഷനില്‍ വച്ച് വിശാലിനെ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാലിനെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. തുടര്‍ന്ന് ന്യൂറോ സര്‍ജറിക്ക് വിധേയമാക്കി തീവ്ര പരിചരണം നല്‍കിയിരുന്നെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ വിശാലിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. വൈകുന്നേരം 4.30ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.
തുടര്‍ന്ന് അവയവദാനത്തെപ്പറ്റി മൃതസഞ്ജീവനിയിലെ ജീവനക്കാര്‍ സംസാരിക്കുകയും അവരുടെ കുടുംബാംഗങ്ങള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിക്കുകയുമായിരുന്നു. ഹൃദയം, കരള്‍, 2 വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്.
https://www.facebook.com/Malayalivartha





















