വിവാദങ്ങള്‍ക്കു വിരാമം, എം കെ ദാമോദരന്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ നിയമോപദേശക പദവി ഏറ്റെടുക്കില്ല

സാന്റിയാഗോ മാര്‍ട്ടിന് വേണ്ടിയും സര്‍ക്കാറിനെതിരെ ക്വാറി ഉടമകള്‍ക്ക് വേണ്ടിയും ഐസ്‌ക്രീം കേസില്‍ പ്രതികള്‍ക്ക് വേണ്ടിയും കോടതിയില്‍ ഹാജരായ എം കെ ദാമോദരന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന പദവി നല്‍കിയത് വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ഈ പദവി ഇതുവരെ എം കെ ദാമോദരന്‍ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിയമോപദേശകനായി നിയമിച്ചതിനെതിരെ കുമ്മനം രാജശേഖരന്‍ നല്‍കിയ പൊതു താല്പര്യ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഉപദേശം നല്‍കാന്‍ ഭരണഘടനാ പദവിയുള്ള അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ നിലവിലുണ്ട്. അറ്റൊണി ജനറല്‍ , പ്രോസിക്യഷന്‍ ഡയറക്ടര്‍ ജനറല്‍, നിയമകാര്യ സെക്രട്ടറി എന്നിവരും ഇതിലുള്‍പ്പെടും. ഇതിനു പുറമെ മുഖ്യമന്ത്രിക്ക് ആവശ്യമെങ്കില്‍ നിയപോപദേശവും തേടാമെന്നിരിക്കെ സ്ഥിരമായി ഒരു നിയമോപദേശക പദവി നല്‍കിയത് എന്തിനാണെന്ന് ചൂണ്ടിക്കാണിച്ചാണ് കുമ്മനം രാജശേഖരന്‍ ദാമോദരനെതിരെ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ നിയമോപദേശകന്‍ സര്‍ക്കാരിനെതിരായ കേസില്‍ ഹാജരാകുന്നുവെന്നും അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ നിയമോപദേശകനായി ലഭിച്ച ഉത്തരവ് ഇതു വരെ കൈപ്പറ്റിയിട്ടില്ലെന്നും പദവി സ്വീകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകനാണ് കോടതിയില്‍ അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായിരിക്കുന്ന സാഹചര്യത്തില്‍ മറ്റു കേസുകളില്‍ ഹാജരാകാനുള്ള സാധ്യത ഇല്ലാത്തതാണ് പദവി എം കെ ദാമോദരന്‍ ഏറ്റെടുക്കാതിരിക്കാന്‍ കാരണം.
https://www.facebook.com/Malayalivartha





















