കൊച്ചിയിലെ ഓടകള്‍ വൃത്തിയാക്കാന്‍ പെരുമഴയത്ത് ഹൈക്കോടതി ജഡ്ജി

ജനങ്ങള്‍ക്ക് തീരാദുരിതമായ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അധികാരികള്‍ കനിഞ്ഞില്ല. ഒടുവില്‍ അര്‍ദ്ധ നഗ്‌നനായി ഹൈക്കോടതി ജഡ്ജി ഇറങ്ങി ഓട വൃത്തിയാക്കി ഗതാഗതം ഒരുക്കാന്‍. സംഭവം നടന്നത് കഴിഞ്ഞ വ്യാഴാഴ്ച കൊച്ചിയില്‍. കൊച്ചി പട്ടണത്തിലെ മഴക്കാല ദുരിതങ്ങള്‍ പുതിയ വാര്‍ത്തയല്ല. മഴയത്ത് ഓടകള്‍ നിറഞ്ഞൊഴുകി റോഡില്‍ വെള്ളക്കെട്ട് സൃഷ്ടിക്കപ്പെട്ടിട്ടും നഗരസഭ അധികാരികള്‍ കണ്ട ഭാവം നടിക്കാത്തതിനെ തുടര്‍ന്നാണ് പെരുമഴയത്ത് നിശബ്ദ പ്രതിഷേധവുമായി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ തൂമ്പയുമായി റോഡിലേക്കിറങ്ങിയത്.
വ്യാഴാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് കൊച്ചി എളമക്കര കീര്‍ത്തിനഗറലിലുള്ള വെള്ളക്കെട്ട് നീക്കാന്‍ അദ്ദേഹം തൂമ്പയുമെടുത്ത് ഇറങ്ങിയത്. നിരവധി വിദ്യാര്‍ത്ഥികളും യാത്രക്കാരുമുള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ യാത്രചെയ്യുന്ന ഈ വഴി മഴ പെയ്തതിനെ തുടര്‍ന്ന് ഓടയിലെ വെള്ളം പൊങ്ങി യാത്ര ദുര്‍ഘടമാക്കിയിരുന്നു. എല്ലാവര്‍ഷവും മഴക്കാലത്തിനു മുമ്പ് നഗരസഭ കാനകള്‍ മൂടിയ ചെടികളും പുല്ലുകളും എല്ലാം നീക്കം ചെയ്ത് വൃത്തിയാക്കാറുള്ളതാണ്. എന്നാല്‍ ഇത്തവണ അതൊന്നുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് മഴപെയ്തതോടെ റോഡ് കുളമായി മാറിയത്.
അധികാരികള്‍ കണ്ണടച്ചെങ്കിലും ഇത് കണ്ടില്ലെന്നു നടിക്കാന്‍ ഇതുവഴി കടന്നുപോകുന്ന ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനായില്ല. അദ്ദേഹം തന്റെ ബഹുമാന്യമായ പദവിയൊന്നും ഓര്‍ക്കാതെ കോരിച്ചൊരിയുന്ന മഴയില്‍ ട്രൗസറും ബനിയനും ധരിച്ച് സാധാരണ തൊഴിലാളിയെ പോലെ റോഡിലേക്കിറങ്ങി പണിയെടുത്തു. ഒന്നര മണിക്കൂര്‍ നീണ്ട തൂമ്പയുമായുള്ള മല്‍പിടുത്തത്തിനൊടുവില്‍ ഓടയും വൃത്തിയാക്കി വെള്ളക്കെട്ടും നീക്കി ഒരു പൊതുജനനന്മ ചെയ്ത ചാരിതാര്‍ത്ഥ്യത്തോടെ അദ്ദേഹം മടങ്ങി. ഓട വൃത്തിയാക്കുന്നതു കണ്ട നാട്ടുകാര്‍ ആരും തന്നെ ജഡ്ജിയെ തിരിച്ചറിഞ്ഞില്ല. അദ്ദേഹം ആരുടേയും നന്ദിവാക്കുകള്‍ പ്രതീക്ഷിച്ചതുമില്ല. നാട്ടുകാരുടെ നന്മ മാത്രമാണ് ആഗ്രഹിച്ചത്.
വെള്ളംകെട്ടിനിന്നാല്‍ മഴകൂടുന്നതോടെ രോഗങ്ങളും പടരുമെന്ന മാരകമായ അവസ്ഥ മുന്നില്‍ കണ്ട് മഹനീയമായ കൃത്യം നിര്‍വ്വഹിച്ച ജസ്റ്റിസിനെ സോഷ്യല്‍മീഡിയ അഭിനന്ദിനം കൊണ്ടു മൂടുകയാണിപ്പോള്‍. സംഭവം നടന്നു ദിവസങ്ങള്‍ക്കു ശേഷം കഴിഞ്ഞ ദിവസം ഓട വൃത്തിയാക്കുന്ന ജസ്റ്റിസിന്റെ ഫോട്ടോ സഹിതം അഡ്വ പി സലീം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വാര്‍ത്ത ജനങ്ങളില്‍ എത്തിയത്.
https://www.facebook.com/Malayalivartha





















