മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടുമെന്ന് മുഖ്യമന്ത്രി

മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവ് ഇറങ്ങിയശേഷം മാത്രം വിവരാവകാശ നിയമപ്രകാരം പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച വ്യക്തതയ്ക്കുവേണ്ടിയാണ് കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെക്കുകയെന്ന ഉദ്ദേശ്യം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു
മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച് 48 മണിക്കൂറിനകം ഉത്തരവിറക്കും. ഉത്തരവിറങ്ങിയാല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ തീരുമാനങ്ങള്‍ ലഭ്യമാകും. ഉത്തരവ് ആയാല്‍ മാത്രമേ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കൂ. വിവരാവകാശ നിയമത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളാതെയാണ് വിവരാവകാശ കമ്മീഷണര്‍ ഉത്തരവിറക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന ഉത്തരവ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് വി.ഡി സതീശന്‍ എം.എല്‍.എ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും ഇത് ജനാധിപത്യത്തിന്റെ അന്ത:സത്ത തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
https://www.facebook.com/Malayalivartha





















