ട്രെയിനില്‍ തീവെച്ച സംഭവം; യുവാവിന്റേത് ആത്മഹത്യാ ശ്രമമെന്ന് പോലീസ്; മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നും സംശയം

നേത്രാവതി എക്‌സ്പ്രസിലെ ടോയ്‌ലറ്റിനുള്ളില്‍ കയറി യുവാവ് വസ്ത്രത്തില്‍ ഇന്ധനമൊഴിച്ചു തീകൊളുത്തിയത് ജീവനൊടുക്കാനുള്ള ശ്രമമായിരുന്നുവെന്ന് കായംകുളം പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തമിഴ്‌നാട് സ്വദേശിയായ അനസ് എന്ന യുവാവിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നതെന്നും മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും പോലീസ് പറഞ്ഞു.
ഉച്ചയ്ക്ക് 11.45 ഓടെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് നേത്രാവതി എക്‌സ്പ്രസിലെ ടോയ്‌ലറ്റില്‍ കയറി ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കമ്പൂട്ടര്‍ സോഫ്റ്റ് വെയര്‍ ബിരുദമുള്ള പ്രതി കമ്പ്യൂട്ടര്‍ സ്‌പെയര്‍ പാര്‍ട്ട്‌സ് ബിസിനസ് നടത്തുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടിലെ വീട്ടില്‍ നിന്നും കഴിഞ്ഞ നാലു ദിവസമായി കാണാതാകുകയായിരുന്നെന്നാണ് പോലീസിന് ലഭിച്ച വിവരം. മോഷണശ്രമത്തിനൊടുവില്‍ പിടികൂടിയപ്പോള്‍ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചതാണന്ന സംശയമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റേത് ആത്മഹത്യാ ശ്രമമാണെന്ന് സ്ഥിരീകരിച്ചത്.
ട്രെയിനിന്റെ എസി കോച്ചിനോടു ചേര്‍ന്നുള്ള ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് തീപിടിച്ചത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ടോയ്‌ലറ്റിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് തീയണച്ചാണ്. റെയില്‍വേ പോലീസ് ഇയാളെ പോലീസിന് കൈമാറുകയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഉടന്‍ തന്നെ യാത്രക്കാരെ മുഴുവന്‍ ഒഴിപ്പിക്കുകയും അപകടമുണ്ടായ കോച്ച് ട്രെയിനില്‍ നിന്നു വേര്‍പെടുത്തുകയും ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
https://www.facebook.com/Malayalivartha