സാധാരണക്കാര്‍ക്കും താഴ്ന്നവരുമാനക്കാര്‍ക്കും ആശ്വാസമായി മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി; മുതലിന്റെ ഇരട്ടി തിരിച്ചടയ്‌ക്കേണ്ടവരുടെ വായ്പകള്‍ എഴുതിതള്ളും

സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവില്‍ വീഴ്ചവരുത്തിയതിനാല്‍ ജപ്തി ഭീഷണി നേരിടുന്നവര്‍ക്കായി പലിശയിളവും കടാശ്വാസവും അനുവദിക്കാന്‍ ഒറ്റത്തവണ കടാശ്വാസ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. മുതലിന്റെ ഇരട്ടിയിലധികം തിരിച്ചടച്ചിട്ടും വായ്പാ കുടിശ്ശികയുള്ള സാധാരണക്കാര്‍ക്കും താഴ്ന്നവരുമാനക്കാര്‍ക്കും ആശ്വാസം നല്‍കുന്നതിനാണ് കടാശ്വാസ പദ്ധതി. 'മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി' എന്ന പേരിലുള്ള പുതിയ പദ്ധതിക്ക് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
അഞ്ചുലക്ഷം വരെയുള്ള വായ്പകളില്‍ മുതലും പലിശയും പിഴപ്പലിശയും ചേര്‍ത്ത് മുതലിന്റെ ഇരട്ടിയെങ്കിലും തിരിച്ചടച്ചവരുടെ വായ്പകളാണ് എഴുതിത്തള്ളുന്നത്. ഇതിന് പുറമെ മുതലിന്റെ ഒന്നര ഇരട്ടിയെങ്കിലും തിരിച്ചടച്ചു കഴിഞ്ഞിട്ടും ജപ്തി ഭീഷണി നേരിടുന്ന സാധാരണക്കാര്‍ക്ക,് പലിശയിളവും പിഴപ്പലിശയിളവും അനുവദിച്ചു കൊണ്ട് ബാക്കി വായ്പാ തുക രണ്ടുവര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന വിധം പുന:ക്രമീകരിച്ചും നല്‍കും. സാമ്പത്തിക പ്രയാസത്താല്‍ വായ്പ തിരിച്ചടക്കാനാകാതെ ജപ്തി ഭീഷണി നേരിടുന്ന നിരവധി നിവേദനങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സമഗ്ര കടാശ്വാസ പദ്ധതി രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
പദ്ധതി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 40 കോടിയില്‍പ്പരം രൂപയുടെ അധിക ബാധ്യത ഉണ്ടാകും. ധനകാര്യ വകുപ്പാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ്, പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ കോര്‍പ്പറേഷനുകള്‍, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, റവന്യൂ വകുപ്പ് എന്നിവിടങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ക്കാണ് ആനുകൂല്യം.
വായ്പാ സ്ഥാപനങ്ങളില്‍ സ്വീകരിക്കുന്ന കടാശ്വാസ അപേക്ഷയില്‍ രണ്ട് മാസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കും. തീയതി മുന്‍കൂട്ടി അറിയിച്ച്, ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ എല്ലാ ഈടുകളും തിരികെ നല്‍കും. പദ്ധതി നടത്തിപ്പിനായി ഗുണഭോക്താവില്‍നിന്ന് അപേക്ഷയൊഴികെ യാതൊരു സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha