പ്‌ളാസ്റ്റിക്കും റബറും കത്തിക്കാനൊരുങ്ങുന്നവര്‍ ജാഗ്രതൈ! പിന്നാലെ പോലീസ്, പരാതികിട്ടിയാല്‍ ഉടന്‍ നടപടി

സ്വന്തം പറമ്പില്‍ പ്‌ളാസ്റ്റിക്കും റബറും കൂട്ടിയിട്ട് കത്തിക്കാനൊരുങ്ങുന്നവര്‍ സൂക്ഷിക്കുക; ഇനി അങ്ങനെ ചെയ്താല്‍ പിന്നാലെ പൊലീസത്തെും. സ്വന്തം സ്ഥലമായാലും പൊതുസ്ഥലമായാലും ശരി. പക്ഷേ ആരെങ്കിലും പരാതിപ്പെടണമെന്ന് മാത്രമേ നടപടി പോലീസിനെടുക്കാന്‍ സാധിക്കുകയുള്ളൂ. പ്‌ളാസ്റ്റിക്, റബര്‍ എന്നിവ കത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കുലറിലൂടെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയത്. തുറസ്സായ സ്ഥലങ്ങളില്‍ പ്‌ളാസ്റ്റിക്കും റബറും കത്തിക്കുന്നത് തടയണമെന്ന നിര്‍ദേശം മാസം മുമ്പ് ഹൈക്കോടതി നല്‍കിയിരുന്നു. ഇവ കത്തിക്കുന്നത് പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാണെന്നും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് കടമയാണെന്നുമുള്ള നിരീക്ഷണമാണ് കോടതി നടത്തിയത്. പ്രവൃത്തിയില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു.
ഇത് നടപ്പാക്കുന്ന ഭാഗമായി ആദ്യം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉപദേശിച്ച് പിന്തിരിപ്പിക്കണമെന്നും തുടരുകയാണെങ്കില്‍ അടുത്ത ഘട്ടമായി പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ നടപടിക്കും കോടതി നിര്‍ദേശിച്ചിരുന്നു. കോടതിയുടെ ഈ നിര്‍ദേശത്തിലാണ് നടപടിക്ക് പൊലീസ് ഒരുങ്ങുന്നത്.
പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതര കോട്ടമുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 268, 269, 278 സെക്ഷനുകള്‍ പ്രകാരം നടപടി കൈക്കൊള്ളാമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.
കേരള പൊലീസ് ആക്ടിലെ 120 (ഇ) വകുപ്പ് പ്രകാരവും നടപടിയെടുക്കാം. ക്രിമിനല്‍ ചട്ടപ്രകാരം പൊലീസിന്റെ പ്രത്യേകാധികാരം ഉപയോഗിച്ചും കോടതിയുടെ നിര്‍ദേശം നടപ്പാക്കണമെന്നാണ് സര്‍ക്കുലറില്‍ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുള്ളത്. തുറസ്സായ സ്ഥലങ്ങളില്‍ പ്‌ളാസ്റ്റിക്, റബര്‍ ഉല്‍പന്നങ്ങള്‍ കത്തിക്കുന്നതിനെതിരെ ഉചിത നടപടികള്‍ കൈക്കൊള്ളുന്നുവെന്ന് എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഉപ്പുവരുത്തണമെന്നും ഇതുസംബന്ധിച്ച് കൈക്കൊണ്ട നടപടി ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച നടപടി ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha