കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറമാറ്റം വേണം: ആന്റണി

കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറ മാറ്റം വേണമെന്ന നിര്‍ദേശവുമായി മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. പഴയ തലമുറയ്‌ക്കൊപ്പം പുതിയവരും നേതൃത്വത്തിലേക്ക് കടന്നുവരണം. പാര്‍ട്ടിയുടെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായി. അകന്നുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ പാര്‍ട്ടിക്ക് സാധിക്കണം. ഇനിയാരും അകന്നുപോകാതിരിക്കാനും ശ്രമിക്കണം. അതിനുള്ള പ്രതീക്ഷ നല്‍കാന്‍ കോണ്‍ഗ്രസിനു കഴിയണം. കോണ്‍ഗ്രസിലെ തമ്മില്‍ തല്ല് ഇല്ലാതായാല്‍ മാത്രമേ അകന്നുപോയവര്‍ തിരിച്ചുവരൂ. ചര്‍ച്ച നടത്തി ഒരുമിച്ച് ഫോട്ടോ എടുത്തതുകൊണ്ട് കാര്യമില്ല. തമ്മില്‍തല്ല് കൊണ്ട് മാത്രമാണ് ഭരണത്തുടര്‍ച്ച ഇല്ലാതായത്. കോണ്‍ഗ്രസിനുള്ളിലേക്ക് ഇപ്പോള്‍ ചെറുപ്പക്കാര്‍ വരുന്നില്ലെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
കേരളത്തിലെ കോണ്‍ഗ്രസ് കണ്ടാലും കൊണ്ടാലും പഠിക്കാത്ത സ്ഥിതിയിലാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ സംഘപരിവാര്‍ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നു. കേരളത്തിലെ ജനകീയ അടിത്തറ പങ്കിട്ടെടുക്കാനുള്ള ശ്രമം തിരിച്ചറിയണം.
സമയവും സന്ദര്‍ഭവും ആര്‍ക്കു വേണ്ടിയും കാത്തിരിക്കില്ല. ഒറ്റക്കെട്ടായി മുന്നോട്ടുപോയില്ലെങ്കില്‍ അടര്‍ന്നുപോയവര്‍ തിരികെവരില്ല. ഒന്നിച്ചുനിന്നില്ലെങ്കില്‍ നേതാക്കന്മാര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ലെന്നും ആന്റണി മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha