ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ തുന്നിക്കെട്ടിയ സംഭവത്തില്‍ വിശദീകരണവുമായി ഗവ.മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍

നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടയില്‍ ഉപകരണം തുന്നിക്കെട്ടിയ സംഭവത്തില്‍ വിശദീകരണവുമായി ഗവ.മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി. ഏകദേശം 11.5 കിലോഗ്രാം വരെ വലിപ്പമുളള ഗര്‍ഭാശയമുഴയാണ് നീക്കം ചെയ്തത്. ഈ മുഴ നീക്കം ചെയ്യാനുപയോഗിച്ച ക്ലിപ്പ് ഒടിഞ്ഞുവീഴുകയായിരുന്നു. ഈ ക്ലിപ്പിന്റെ ഭാഗത്തിന്റെ വലിപ്പം 23 സെന്റീമീറ്റര്‍ മാത്രമാണ്. ശസ്ത്രക്രിയ നടക്കുമ്പോള്‍ തന്നെ ഇത് തിരിച്ചറിഞ്ഞിരുന്നു.
ശസ്ത്രക്രിയ നടക്കുമ്പോള്‍ ഗര്‍ഭപാത്രം പിടിക്കുവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഈ ഉപകരണം മാത്രമാണുളളത്. ഒടിഞ്ഞ കഷണം നീക്കം ചെയ്ത ഗര്‍ഭപാത്രത്തിനുളളില്‍ ആയിരിക്കുമെന്ന പ്രതീക്ഷയില്‍ വയര്‍ അടക്കാതെ നീക്കിയ ഗര്‍ഭപാത്രം ആശുപത്രി അറ്റന്റര്‍ വശം കൊടുത്തുവിട്ട് എക്‌സ്‌റേ പരിശോധന നടത്തിയെങ്കിലും കണ്ടില്ല. തുടര്‍ന്ന് വയര്‍ കൂടുതല്‍ വിശദമായി പരിശോധിക്കുവാനായി സ്‌പൈനല്‍ അനസ്‌തേഷ്യയെ ജനറല്‍ അനസ്‌തേഷ്യയാക്കി മാറ്റി ഗൈനക് ഡോക്ടറും അവിടത്തെ സര്‍ജനും കൂടി വിശദമായി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
ശസ്ത്രക്രിയ മുറി മുഴുവന്‍ അവരെല്ലാം ആ ഭാഗത്തിനായി തിരഞ്ഞു. ഈ സ്ഥിതി അനിശ്ചിതകാലം തുടരാനാകാത്തതിനാല്‍ വയര്‍ തുന്നിക്കെട്ടി. രോഗി അനസ്‌തേഷ്യയില്‍ നിന്നും പുറത്ത് വന്നതിനുശേഷം പുറത്തുളള ലാബില്‍ വിട്ട് ഡിജിറ്റല്‍ എക്‌സ്‌റേ പരിശോധന നടത്തി. ഒടിഞ്ഞ ഭാഗം വയറ്റിനുളളില്‍ തന്നെയുണ്ടെന്ന് കണ്ടെത്തി. സി ആം എന്ന ഓപ്പറേഷന്‍ തിയേറ്ററിലെ തത്സമയ എക്‌സ്‌റേ ഉപകരണമില്ലാതെ ഇത് വീണ്ടും വയറ്റിനുളളില്‍ തിരയാന്‍ സാദ്ധ്യമല്ലാത്തതിനാല്‍ അതിനായി ആംബുലന്‍സ് വരുത്തി നഴ്‌സിനെയും തിയേറ്റര്‍ ടെക്‌നീഷ്യനെയും കൂട്ടി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ വിളിച്ചു പറഞ്ഞതിനു ശേഷം അങ്ങോട്ടേക്കു വിട്ടു. അവിടെ സി ആം എന്ന ഉപകരണമുളള ഓപ്പറേഷന്‍ തിയേറ്റര്‍ രാത്രി 8.30 മണിയോടെ ഫ്രീയായി. വിശാലമായ മുറിവുണ്ടാക്കിയാണ് വയറിന്റെ ഏറ്റവും ഉളളിലെ മടക്കുകളില്‍ ഒളിഞ്ഞിരുന്ന ആ ഭാഗം ഏറെ പണിപ്പെട്ട് കണ്ടെടുത്തത്.
പരിമിതമായ സാഹചര്യത്തില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കുകയും, പ്രസ്തുത വിഷയത്തില്‍ ഡോക്ടര്‍മാരുടെയോ മറ്റ് ജീവനക്കാരുടെയോ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലായെന്നും, രോഗിക്ക് വേണ്ട രീതിയിലുളള എല്ലാ പരിചരണങ്ങളും നല്‍കിയ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha