പലതവണ സാമിനെ അരുണ്‍ കൊല്ലാന്‍ ശ്രമിച്ചിരുന്നു; അവസാനം കൊല നടത്തിയത് ഇങ്ങനെ...

ഒന്‍പതു മാസത്തെ നീണ്ട അന്വേഷണത്തിനൊടുവില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ യുവാവിനെ വിഷം നല്‍കി കൊന്ന കേസില്‍ മലയാളി ഭാര്യയും കാമുകനും അറസ്റ്റില്‍. പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാം (34) (മെല്‍ബണ്‍ യുഎഇ എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥന്‍) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ സോഫി (32), കാമുകന്‍ പാലക്കാട് സ്വദേശി എന്നു കരുതുന്ന അരുണ്‍ കമലാസനന്‍ (34) എന്നിവര്‍ പോലീസ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 14നു രാത്രിയാണ് സാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇരുവരെയും
കഴിഞ്ഞ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഫെബ്രുവരി 13 വരെ റിമാന്‍ഡ് ചെയ്തു. സാമും ഭാര്യ സോഫിയും മൂന്നു വര്‍ഷമായി മെല്‍ബണിലെ എപ്പിങ്ങില്‍ ആണ് താമസിച്ചിരുന്നത്. ഇവര്‍ക്കു നാലര വയസ്സുള്ള ആണ്‍കുട്ടി ഉണ്ട്. ഹൃദയാഘാതം മൂലം സാം മരിച്ചെന്നാണ് സോഫി പറഞ്ഞത്. നാട്ടിലെത്തിച്ച മൃതദേഹം ഒക്ടോബര്‍ 23നു കരവാളൂര്‍ ബഥേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കരിച്ചു. മെല്‍ബണിലേക്കു മടങ്ങിയ സോഫി പിന്നീടു മറ്റൊരു വീട്ടിലേക്കു താമസം മാറ്റി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സാമിനെ കൊല്ലാന്‍ ശ്രമം നടന്നിരുന്നു.
മെല്‍ബണ്‍ റെയില്‍വേ സ്‌റ്റേഷനിലെ കാര്‍പാര്‍ക്കില്‍ സാമിനെ കുത്തിയ ശേഷം അക്രമി രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ചിരുന്ന അക്രമി സാമിനെ കഴുത്തിലും തോളിലും കുത്തിയെങ്കിലും പരുക്കു ഗുരുതരമായിരുന്നില്ല. പ്രതിയെ കണ്ടെത്താനായില്ല. അന്ന് ആക്രമിച്ചതും അരുണാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സോഫിയും അരുണും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് നിര്‍ണായക തെളിവായി.
മലയാളത്തിലുള്ള ഇവരുടെ സംഭാഷണങ്ങള്‍ ഇംഗ്ലിഷിലേക്കു മാറ്റി ഹാജരാക്കും. സാം മരിച്ച ദിവസം ഇവരുടെ വീട്ടില്‍ അരുണ്‍ എത്തിയതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചു. പലതവണ സാമിനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും നടക്കാതായതോടെയാണ് ഭക്ഷണത്തില്‍ സയനൈഡ് നല്‍കി കൊല്ലാന്‍ തീരുമാനിച്ചത്. മാര്‍ത്തോമ്മാ യുവജന സഖ്യം കരവാളൂര്‍ ബഥേല്‍ യൂണിറ്റ് മുന്‍ സെക്രട്ടറിയായ സാം അറിയപ്പെടുന്ന ഗായകനും മെല്‍ബണ്‍ മലയാളി സമൂഹത്തിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
ഒരേ ഇടവകാംഗങ്ങളായിരുന്ന ഇവരുടേത് പ്രണയവിവാഹമായിരുന്നു. കോളജില്‍ പഠിക്കുമ്പോഴാണു അരുണുമായി സോഫി പരിചയപ്പെട്ടത്. വിവാഹത്തിനു ശേഷവും ഇരുവരും തമ്മില്‍ അടുപ്പം തുടര്‍ന്നു. പിന്നീട് അരുണ്‍ ഓസ്‌ട്രേലിയയിലെത്തി. ആലക്കുന്നില്‍ എ.എസ്.ഏബ്രഹാമിന്റെയും ലീലാമ്മയുടെയും മകനാണ് സാം.
https://www.facebook.com/Malayalivartha