ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയോട് കാട്ടിയത് മര്യാദകേട് മന്ത്രി കടകംപള്ളി

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ ശക്തമായ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ കാണിച്ചത് മര്യാദകേടാണെന്ന് ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ശബരിമലയില്‍ ഉപവാസം നടത്തിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. സ്ത്രീപ്രവേശനത്തില്‍ പ്രസിഡന്റ് അഭിപ്രായം പറയേണ്ടതില്ലെന്ന് മന്ത്രി സൂചിപ്പിച്ചു.
വിഐപികള്‍ക്കുള്ള ക്യൂ ഒഴിവാക്കി ദര്‍ശനത്തിനായി സംഭാവന വാങ്ങാമെന്നത് നിര്‍ദ്ദേശം മാത്രമാണെന്ന് മന്ത്രി പറഞ്ഞു. വികാരമല്ല വിചാരമാണ് ദേവസ്വം പ്രസിഡന്റിനെ നയിക്കേണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ശബരിമല മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി അവലോകന യോഗം ചേര്‍ന്നത്. ശബരിമലയിലെ വിഐപി സന്ദര്‍ശനം ഒഴിവാക്കണമെന്നും ശബരിമല നട നിത്യവും തുറക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ ഇത് സാധ്യമല്ലെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. തുടര്‍ന്ന് പ്രയാറിന്റെ നിലപാടില്‍ രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിലവിലുള്ള വിഐപി ക്യൂ ഒഴിവാക്കി പകരം വിഐപികള്‍ക്ക് ദര്‍ശനത്തിനായി തിരുപ്പതി മോഡലില്‍ പ്രത്യേക പണം ഈടാക്കി സംവിധാനം ഒരുക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി അഭിപ്രായം ആരാഞ്ഞു. എന്നാല്‍ പണമുള്ളവന് മാത്രം പാസ് എന്ന സംവിധാനം നടക്കില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം, ശബരിമലയോടു ചേര്‍ന്ന് വിമാനത്താവളം തുടങ്ങുന്നത് ആലോചനയിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതയില്‍ 50 കിമീ ചുറ്റളവില്‍ യാത്രാഭവനുകള്‍ സ്ഥാപിക്കും. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ഥാടകരെ എത്തിക്കുന്നതിന് റോപ് വേ സൗകര്യം ഒരുക്കും. പമ്പയില്‍ നിന്ന് തീര്‍ഥാടകര്‍ക്കായി പ്രത്യേകപാതയും പരിഗണനയിലെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha