മോഡി ഇന്ന് കേരളത്തില്‍, എത്തുന്നത് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി, യോഗത്തില്‍ പാകിസ്ഥാന്‍ മുഖ്യ വിഷയം

ദേശീയ കൗണ്‍സില്‍ യോഗങ്ങളില്‍ രാഷ്ട്രീയം, ധനകാര്യം, വിദേശകാര്യം എന്നിവയില്‍ മൂന്ന് പ്രമേയങ്ങള്‍ അവതരിപ്പിക്കുകയാണ് പതിവ് രീതി.എന്നാല്‍ ഞായറാഴ്ച നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കശ്മീര്‍ പ്രശ്നവും ഉറിയിലെ തീവ്രവാദി ആക്രമണവും ഇന്ത്യ-പാക് ബന്ധവും വിശദമായ ചര്‍ച്ചയാകും. ജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കോഴിക്കോട്ടെത്തും.
ഇത്തവണ എല്ലാ വിഷയങ്ങളും ഉള്‍പ്പെടുത്തി രാഷ്ട്രീയപ്രമേയം മാത്രം അവതരിപ്പിക്കാനാണ് വെള്ളിയാഴ്ച ചേര്‍ന്ന ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചത്. കശ്മീരിലെ സംഘര്‍ഷം, ഉറിയിലെ തീവ്രവാദി ആക്രമണം, പാകിസ്താനോടുള്ള നിലപാട് എന്നിവ രാഷ്ട്രീയപ്രമേയത്തില്‍ ഉള്‍പ്പെടുത്തി ചര്‍ച്ചചെയ്യാനാണ് തീരുമാനം. ചര്‍ച്ചയിലൂടെ പാര്‍ട്ടിനിലപാട് വ്യക്തമാക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു.
യോഗത്തിനെത്തുന്ന പ്രധാന മന്ത്രി ഇന്നും നാളെയും നഗരത്തില്‍ തങ്ങും. വെസ്റ്റ്ഹില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് പ്രധാനമന്ത്രിക്കു താമസം ഒരുക്കിയിരിക്കുന്നത്. റോഡു മാര്‍ഗം കടപ്പുറത്ത് എത്തുന്ന പ്രധാനമന്ത്രി ദേശീയ കൗണ്‍സിലിന്റെ ഭാഗമായ പൊതു സമ്മേളനത്തില്‍ വൈകുന്നേരം അഞ്ചരയോടെ പ്രസംഗിക്കും. വൈകുന്നേരം ഏഴരയ്ക്കു സാമൂതിരി സ്‌കൂളില്‍ നടക്കുന്ന സ്മൃതി സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കും. പഴയകാല ജനസംഘം നേതാക്കളെയും അടിയന്തരാവസ്ഥ വിരുദ്ധ സമരക്കാരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നാളെ രാവിലെ ഒന്‍പതരയോടെ ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്ന സ്വപ്നനഗരിയില്‍ പ്രധാനമന്ത്രിയെത്തും. ദേശീയ കൗണ്‍സിലില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി വൈകുന്നേരം വരെ ഇവിടെ ചെലവഴിക്കും. ദേശീയ കൗണ്‍സില്‍ വേദിക്കു സമീപത്തായി പ്രധാനമന്ത്രിയുടെ ഓഫിസും ക്രമീകരിച്ചിട്ടുണ്ട്.
പ്രമേയം കൂടാതെ, ദേശീയാധ്യക്ഷന്റെ ഉദ്ഘാടനപ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമാപനപ്രസംഗത്തിലും ഉറി തീവ്രവാദി ആക്രമണവും പാകിസ്താന്റെ പങ്കും പരാമര്‍ശിക്കപ്പെടും.
https://www.facebook.com/Malayalivartha