മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിൽ പൾസർ സുനിയെ വിമർശിച്ചപ്പോഴും ഭാവഭേദമില്ല: ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ കരഞ്ഞ് വികാരം പ്രകടിപ്പിച്ച് മറ്റ് പ്രതികൾ: ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി...

ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ മറ്റ് പ്രതികൾ കരഞ്ഞ് വികാരം പ്രകടിപ്പിച്ചപ്പോഴും ഭാവഭേദമില്ലാതെയായിരുന്നു ഒന്നാം പ്രതി പള്‍സര്‍ സുനി നിന്നത്. മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിലാണ് പൾസർ സുനിയുടെ വാദത്തിനിടെ കോടതി പ്രതികരിച്ചത്. ഈ കേസിനെ ദില്ലിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യരുതെന്ന് സുനിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ട വേളയിലടക്കം കോടതി നീരസം പ്രകടിപ്പിച്ചു.
ശിക്ഷാവിധി സംബന്ധിച്ച് പ്രതികൾക്ക് എന്നാണ് പറയാൻ ഉള്ളതെന്നായിരുന്നു കോടതി പ്രതികളോട് ഓരോരുത്തരോടുമായി ആരാഞ്ഞു. വീട്ടിൽ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പൾസർ സുനി പറഞ്ഞത്. കേസിൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും അസുഖബാധിതരായ മാതാപിതാക്കൾ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലിൽ കഴിഞ്ഞെന്നും ശിക്ഷാവിധിയിൽ ഇളവ് വേണമെന്നും മാർട്ടിൻ കോടതിയോട് പറഞ്ഞു.
ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠൻ കോടതിയിൽ പറഞ്ഞത്. ജയിൽശിക്ഷ ഒഴിവാക്കി നൽകണമെന്നും മണികണ്ഠൻ കോടതിയോട് അഭ്യർത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചത്. കണ്ണൂർ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിംവാൾ സലിം കോടതിയിൽ പറഞ്ഞത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞിൻ്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയിൽ പറഞ്ഞു. കുടുംബത്തിൻ്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയിൽ പറഞ്ഞത്. പ്രദീപും കോടതിയിൽ പൊട്ടിക്കരഞ്ഞു.
നേരത്തെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യരുത് എന്ന വിചാരണ കോടതി ജഡ്ജി മുന്നറിയിപ്പ് നൽകിയിരുന്നു. ഹണി എം വർഗീസിൻ്റെ ഭൂതകാലം അന്വേഷിച്ചു കൊള്ളു, എന്നാൽ കോടതി നടപടികൾ ബുദ്ധിമുട്ടിച്ചാൽ കോടതി അലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്നും വിചാരണക്കോടതി ചൂണ്ടിക്കാണിച്ചു. കേസിന്‍റെ കോടതി നടപടികളെ കുറിച്ച് വളച്ചൊടിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് മാധ്യമങ്ങൾക്കും അഭിഭാഷകർക്കും മുന്നറിയിപ്പ് നൽകുകയായിരുന്നു. നടൻ ദിലീപ് എട്ടാം പ്രതിയായിരുന്ന കേസിൽ ഡിസംബർ എട്ടിനാണ് വിധി പ്രഖ്യാപിച്ചത്.
ദിലീപിനെ കോടതി കുറ്റവിമുക്തനാക്കുകയും, ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ മറ്റ് ആറ് പേരെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇന്ന് ആറ് പ്രതികളുടെ ശിക്ഷാവിധി പറയും മുമ്പാണ് ജഡ്ജി മുന്നറിയിപ്പ് നൽകിയത്. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുമെന്ന് ജഡ്ജി വ്യക്തമാക്കി. തന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളിൽ തനിക്ക് പ്രശ്നമില്ല. എന്നാൽ, കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകൾ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജഡ്ജി പറഞ്ഞു. കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും.
കേസിന്‍റെ കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ, മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിലക്കുന്ന 'നിപുൺ സക്സേന vs യൂണിയൻ ഓഫ് ഇന്ത്യ' കേസിൽ സുപ്രീം കോടതി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ട കേസായിരുന്നു ഇതെന്നും ജഡ്ജി ഹണി എം വർഗീസ് എടുത്തുപറഞ്ഞു. എന്നാൽ, കേസിലെ റിപ്പോർട്ടിംഗിൽ പലപ്പോഴും ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha


























