കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കോഴിക്കോട് ഇറങ്ങേണ്ട വിമാനം ഇറങ്ങിയത് കൊച്ചിയില്‍

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം തിരിച്ചുവിട്ടു. അബുദാബിയില്‍ നിന്നെത്തിയ എത്തിഹാദ് വിമാനം വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിക്കെത്തുകയും കൊച്ചിയിലേക്ക് വിടുകയും ആയിരുന്നു. വിമാനത്തിന്റെ ഈ അപ്രതീക്ഷിത മാറ്റം തിരിച്ചുപോകേണ്ടതും നാട്ടില്‍ ഇറങ്ങേണ്ടതുമായ അനേകം യാത്രക്കാര്‍ക്ക് തിരിച്ചടിയായി മാറി.
അബുദാബിയില്‍ നിന്നും പുലര്‍ച്ചെ മൂന്നേമുക്കാലോടെ കോഴിക്കോട്ട് ഇറങ്ങുകയും ഒരു മണിക്കൂറിന് ശേഷം മടങ്ങുകയും ചെയ്യേണ്ടിയിരുന്ന വിമാനം മഞ്ഞിനെ തുടര്‍ന്ന് മറ്റൊരു വിമാനത്താവളത്തില്‍ ഇറക്കിയെങ്കിലും ഡ്യൂട്ടി സമയം തീര്‍ന്നതിനാല്‍ തുടര്‍ന്നുള്ള യാത്രയ്ക്കായി പൈലറ്റ്മാര്‍ ഉണ്ടായിരുന്നില്ല. ഇതോടെ വിമാനം കോഴിക്കോട്ടേയ്ക്ക് മടങ്ങിയുമില്ല. പുലര്‍ച്ചെ മഞ്ഞ് മാറി മാനം തെളിഞ്ഞെങ്കിലും അബുദാബിയില്‍ നിന്നും പകരം ജീവനക്കാരെ കൊച്ചിയിലെത്തിച്ച് സര്‍വീസ് നടത്തേണ്ടി വരികയായിരുന്നു.
തുടര്‍ന്ന് അര്‍ദ്ധരാത്രിയോടെ സര്‍വീസ് പുന:ക്രമീകരിച്ചെങ്കിലും യാത്ര മുടങ്ങിയത് അനേകര്‍ക്കായിരുന്നു. വിമാനത്തില്‍ പോകേണ്ടിയിരുന്നത് 376 യാത്രക്കാരായിരുന്നു. ഇവരെ കമ്പനി നേരത്തേ വീട്ടിലേക്ക് തിരിച്ചയച്ചിരുന്നെങ്കിലും സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാക്കിയ ശേഷം രാത്രി എട്ടു മണിയോടെ ഇവരെ തിരിച്ചു വിളിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചുമില്ല.
https://www.facebook.com/Malayalivartha