ആറ് ദിവസം ചിക്കന്‍ ബിരിയാണിയും ഒരു ദിവസം മട്ടനും: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അഥവാ ഗോവിന്ദചാമിയുടെ സുഖവാസകേന്ദ്രം

കേരളാ ജയില്‍ സൂപ്പര്‍ ജെയിലെന്ന് ഗോവിന്ദച്ചാമിയുടെ കമന്റ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഖവാസ ജീവിതത്തില്‍ കേരളത്തെ നൊമ്പരപ്പെടുത്തിയ സൗമ്യ വധക്കേസിലെ പ്രതികഴിയുമ്പോള്‍ അത് കേരള സമൂഹത്തിന് ഒട്ടാകെ അപമാനം. ജയില്‍വാസം ആസ്വദിക്കുകയാണിയാള്‍. സമയത്തിന് ഭക്ഷണം സുഖ ജീവിതം. പണിയെടുക്കേണ്ട, വാദിക്കാന്‍ കൊടികെട്ടിയ വക്കീലന്‍മാര്‍.
മുന്‍പത്തെ പോലെ ട്രെയിനിലും റോഡിലും ഭിക്ഷയാചിച്ച് അലയേണ്ട, ഭക്ഷണത്തിന് വേണ്ടി ആരുടെ മുന്നിലും കൈനീട്ടേണ്ട. എല്ലാം കൃത്യസമയത്ത് എത്തിച്ചുകൊടുക്കാന്‍ യൂണിഫോമിട്ട പോലീസുകാര്‍. മൃഷ്ടാന്നഭോജനം, ഒരു ജോലിയും ചെയ്യാതെ സുഖകരമായ ഉറക്കം, ടിവി കാണാനുള്ള സൌകര്യം, സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ചികിത്സ. നിരാലംബയായ പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയവന് ശിക്ഷയെന്ന പേരില്‍ ഭരണംകൂടം നല്‍കുന്ന പാരിതോഷികങ്ങള്‍ ഇതൊക്കെയാണ്. ജയിലിലെ ഗോവിന്ദച്ചാമിയുടെ സുഖജീവിതത്തെക്കുറിച്ച്
വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ് ഗോവിന്ദച്ചാമി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കില്‍ സുഖലോലുപനായി കഴിയുകയാണ് ഇയാളിപ്പോള്‍. കോടതി ഉത്തരവ് ഔദ്യോഗികമായി ലഭിക്കാത്തതിനാല്‍ ജയിലിലെ ഭാരിച്ച ജോലികളൊന്നും ഗോവിന്ദച്ചാമിയെക്കൊണ്ട് ചെയ്യിക്കാന്‍ തുടങ്ങിയിട്ടില്ല. ഒരു കൈയില്ലാത്തതിനാല്‍ ജോലിയില്‍ ഇളവുകിട്ടാനും സാധ്യതയുണ്ട്. ആദ്യകാലങ്ങളില്‍ അക്രമസ്വഭാവം കാണിച്ചിരുന്ന ചാമി ഇപ്പോള്‍ ശാന്തനാണ്. ആരോടും ഒരു വഴക്കിനുംപോകാതെ മൂന്നുനേരം മൃഷ്ടാന്നഭോജനവും ഉറക്കവും.
ആഴ്ചയില്‍ രണ്ടുദിവസം മീന്‍കറിയും ചോറും, ഒരുദിവസം മട്ടന്‍ കറി. മൂന്നുദിവസം സസ്യാഹാരം ഇതാണ് ജയിലിലെ മെനു. പക്ഷെ ഇവയൊന്നും ഇല്ലാത്ത ദിവസങ്ങളില്‍ ജയില്‍ ബിരിയാണിയാണ് ഗോവിന്ദച്ചാമി കഴിക്കാറ്. സഹോദരന്‍ സുബ്രഹ്മണ്യന്‍ കൃത്യമായി പണം എത്തിക്കുന്നതിനാല്‍ ജയിലിലുണ്ടാക്കുന്ന ഫ്രീഡം ബിരിയാണി വാങ്ങാന്‍ യാതൊരു തടസവുമില്ല. പ്രാതലിന് ഇഡ്ഡലി, ദോശ, ചപ്പാത്തി.. തുടങ്ങിയ വിഭവങ്ങള്‍. ആവശ്യത്തിന് പണം കയ്യിലുള്ളതിനാല്‍ ജയിലിലുണ്ടാക്കുന്ന ചപ്പാത്തിയോ ചിക്കന്‍കറിയോ ബിരിയാണിയോ അങ്ങനെ ഇഷ്ടമുള്ളതെന്തും ചാമി വാങ്ങിക്കഴിക്കും. ഭക്ഷണകാര്യത്തില്‍ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറാകാത്ത ഗോവിന്ദച്ചാമി ഒരിക്കല്‍ ബിരിയാണിയില്ലാത്തതിനാല്‍ ജയിലിലെ ക്യാമറ തല്ലിപ്പൊളിക്കുകയും ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതിന് ലഭിച്ചത് അഞ്ചുമാസത്തെ അധിക തടവുശിക്ഷ മാത്രം. കൂടിയ അളവില്‍ ഭക്ഷണം കഴിക്കുന്ന ചാമിക്ക് കൊളസ്‌ട്രോളോ ഹൃദയസംബന്ധമായ രോഗങ്ങളോ പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണ് ജയിലധികൃതരുടെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ ചെലവില്‍ സൗജന്യ ചികിത്സകൂടി വേണ്ടിവരും.
ഭ്രാന്തന്‍മാര്‍, എയ്ഡ്‌സ് രോഗികള്‍, അക്രമകാരികള്‍ തുടങ്ങി അതീവ സുരക്ഷ ആവശ്യമുള്ളവര്‍ താമസിക്കുന്ന ബ്ലോക്കിലാണ് ഇയാളുടെ വാസം. വിമുക്തഭടന്മാരായ നാല് ജയില്‍ ജീവനക്കാരുടെ നിരീക്ഷണം എപ്പോഴും ഗോവിന്ദച്ചാമിക്ക് മേലുണ്ട്. ജോലിയൊന്നും ചെയ്യാനില്ലാത്തതിനാല്‍ മിക്കവാറും സമയങ്ങളില്‍ ഉറങ്ങാറാണ് പതിവ്. 110 പേരുള്ള ബ്ലോക്കില്‍ ടിവി കാണാനും സംവിധാനമുണ്ട്. ശിക്ഷ ജീവപര്യന്തമായി കുറഞ്ഞതിനാല്‍ ഇനിയുള്ള കാലം സുഖവാസം തുടരാമെന്ന സന്തോഷം ഗോവിന്ദച്ചാമിയുടെ മുഖത്ത് പ്രകടമാണെന്ന് ജയില്‍ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണത്രെ ഗോവിന്ദച്ചാമിയുടെ നടപ്പ്. ഇതിലും സുരക്ഷിതമായ ഒരിടം ലോകത്ത് വേറെയില്ലെന്ന നിലയിലാണ് ഗോവിന്ദച്ചാമിയുടെ ചിന്ത.
ആകെ രണ്ടുപേര്‍ മാത്രമാണ് ഇയാളെ കാണാന്‍ ഇതുവരെ ജയിലിലെത്തിയിട്ടുള്ളത്. അനിയന്‍ സുബ്രഹ്മണ്യനും അഡ്വ. ബിഎ ആളൂരും മാത്രം. ഇവരെയല്ലാതെ മറ്റൊരാളെ ഗോവിന്ദച്ചാമി ഫോണില്‍ വിളിച്ചിട്ടുമില്ല. സുബ്രഹ്മണ്യന്‍ സേലത്തെ അറിയപ്പെടുന്ന മോഷ്ടാവാണ്. പിടിച്ചുപറിക്കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. മോഷണത്തിലൂടെ ലഭിക്കുന്ന പണമാണ് ഇയാള്‍ ഗോവിന്ദച്ചാമിക്ക് നല്‍കുന്നത്. ആകാശപ്പറവകള്‍ എന്ന സംഘടനക്ക് താനുമായി ഒരു ബന്ധവുമില്ലെന്നും തന്റെ കേസ് വാദിക്കുന്നതിലൂടെ പ്രശസ്തി മാത്രമാണ് അഡ്വ. ബി എ ആളൂര്‍ ലക്ഷ്യമിടുന്നതെന്നും ഗോവിന്ദച്ചാമി ജയിലധികൃതരോട് പറയുന്നുണ്ട്. ഗോവിന്ദച്ചാമിയെ ജയിലിനുള്ളില്‍ സഹതടവുകാര്‍ ആക്രമിക്കുമോയെന്ന ആശങ്കയിലാണ് ജയില്‍ ജീവനക്കാര്‍. അതുകൊണ്ടുതന്നെ എപ്പോഴും ഇയാളെ നിരീക്ഷിക്കാന്‍ ജയിലില്‍ സംവിധാനമുണ്ട്.
എന്തായാലും കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ സൗമ്യയെ ഇല്ലാതാക്കിയയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഖിക്കുകയാണ്. കുറ്റവാളികള്‍ക്ക് സുഖവാസ ജീവിതം നല്‍കുന്ന ജയിലുകള്‍ കൂടതലാളുകളെ തെറ്റുചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ അതിനെ കുറ്റം പറയാന്‍ പറ്റുമോ. സത്യത്തില്‍ ഇരക്കും കുടുംബത്തിനും കണ്ണീരും പരിഹാസവും പുച്ഛവും കൊലയാളിക്ക് സുഖവാസവും.
https://www.facebook.com/Malayalivartha