പശുവിന്റെ കുത്തേറ്റ രവീന്ദ്രന് മികച്ച ചികിത്സ നല്‍കിയിരുന്നു

പശുവിന്റെ കുത്തേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നെടുമങ്ങാട് പുലിപ്പാറ കൈലാസത്തില്‍ രവീന്ദ്രന് (63) മികച്ച ചികിത്സ നല്‍കിയിരുന്നതായി സര്‍ജറി വിഭാഗം മേധാവി. ആശുപത്രി രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ജറി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, അനസ്തീഷ്യ, ഹെമറ്റോളജി എന്നീ വിഭാഗങ്ങള്‍ സംയുക്തമായാണ് രവീന്ദ്രന്റെ ചികിത്സകള്‍ നിയന്ത്രിച്ചത്. കുത്തേറ്റ ഭാഗത്തുണ്ടായ ആഴത്തിലുള്ള മുറിവും രക്തസ്രാവവും അണുബാധയും ഇതിനെത്തുണ്ടായ ഹൃദസ്തംഭനവുമാണ് മരണത്തിലേക്ക് നയിച്ചത്. ഇക്കാര്യം സ്ഥിരീകരിക്കാനായി പോസ്റ്റുമോര്‍ട്ടവും നടത്തി.
ഈ മാസം അഞ്ചാം തീയതി വൈകുന്നേരമാണ് രവീന്ദ്രന് പശുവിന്റെ കുത്തേറ്റത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്ത് അന്ന് രാത്രി 8.45 ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യഹിത വിഭാഗത്തില്‍ അദ്ദേഹത്തെ കൊണ്ടുവരികയും പരിശോധനയില്‍ ഇടത്തേ തുടയില്‍ ആഴത്തില്‍ മുറിവേറ്റതായും കണ്ടെത്തി. കൊമ്പില്‍ പറ്റിപ്പിടിച്ച അഴുക്കും മറ്റും മുറിവിലുണ്ടായിരുന്നു. മാംസപേശികളും രക്തക്കുഴലുകളും ചതഞ്ഞരഞ്ഞ അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ മുറിവ് വൃത്തിയാക്കുകയും രക്തസ്രാവം തടയാനുള്ള ചികിത്സകള്‍ നല്‍കുകയും ഡോപ്ലര്‍ മുതലായ കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു.
തുടര്‍പരിശോധനയില്‍ രോഗിയുടെ ഇടത്തേ കാലിന്റെ മുറിവിന് താഴെയായി രക്തയോട്ടം നിലച്ചതായി കണ്ടെത്തി. തുടര്‍ന്ന് രോഗിയെ ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. ആറാം തീയതി വൈകുന്നേരം അഞ്ച് മണിക്ക് രോഗിക്ക് ശസ്ത്രക്രിയ നടത്തി ചതഞ്ഞരഞ്ഞ രക്തക്കുഴലിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്ത് തുന്നിച്ചേര്‍ത്തു. ഇങ്ങനെ തുന്നിച്ചേര്‍ത്ത കാലില്‍ നിര്‍ക്കെട്ടുണ്ടായി രക്തയോട്ടം തടസപ്പെടാതിരിക്കാനായി അതേ കാലില്‍ മുട്ടിന് താഴെ മറ്റൊരു ശസ്ത്രക്രിയയും നടത്തുകയുണ്ടായി.
അമിതമായി അഴുക്ക് കയറിയ മുറിവില്‍ അടുത്തദിവസം തന്നെ അതി ശക്തമായ അണുബാധയുണ്ടാകുകയും പഴുപ്പും രക്തവും വമിക്കുന്നതായും കണ്ടെത്തി. മുറിവിന്റെ തുന്നല്‍ അഴിക്കുകയും ഒരിക്കല്‍ക്കൂടി വൃത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് രക്തസ്രാവം നിയന്ത്രിക്കാനും കഴിഞ്ഞു. വീണ്ടും പലപ്രാവശ്യം ചെറിയ തോതില്‍ രക്തസ്രാവമുണ്ടായെങ്കിലും അത് കാര്യക്ഷമമായി നിയന്ത്രിക്കാന്‍ സാധിച്ചിരുന്നു. തുന്നിച്ചേര്‍ത്ത രക്തക്കുഴലില്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിയ്ക്കുന്നതിന്റെ ഭാഗമായി നേരിയ തോതിലുള്ള രക്തസ്രാവം ഉണ്ടാവുക സ്വാഭാവികമാണ്. തുടര്‍ന്ന് രോഗി സുഖം പ്രാപിച്ച് വരികയായിരുന്നു.
ഇരുപത്തി രണ്ടാം തീയതി രാവിലെ 11.30ന് രോഗിക്ക് അമിതമായ രക്തസ്രാവമുണ്ടാകുകയും ഇത് ഹൃദയ സ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്തു. തുടര്‍ന്നുള്ള പരിശോധനയില്‍ തുന്നിച്ചേര്‍ത്ത രക്ത ധമനികളില്‍ അണുബാധയുണ്ടായതായും ഇതുമൂലം തുന്നല്‍ വിട്ടുപോയതായും മനസിലായി. പെട്ടന്നുണ്ടായ ഇടപെടല്‍ മൂലം രക്തസ്രാവം നിയന്ത്രിക്കാനും ഹൃദയമിടിപ്പ് പുന:സ്ഥാപിക്കാനും കഴിഞ്ഞു. തുടര്‍ന്ന് രോഗിയെ സര്‍ജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ജീവന്‍ രക്ഷാ മരുന്നുകളുടെ സഹായത്തോടെ ജീവന്‍ നില നിര്‍ത്താനുള്ള അവസാന ശ്രമവും നടത്തിയെങ്കിലും വൈകുന്നേരം അഞ്ചു മണിയോടെ നില ഗുരുതരമാകുകയും രവീന്ദ്രന്‍ മരണമടയുകയുമായിരുന്നു.
https://www.facebook.com/Malayalivartha
























