വിസി നിയമനത്തില്‍ സുപ്രീംകോടതിക്കെതിരെ ഗവര്‍ണര്‍

സര്‍വകലാശാല വിസി നിയമനത്തില്‍ സുപ്രീംകോടതിക്കെതിരെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍. വിസിമാരെ നിയമിക്കാനുള്ള അധികാരം ചാന്‍സിലര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. യുജിസി നിയമത്തില്‍ വിസിമാരെ നിയമിക്കേണ്ടത് ചാന്‍സിലറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ ചീഫ് ജസ്റ്റിസും കേരളത്തിന്റെ മുന്‍ ഗവര്‍ണറുമായിരുന്ന വി സദാശിവത്തിന് വി ആര്‍ കൃഷ്ണയ്യര്‍ പുരസ്‌കാരം നല്‍കുന്ന വേദിയില്‍വച്ചായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.
ഒരേ വിഷയത്തില്‍ സമാനമായ സാഹചര്യങ്ങളില്‍പോലും, കോടതികളോ ന്യായാധിപന്മാരോ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതിലാണ് അത്ഭുതമെന്ന് അദ്ദേഹം പറഞ്ഞു. താനൊരു സാധാരണക്കാരനെന്ന നിലയില്‍ സുപ്രീംകോടതി പറഞ്ഞതില്‍ ഇപ്പോഴും അത്ഭുതപ്പെടുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വകലാശാലാ വിഷയങ്ങള്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതിനിടയില്‍, കണ്ണൂര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിധി എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മൂന്ന് ജഡ്ജിമാര്‍ ചേര്‍ന്ന് പുറത്തിറക്കിയ വിധി, യുജിസിയുടെ അവകാശങ്ങളെ ബഹുമാനിക്കുന്നതും അതോടൊപ്പം ഗവര്‍ണറെ ബഹുമാനിക്കുന്നതുമായിരുന്നുവെന്ന് അദ്ദഹം പറഞ്ഞു.
'ഭരണഘടന ഭേദഗതി ചെയ്യാന്‍ കോടതികള്‍ക്ക് അധികാരമില്ല. അത്തരം സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായി. നിയമനിര്‍മ്മാണ സഭകളെ ബഹുമാനിക്കണം. എന്തിനാണ് സര്‍ച്ച് കമ്മിറ്റിയെ കോടതി നിയമിക്കുന്നത്. അതിനുള്ള അധികാരം ചാന്‍സലര്‍ക്കാണ്. മറ്റുള്ളവരുടെ ചുമതലകള്‍ കോടതി ഏറ്റെടുത്ത് ചെയ്യുന്നത് ശരിയല്ല. നിയമം പാലിക്കാന്‍ മാത്രം കോടതിക്ക് പറയാം. നിങ്ങളുടെ ജോലി ഞങ്ങള്‍ ചെയ്‌തോളാം എന്ന് പറയരുത്. ഓരോരുത്തരുടെയും ചുമതലകളെ കോടതി ബഹുമാനിക്കണം. നാളെ തിരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഇങ്ങനെ പറഞ്ഞേക്കാം' ഗവര്‍ണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























