രാജ്യത്തെ റോഡപകടങ്ങളില്‍ തിരുവനന്തപുരം ഒന്നാമത്

രാജ്യത്തു നടക്കുന്ന റോഡപകടങ്ങളില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയാണ് ഈ കാര്യം പുറത്തുവിട്ടിരിക്കുന്നത്. ദേശീയ ശരാശരിയുടെ ഇരട്ടിയാണ് തലസ്ഥാന ജില്ലയിലെ വാഹനാപകടങ്ങളുടെ തോത് എന്നും കണക്കുകളില്‍ നിന്നും വ്യക്തമാക്കുന്നു. രാജ്യത്തെ 53 നഗരങ്ങളിലെ കണക്കുകള്‍ ഉദ്ധരിച്ചാണ് തലസ്ഥാനത്തെ വാഹന അപകടങ്ങളുടെ ഭീകരത ക്രൈം റെക്കോഡ്‌സ് ബ്യൂറോ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇവരുടെ കണക്ക് പ്രകാരം 12,440 അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് ഉണ്ടായത്. ദേശീയ ശരാശരി 5,700 ആയിരിക്കെയാണ് കേരളത്തിന്റെ തലസ്ഥാന ജില്ല അപകടങ്ങളില്‍ മറ്റ് വലിയ നഗരങ്ങളെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നതെന്നും ശ്രദ്ധിക്കേണ്ട കാര്യമാണ്. പതിനായിരത്തിലധികം അപകടങ്ങളുമായി കൊച്ചിയും 8,068 അപകടങ്ങളുമായി തൃശൂരും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
വാഹനം ഓടിക്കുമ്പോള്‍ നിരത്തില്‍ കാട്ടേണ്ട മര്യാദകളെല്ലാം ലംഘിച്ചതുള്‍പ്പെടെ 2,191 വലിയ അപകടങ്ങളാണ് പോയവര്‍ഷം ജില്ലയില്‍ ഉണ്ടായത്. ഇതില്‍ 164 പേര്‍ മരിച്ചു. 1774പേര്‍ക്ക് ഗുരുതര പരിക്കേറ്റപ്പോള്‍ 874 പേര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. തലസ്ഥാനത്തെ വാഹന അപകടങ്ങളില്‍ പകുതിയില്‍ കൂടുതലും ബൈക്ക് അപകടങ്ങളാണ്.
കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് തലസ്ഥാനത്ത് വാഹനപ്പെരുപ്പം ആണ് അപകട നിരക്ക് ഉയരാന്‍ കാരണമായി പറയുന്നത്. വാണിജ്യ നഗരമായ കൊച്ചിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നഗരത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം തലസ്ഥാനത്താണ് കൂടുതല്‍. ഭരണസിരാകേന്ദ്രമെന്ന പദവിക്കൊപ്പം രാജ്യാന്തര പ്രസിദ്ധമായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള വന്‍കിട ആശുപത്രികളും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതയുമാണ് സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും ജില്ലയിലേക്കുള്ള വാഹന പ്രളയത്തിന് പ്രധാന കാരണം.
https://www.facebook.com/Malayalivartha