മണ്ണാറശാലയില്‍ ആയില്യം എഴുന്നള്ളത്ത് ഇന്ന്: പൂയം തൊഴുത് ഭക്തസഹസ്രങ്ങള്‍ സായൂജ്യരായി

മണ്ണാറശാലയില്‍ പൂയം തൊഴുത് ഭക്തസഹസ്രങ്ങള്‍ സായൂജ്യരായി. ചതുശത നിവേദ്യത്തോടെ അമ്മ നടത്തിയ ഉച്ചപൂജയായിരുന്നു പ്രധാന ചടങ്ങ്. ഉച്ചയ്ക്ക് സര്‍പ്പയക്ഷിയുടെയും നാഗരാജാവിന്റെയും നടയില്‍ ചതുശത നിവേദ്യത്തോടെ വലിയമ്മ ഉച്ചപൂജ നടത്തി.
രാത്രി വലിയമ്മ ഇളമുറക്കാരായ അന്തര്‍ജനങ്ങള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനവും നടത്തി. ഇന്നലെ നടന്ന പൂയസദ്യയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ക്ഷേത്രത്തിന്റെ തെക്ക് വശത്തുള്ള യു.പി സ്‌കൂളില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ രാവിലെ 11 മുതലാണ് പൂയസദ്യ നടന്നത്. ഇന്ന് നടക്കുന്ന മഹാപ്രസാദമൂട്ടിനുള്ള ഒരുക്കങ്ങളെല്ലാം ക്ഷേത്രത്തില്‍ പൂര്‍ത്തിയായി.
ആയില്യം പൂജയും എഴുന്നള്ളത്തും ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30 നും 2.30 നും ഇടയ്ക്കാണ് എഴുന്നള്ളത്ത്. ആയില്യം എഴുന്നള്ളത്ത് കണ്ടുതൊഴാന്‍ പതിനായിരങ്ങള്‍ ക്ഷേത്രത്തിലെത്തിച്ചേരും. പുലര്‍ച്ചെ 3.30 ന് നട തുറക്കും. അഭിഷേകങ്ങള്‍ പൂര്‍ത്തിയാക്കി ആറു മണിയോടെ കുടുംബകാര്‍ണവര്‍ ആയില്യം നാളിലെ പൂജ ആരംഭിക്കും. എട്ടു മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഇല്ലത്തെ നിലവറയ്ക്ക് സമീപം ഭക്തജനങ്ങള്‍ക്ക് മണ്ണാറശാല വലിയമ്മ ഉമാദേവി അന്തര്‍ജനം ദര്‍ശനം നല്‍കും. നിവേദ്യത്തിനുശേഷം രാവിലെ 10 മുതല്‍ ക്ഷേത്രം വക സ്‌കൂളില്‍ പ്രസാദമൂട്ട് നടക്കും
.
ഉച്ചപൂജ കഴിഞ്ഞ് കാരണവരുടെ നേതൃത്വത്തില്‍ നിലവറയോട് ചേര്‍ന്നുള്ള തളത്തില്‍ ശംഖ്, വായ്ക്കുരവ എന്നിവ മുഖരിതമാക്കുന്ന അന്തരീക്ഷത്തില്‍ നാഗക്കളം വരയ്ക്കും. കളം പൂര്‍ത്തിയാകുന്നതോടെ വലിയമ്മ തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ക്ഷേത്രത്തിലെത്തി ശ്രീകോവിലില്‍ നിന്നും കുത്തുവിളക്കിലേക്ക് ദീപം പകരും. തുടര്‍ന്ന് നാഗരാജാവിന്റെ തിരുമുഖവും നാഗഫണവുമായി അമ്മ കിഴക്കേനടയിലൂടെ പുറത്തേക്കിറങ്ങും. ഇളയമ്മ സര്‍പ്പയക്ഷിയുടെ തിടമ്പും കാരണവന്മാര്‍ നാഗയക്ഷി, നാഗചാമുണ്ഡി എന്നിവരുടെ തിടമ്പുകളുമായി അമ്മയെ അനുഗമിക്കും. രാജചിഹ്നഹ്നങ്ങളായ വെള്ളിക്കുട, ചാമരം, കൊടി എന്നിവയും പഞ്ചവാദ്യം, നാഗസ്വരം, തകില്‍, ചെണ്ട, തിമില എന്നീ വാദ്യങ്ങളും ചേര്‍ന്ന് എഴുന്നള്ളത്ത് ഭക്തന്റെ മനസ് നിറയ്ക്കുന്ന സവിശേഷ ചടങ്ങാണ്. 
ക്ഷേത്രത്തിന് വലം വച്ച് കാവിലൂടെ എഴുന്നള്ളത്ത് ഇല്ലത്തെ നിലവറയ്ക്ക് മുമ്പിലെത്തിയ ശേഷം നാഗക്കളത്തില്‍ നാഗരാജാവിന്റെയും ഉപദേവതകളുടെയും തിടമ്പുകള്‍ വച്ച് അമ്മ ആയില്യംപൂജ തുടങ്ങും. നൂറും പാലും, സര്‍പ്പബലി, ഗുരുതി എന്നിവയും തട്ടിന്‍മേല്‍ നൂറുംപാലും എന്ന സവിശേഷ ചടങ്ങും നടക്കും. വലിയമ്മയുടെ അനുമതിയോടെ കാരണവന്മാരാണ് തട്ടിന്‍മേല്‍ നൂറും പാലും നടത്തുന്നത്. നിലവറയ്ക്ക് സമീപം മുറ്റത്ത് പ്രത്യേകം തട്ട് കെട്ടി അതില്‍ നിന്നു കൊണ്ട് നടത്തുന്ന ചടങ്ങ് ആകാശ സര്‍പ്പങ്ങള്‍ക്ക് നേദ്യം നല്‍കുന്നതിനാണ് നടത്തുന്നത്. അര്‍ധരാത്രിയോടെ ഇത് പൂര്‍ത്തിയായാല്‍ ആയില്യ മഹോത്സവ ചടങ്ങുകള്‍ക്ക് പരിസമാപ്തിയാകും.
https://www.facebook.com/Malayalivartha

























