ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാര്‍ നടപടിയല്ലന്നും പിണറായി

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയതായുള്ള ആരോപണത്തില്‍ അന്വേഷണം. വാര്‍ത്തകളുടെ സത്യാവസ്ഥ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ല. എന്നാല്‍, ഇതുസംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളില്‍ ജേക്കബ് തോമസ് ആശങ്ക പ്രകടിപ്പിച്ചിരുന്നതായും അദ്ദേഹം സഭയില്‍ അറിയിച്ചു.
ആരുടെയും ഫോണ്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഒരു ഉദ്യോഗസ്ഥന്റെയും ഫോണ്‍ ചോര്‍ത്തുന്നത് സര്‍ക്കാരിന്റെ നടപടിയും അല്ല. ജേക്കബ് തോമസിനെതിരെ ഒട്ടേറെ നീക്കങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, വിജിലന്‍സിന് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിന്റെ അറിവോടെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഒന്നുകില്‍ സര്‍ക്കാരിന്റെ അറിവോടെ ചോര്‍ത്തല്‍ നടന്നു. അല്ലെങ്കില്‍ ജേക്കബ് തോമസിന് വിഭ്രാന്തിയാണെന്നും ചെന്നിത്തല പറഞ്ഞു.
ജേക്കബ് തോമസ് തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. വിജിലന്‍സിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റിയ എല്ലാ സാഹചര്യവും സര്‍ക്കാര്‍ ഒരുക്കും. സ്ഥാനമൊഴിയുന്നു എന്നു ജേക്കബ് തോമസ് ഇതുവരെ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിനു സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
https://www.facebook.com/Malayalivartha

























