പൊലീസ് തലപ്പത്ത് തമ്മിലടി, ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന് പിന്നാലെ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതായി സൂചന

ഫോണ്‍ ചോര്‍ത്തല്‍ വിവാദം കൊടുംബിരികൊണ്ടിരിക്കേ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതായി സൂചന. ലോക്നാഥ് ബെഹ്റ പൊലീസ് ആസ്ഥാനത്ത് ഐ.ജിയായിരുന്ന കാലയളവില്‍ സേനയിലെ ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആക്ഷേപത്തിലാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഈ കാലയളവില്‍ ആധുനികവല്‍ക്കരണവുമായല ബന്ധപ്പെട്ട് ലോക്നാഥ് ബെഹ്റ നിരവധി വിദേശയാത്രകളും നടത്തിയിരുന്നു. ഡി.ജി.പിക്ക് എതിരെ മാത്രമല്ല ഐ.ജിമാരായ മനോജ് ഏബ്രഹാം, പി.വിജയന്‍ എന്നിവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. മനോജ് എബ്രാഹാമിനെതിരെ സൈബര്‍ ഡോം സംബന്ധിച്ചും പി.വിജയനെതിരെ സ്റ്റുഡന്റ് കേഡറ്റ് പദ്ധതിയുമായി ബന്ധപ്പെട്ടുമാണ് അന്വേഷണം.
ജേക്കബ് തോമസിന്റെ ഈ നടപടി പൊലീസ് സേനയില്‍ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വേട്ടയാടുകയാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പരാതി. ഇക്കാര്യം അവര്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ അറിയിച്ചു കഴിഞ്ഞു. വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസ് ചുമതല ഏറ്റെടുത്തശേഷം അറുപതിലധികം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കീഴ്വഴക്കങ്ങള്‍ ലംഘിച്ചായിരുന്നു ഈ നടപടി.
ഡി.ജി.പിക്കെതിരെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചതും തന്റെ ഔദ്യോഗിക ഫോണും ഇ-മെയിലും ചോര്‍ത്തുന്നുവെന്ന് വിജിലന്‍സ് ഡയറക്ടറുടെ പരാതിയും ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഫോണ്‍ ചോര്‍ത്തല്‍ പരാതി ഇന്റലിജന്‍സ് മേധാവി ആര്‍.ശ്രീലേഖയെ ലക്ഷ്യമാക്കിയാണെന്നാണ് സൂചന. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ ചോര്‍ത്തല്‍ നടത്താമെന്ന ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ പ്രസ്താവന വിഷയം കൂടുതല്‍ വഷളാക്കുകയാണ്. ഐജിമാര്‍ക്ക് കേസ് അന്വേഷണത്തിന്റെ ഭാഗമായി അടിയന്തരഘട്ടങ്ങളില്‍ ഫോണ്‍ ചോര്‍ത്താം. എന്നാല്‍ ഫോണ്‍ ചോര്‍ത്തി മൂന്ന് ദിവസത്തിനുള്ളില്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടണം. കേസ് അന്വേഷണത്തിനായി ഫോണ്‍ ചോര്‍ത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച കമ്മറ്റിയിലഅംഗമായിരുന്നു ലോകനാഥ് ബെഹ്റയുടെ ഈ പ്രസ്താവന ഏറെ പ്രസക്തമാണ്. ഫോണ്‍ ചോര്‍ത്തലിനെ ഡി.ജി.പി പരോക്ഷമായി ന്യായീകരിക്കുകയാണ്.
അതേസമയം പൊലീസ് തലപ്പത്തെ തമ്മിലടി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടറും പൊലീസിന്റെ ഉന്നത തലങ്ങളിലുള്ളവരും തമ്മിലുള്ള വിഴുപ്പലക്കല്‍ സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തന്റെ ഫോണും ഇ-മെയിലും ചോര്‍ത്തുന്നുവെന്ന ജേക്കബ് തോമസ് പരാതി നല്‍കിയതും അത് പുറത്തുവിട്ടതിലും മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ ജേക്കബ് തോമസിന്റെ തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങളെ അന്നത്തെ പ്രതിപക്ഷ നേതാക്കള്‍ സ്വാഗതം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നടപടി സര്‍ക്കാരിനുതന്നെ തിരിച്ചടിയാവുകയാണ്. ജേക്കബ് തോമസിന്റെ വിശ്വാസ്യതയെക്കുറിച്ചും സര്‍ക്കാരിന് സംശയങ്ങള്‍ ഉയരുകയാണ്. നിലവിലെ സാഹചര്യത്തില്‍ നിയമസഭാ സമ്മേളനത്തിനുശേഷം പൊലീസ് തലപ്പത്ത് അഴിച്ചുപ്പണി ഉണ്ടായേക്കും.
https://www.facebook.com/Malayalivartha

























