മുന്‍ഗണനാ റേഷന്‍കാര്‍ഡ്: സംസ്ഥാനത്തെ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ പരാതി നല്‍കാന്‍ തിക്കും തിരക്കും

മുന്‍ഗണനാപട്ടികയിലെ റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നതിന് സംസ്ഥാനത്തെ താലൂക്ക് സപൈ്‌ള ഓഫിസുകളില്‍ തിക്കും തിരക്കും. പരാതിക്കാരുടെ തിരക്കില്‍ തിങ്കളാഴ്ച പല ഓഫിസുകളും നിശ്ചലമായി. ജനം തള്ളിക്കയറിയപ്പോള്‍ അപേക്ഷ വാങ്ങാനോ പരിശോധിക്കാനോ പോലുമാകാതെ ഉദ്യോഗസ്ഥര്‍ വലഞ്ഞു. മണിക്കൂറുകളോളം വരി നിന്നിട്ടും പലരും പരാതി നല്‍കാനാകാതെ മടങ്ങി. നെയ്യാറ്റിന്‍കരയില്‍ തിക്കിലും തിരക്കിലും കൊടുംചൂടിലും പെട്ട് എട്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു. ഇവിടെ രാത്രി വൈകിയാണ് പരാതി സ്വീകരണം പൂര്‍ത്തിയായത്. ചൊവ്വാഴ്ച മുതല്‍ വില്ലേജ് ഓഫിസുകളിലും തദ്ദേശസ്ഥാപനങ്ങളിലും പരാതി സ്വീകരിക്കാന്‍ സംവിധാനം ഒരുക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു.
കേന്ദ്ര ഭക്ഷ്യസുരക്ഷാനിയമപ്രകാരം തയ്യാറാക്കുന്ന മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാനാണ് പരാതിപ്രളയം. അപേക്ഷ നല്‍കാനെത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളും പ്രായമായവരുമാണ്. പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്ന നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം കരട് മുന്‍ഗണനാപട്ടിക പുറത്തിറക്കിയിരുന്നു. ഇതിലെ അപാകതകള്‍ തിരുത്തുന്നതിന് അപേക്ഷ നല്‍കാന്‍ ഒക്ടോബര്‍ 30 വരെ സമയം നല്‍കിയിരുന്നു. ഭക്ഷ്യവകുപ്പിന്റെ അറിയിപ്പ് പ്രകാരം വെബ്‌സൈറ്റില്‍ നിന്നാണ് കാര്‍ഡിലെ വിവരങ്ങള്‍ അറിയുക. ഇത് പരിശോധിച്ച് മുന്‍ഗണനാപട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് പരാതി നല്‍കാം.
കരട് മുന്‍ഗണനാപട്ടിക അപാകതകള്‍ നിറഞ്ഞതാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഭക്ഷ്യഭദ്രതാനിയമപ്രകാരം ഇനി റേഷന്‍കാര്‍ഡുകള്‍ പ്രയോറിറ്റി ലിസ്റ്റ്, നോണ്‍ പ്രയോറിറ്റി ലിസ്റ്റ് വഭാഗങ്ങളിലാണുണ്ടാകുക. ഇതില്‍ മുന്‍ഗണനാപട്ടികയില്‍ (പ്രയോറിറ്റി ലിസ്റ്റ്) ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമായിരിക്കും ഭക്ഷ്യധാന്യകാര്യത്തില്‍ ഉറപ്പ് നല്‍കുക.
സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ മുന്‍ഗണനാപട്ടിക തയ്യാറാക്കിയിരുന്നില്ല. എ.പി.എല്‍ വിഭാഗത്തിന് ഭക്ഷ്യധാന്യം നല്‍കുന്നത് കേന്ദ്രം തടയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടി ഊര്‍ജിതമാക്കിയത്. നേരത്തേ തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്‍ഗണാപട്ടിക തയ്യാറാക്കിയത്. എന്നാല്‍, ഇതില്‍ മാറ്റം വരുത്തി സംസ്ഥാനതലത്തില്‍ റാങ്കിങ് നല്‍കിയാണ് പുതിയ കരട്പട്ടിക തയ്യാറാക്കിയത്. ഇതിനെക്കുറിച്ചാണ് വ്യാപക ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ ഭക്ഷ്യധാന്യം ലഭിക്കില്ലെന്ന സ്ഥിതി കൂടി വന്നതോടെയാണ് ജനം കൂട്ടത്തോടെ പരാതിയുമായി എത്തിയത്.
https://www.facebook.com/Malayalivartha

























