എല്ലാവരെയും ഞാന്‍ കോടതി കയറ്റി ഗോതമ്പുണ്ട തീറ്റിക്കും; എല്ലാം ഉമ്മന്‍ചാണ്ടിയുടെ മനസ്സറിവോടെ...തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഉമ്മന്‍ചാണ്ടി: കുരുവിള

വ്യക്തമായ ആസൂത്രണം... എന്നെ ഒഴിവാക്കാന്‍ നോക്കി ഉമ്മന്‍ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുരുവിള. സോളര്‍ പദ്ധതികളില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ കേന്ദ്രബിന്ദു ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണെന്നും കുരുവിള നേരത്തെ വെളിപ്പെടുത്തിയിരുന്നു. സോളാര്‍ അഴിമതി അന്വേഷിക്കുന്ന ജി ശിവരാജന്‍ കമ്മിഷന് നല്‍കിയ മൊഴിയില്‍ കുരുവിള തട്ടിപ്പിന്റെ വിശദാംശങ്ങള്‍ നല്‍കി.
മൊഴിയുടെ പ്രസക്തഭാഗങ്ങള്‍: സൗത്ത് കൊറിയന്‍ സോളാര്‍ കമ്പനിയായ 'ഡാമൂള്‍'ന്റെ ഇന്ത്യയിലെ വില്‍പനക്കാരനും വിതരണക്കാരനും ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധുവുമായ ആന്‍ഡ്രൂസ് വര്‍ഗ്ഗീസ്, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമെന്ന് പരിചയപ്പെടുത്തിയ ഡെല്‍ജിത്ത്, 'സോസ്സ' ഗ്രൂപ്പ് ഓഫ് കമ്പനികളുടെ എംഡി ബിനു നായര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് തന്റെ കയ്യില്‍നിന്ന് ഒരുകോടി മുപ്പത്തയ്യായിരം രൂപ തട്ടിയെടുത്തുവെന്നും കുരുവിള മൊഴി നല്‍കി. ആന്‍ഡ്രൂസിനെ ചൂണ്ടിക്കാട്ടി 'എന്റെ ഫസ്റ്റ് കസിനാണ്. ഇനിയുള്ള ഇടപാടെല്ലാം നിങ്ങള്‍ നേരിട്ടായിക്കൊള്ളൂ. എല്ലാം ശരിയാക്കാം' എന്ന് ഡല്‍ഹിയിലെ കേരള ഹൗസില്‍വച്ച് മുഖ്യമന്ത്രിതന്നോട് പറഞ്ഞതുകൊണ്ടാണ് 15 തവണകളായി ഇത്രയും തുക നല്‍കിയത്. ചിലത് ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റുചിലത് പണമായുമാണ് ഡെല്‍ജിത്, ആന്‍ഡ്രൂസ്, ബിനുനയാര്‍ എന്നിവര്‍ക്ക് നല്‍കിയത്.
4000 കോടി രൂപ ചെലവുള്ള പദ്ധതിയുടെ 25 ശതമാനമായ ആയിരംകോടി രൂപ നല്‍കിയാല്‍ എല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അത് പറ്റില്ലെന്നും ലാഭത്തിന്റെ ഒരു വിഹിതം നല്‍കാമെന്നും പറഞ്ഞു. ആലോചിച്ച് മറുപടി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞ് അദ്ദേഹം ഗണ്‍മാന്‍ സലിംരാജിന്റെ നമ്പര്‍ തന്നു. ഈ ഫോണില്‍ രണ്ടുദിവസം കഴിഞ്ഞ് വിളിച്ചപ്പോള്‍ ഒരു സ്ത്രീ ഫോണടുത്ത് താന്‍ ഉമ്മന്‍ചാണ്ടിയുടെ മകളാണെന്നും പദ്ധതിയുടെ കാര്യങ്ങള്‍ സംസാരിക്കാന്‍ തന്നെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും പറഞ്ഞു. കുരുവിള ക്രിസ്ത്യാനിയായതിനാല്‍ കമ്മീഷന്‍തുക 20 ശതമാനമാക്കി കുറയ്ക്കാമെന്നും പറഞ്ഞു. താന്‍ വഴങ്ങിയില്ല.
എഴുതിത്തയ്യാറാക്കിയ പരാതിയുമായി വീണ്ടും മുഖ്യമന്ത്രിയെകണ്ടു. അദ്ദേഹം ഡിജിപിയുടെ അടുത്തേക്കയച്ചു. പരാതി വായിച്ച ഡിജിപി ഇത് മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് പറഞ്ഞു. പിന്നീട് ഐജിയുടെ അടുത്തേക്ക് വിട്ടു. ഐജി ഡിവൈഎസ്പി ഗോപാലകൃഷ്ണപിള്ളയെ ചുമതലപ്പെടുത്തി. അദ്ദേഹം തൃക്കാക്കര എസിപിയെ ചുമതലയേല്‍പിച്ചു. താന്‍ നല്‍കിയ പരാതി എസിപി ഓഫീസിലെ എസ്‌ഐ രജിസ്റ്റര്‍ ചെയ്തില്ല. പകരം എസ്‌ഐ എഴുതിതയ്യാറാക്കിയ പരാതിയില്‍ ഒപ്പിടുവിച്ചു. പിന്നീട് എസിപി നേരിട്ടുവിളിപ്പിച്ചു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലിലിട്ടു പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. താന്‍ നേരിട്ട് വിളിച്ചതനുസരിച്ച് മുഖ്യമന്ത്രി വീണ്ടും ക്ലിഫ്ഹൗസിലേക്ക് വിളിപ്പിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ച് ആഭ്യന്തരമന്ത്രിയെകണ്ടു. എന്നാല്‍ പരാതി പരിഹരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ദുബായിലുള്ള രവിപൂജാരി എന്ന അധോലോക ഗുണ്ട തന്നെ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തി.
തനിക്കെതിരെ നിരവധി കള്ളക്കേസുകളെടുത്തു. വിവിധ കേസുകള്‍ പറഞ്ഞ് നാല്‍പതു ദിവസം ജയിലിലിട്ടു. ബംഗളൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്ന് തന്റെ കയ്യിലെ നിരവധി തെളിവുകള്‍ നശിപ്പിച്ചു.
https://www.facebook.com/Malayalivartha

























