വിജിലന്‍സ് മേധാവികളുടെ സുഹൃത്തുക്കള്‍ക്കും മുന്‍പരിചയക്കാര്‍ക്കും അഴിമതി തോന്നിയപോലെ, കേസെടുക്കാന്‍ വിജിലന്‍സ് സാറന്‍മാര്‍ക്കു മടി, വിരുതന്‍മാരെ മെരുക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ പുതിയ സ്‌ക്വാഡ്

അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനു നിളയും വിലയും നോക്കാത്ത ആളാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എന്‍ എല്ലാ മേഖലയിലുമുള്ളവര്‍ക്കും അറിയാം. നിലവില്‍ സംസ്ഥാനത്തെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ മുതല്‍ താഴെത്തട്ടിലുള്ള പൊലീസുകാര്‍ വരെയുള്ളവര്‍ക്കെതിരായ പല കേസുകളും അഴിമതി ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മേലുദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പല വിജിലന്‍സ് ഉദ്യോഗസ്ഥരും തയാറാകാത്ത സാഹചര്യമാണ് . ഭാവിയില്‍ പൊലീസില്‍ അവരുടെ കീഴില്‍ ജോലി ചെയ്യേണ്ട സാഹചര്യം വന്നാല്‍ പീഡിപ്പിക്കപ്പെടുമോയെന്നാണു പലരുടെയും ഭയം. അതേസമയം ഒരേ ബാച്ചിലുള്ളവരുടെയും അടുപ്പക്കാരായ പൊലീസ് ഉദ്യോഗസ്ഥരുടെ കേസുകള്‍ തേച്ചുമാച്ചു കളയുന്ന ഉദ്യോഗസ്ഥരും വിജിലന്‍സിലുണ്ട്. ഈ സാഹചര്യത്തിലാണു പൊലീസുകാരല്ലാത്തവരെ ഉള്‍പ്പെടുത്തി പ്രത്യേക യൂണിറ്റ് രൂപീകരിക്കണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ സര്‍ക്കാരിന്റെ മുന്നില്‍ വച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ പൊലീസുകാരല്ലാത്ത ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപീകരിക്കണമെന്നു വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിജിലന്‍സിനു കീഴില്‍ ഇതിനായി യൂണിറ്റ് ആരംഭിക്കണമെന്നാണു ഡയറക്ടര്‍ ജേക്കബ് തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച ശുപാര്‍ശ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. ഒന്നുകില്‍ വിജിലന്‍സിലേക്കു പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തി അവരെ സ്ഥിരമായി വിജിലന്‍സില്‍ നിലനിര്‍ത്തണം. പരീശീലനവും നല്‍കണം. അല്ലെങ്കില്‍ മറ്റു വകുപ്പുകളില്‍ നിന്നു താല്‍പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കി ഈ യൂണിറ്റിലേക്കു റിക്രൂട്ട് ചെയ്യണം. അന്‍പതിലേറെ സര്‍ക്കാര്‍ വകുപ്പുകള്‍ നിലവിലുണ്ട്. ഇത്തരത്തില്‍ പൊലീസുകാരല്ലാത്തവരെ ഉള്‍പ്പെടുത്തി യൂണിറ്റ് രൂപീകരിച്ചാല്‍ പൊലീസുകാര്‍ക്കെതിരായ കേസുകള്‍ സത്യസന്ധമായും സമ്മര്‍ദമില്ലാതെയും അന്വേഷിക്കപ്പെടുമെന്നാണു വിലയിരുത്തല്‍. അടുത്തിടെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡിക്കെതിരായ ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിക്കാന്‍ വിജിലന്‍സിലെ പല ഉദ്യോഗസ്ഥരും തയാറായില്ല. ഒടുവില്‍ കൊല്ലത്തെ ഒരു ഇന്‍സ്‌പെക്ടര്‍ക്കാണു ഡയറക്ടര്‍ അന്വേഷണ ചുമതല നല്‍കിയത്. മാത്രമല്ല ജേക്കബ് തോമസ് ഡയറക്ടറായി ചുമതലയേറ്റ ശേഷം പൊലീസിലെ മൂന്നു ഡിവൈഎസ്പിമാര്‍ക്കെതിരെ അവിഹിത സ്വത്തു സമ്പാദനത്തിനു കേസ് എടുക്കുകയും അതിന്റെ അന്വേഷണം പുരോഗമിക്കുകയുമാണ്. ഡയറക്ടറുടെ ശുപാര്‍ശ പ്രകാരം മൂന്നു പേരെയും സര്‍ക്കാര്‍ സസ്‌പെന്‍ഡും ചെയ്തിട്ടുണ്ട്.
ഇതിനു പുറമെ മനുഷ്യാവകാശ കമ്മിഷന്‍, പൊലീസ് കംപ്‌ളെയിന്റ് അതോറിറ്റി, കോടതികള്‍ എന്നിവയെല്ലാം പൊലീസുകാര്‍ക്കെതിരായ പരാതികള്‍ പൊലീസ് അന്വേഷിച്ചാല്‍ ന്യായയുക്തമാകില്ലെന്നു പല ഉത്തരവുകളിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പൊലീസുകാര്‍ക്കെതിരായ കേസും പരാതിയുമെല്ലാം പൊലീസ് തന്നെ അന്വേഷിക്കുന്ന രീതിയാണുള്ളത്. മുന്‍ മന്ത്രി കെ. ബാബുവിനെതിരെ ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തുന്നതിന് നേരിട്ടിറങ്ങിയ ഉദ്യോഗസ്ഥനാണു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. വിജിലന്‍സ് ഡയറക്ടറുടെ പുതിയ തീരുമാനത്തില്‍ നെഞ്ചിടിപ്പ് കൂടിയിരിക്കുന്നത് സംസ്ഥാനത്തെ ഐപിഎസ് ഐഎഎസ് തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ്.
https://www.facebook.com/Malayalivartha

























