റേഷന്‍കാര്‍ഡ്: മുന്‍ഗണനാ പട്ടികയിലെ പരാതി സ്വീകരിക്കാനുള്ള സമയപരിധി നീട്ടി

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ കരട് മുന്‍ഗണനാ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കാനുള്ള സമയപരിധി നീട്ടി. നവംബര്‍ അഞ്ചുവരെ പരാതികള്‍ സ്വീകരിക്കും. നേരത്തെ ഈ മാസം 30 വരെയായിരുന്നു സമയം നല്‍കിയത്. കാര്‍ഡുടമകളുടെ സൗകര്യാര്‍ഥം നവംബര്‍ അഞ്ചുവരെ അവധി ദിവസവും താലൂക്ക് സപ്‌ളൈ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. തുടര്‍നടപടികളുടെ സമയക്രമവും അഞ്ച് ദിവസം ദീര്‍ഘിപ്പിച്ചു. പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കുന്നതിനായി മെച്ചപ്പെട്ട ക്രമീകരണവും കൂടുതല്‍ ജീവനക്കാരെയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.
കരട് മുന്‍ഗണനാ പട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ്ഓഫീസ്, സിവില്‍ സപ്‌ളൈസ് വകുപ്പിന്റെ ഒദ്യോഗിക വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പട്ടിക സംബന്ധിച്ചുള്ള പരാതികള്‍ പഞ്ചായത്ത് സെക്രട്ടറി/മുനിസിപ്പല്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ചെയര്‍മാനായും റേഷനിങ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറായും വില്ലേജ് ഓഫീസര്‍, ഐസിഡിഎസ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായുമുള്ള വെരിഫിക്കേഷന്‍ കമ്മിറ്റിയാണ് പരിഗണിക്കുക. ഇതിന്‍മേലുള്ള പരാതികള്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായും ജില്ലാ സപ്‌ളൈ ഓഫീസര്‍ കണ്‍വീനറായുമുള്ള അപ്പീല്‍ കമ്മിറ്റികള്‍ പരിഗണിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുള്ള ചുമതല ജില്ലാ കലക്ടര്‍ക്കാണ്.
മുന്‍കാലങ്ങളില്‍ ഒരു റേഷന്‍ കാര്‍ഡ് നല്‍കിയാല്‍ അഞ്ച് വര്‍ഷത്തേക്ക് മാറ്റമുണ്ടാകാറില്ല. എന്നാല്‍ ഭക്ഷ്യഭദ്രതാ നിയമപ്രകാരം മുന്‍ഗണനാപ്പട്ടിക പുതുക്കല്‍ തുടര്‍പ്രക്രിയയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഗുണഭോക്താക്കളുടെ ഭൗതിക സാഹചര്യങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ അടിസ്ഥാനമാക്കി പട്ടിക പുനഃക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























