വാടക കുടിശിക വരുത്തിയതില്‍ കേസെടുത്തത് കോടതി നിര്‍ദ്ദേശ പ്രകാരം; പ്രതികാര നടപടിയായി ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി

സിബിഐ വിജിലന്‍സ് തുറന്ന പോരിലേക്കോ. സര്‍വീസ് ചട്ടലംഘന ഹര്‍ജിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ സിബിഐ എടുക്കുന്ന നിലപാടില്‍ അവ്യക്തത. ജേക്കബ് തോമസിനെ കുടുക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ കേന്ദ്ര ഏജന്‍സിയുടെ താല്‍പ്പര്യമാണ് ചര്‍ച്ചയാകുന്നത്. 2009ല്‍ കെടിഡിഎഫ്‌സി മാനേജിങ് ഡയറക്ടറായിരിക്കെ മൂന്നു മാസത്തെ അവധിയെടുത്തു കൊല്ലം ടികെഎം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഡയറക്ടറായി ജോലി ചെയ്‌തെന്നും പ്രതിഫലം പറ്റിയെന്നുമാണു പരാതി. ഇക്കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് ജേക്കബ് തോമസ് വിശദീകരിക്കുകയും അത് മുഖവിലയ്‌ക്കെടുക്ക് കേരള സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതുമാണ്. ഇക്കാര്യത്തില്‍ കിട്ടയ പണം ജേക്കബ് തോമസ് തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ സിബിഐ എന്ത് അന്വേഷണം നടത്താനാണെന്നതാണ് ഉയരുന്ന ചോദ്യം. എല്ലാം സുവ്യക്തമാണ്.
അതിനിടെ തനിക്കെതിരെ അന്വേഷണം നടത്താന്‍ തയാറാണെന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സിബിഐക്കെതിരെ പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സിബിഐ ഡയറക്ടര്‍ക്കു കത്തയച്ചു. തനിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം നടപടിക്രമം പാലിക്കാതെയാണെന്നു ജേക്കബ് തോമസ് കത്തില്‍ ചൂണ്ടിക്കാട്ടി. സിബിഐയ്‌ക്കെതിരെ വിജിലന്‍സ് കേസെടുക്കാനുള്ള തീരുമാനം വന്നതിന്റെ പ്രതികാരമാണ് ഈ നടപടിയെന്നും വിലയിരുത്തലുണ്ട്. എറണാകുളം പൊതുമരാമത്തു റസ്റ്റ് ഹൗസ് ഉപയോഗിച്ച ഇനത്തില്‍ ഒന്‍പതു ലക്ഷം രൂപ വാടക നല്‍കാത്ത സംഭവത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍, സിബിഐ കൊച്ചി സൂപ്രണ്ട്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന് പ്രതികാരമായാണ് സിബിഐ നടപടിയെന്നാണ് ആക്ഷേപം.
1999-2007 വര്‍ഷത്തിലാണു സിബിഐ വാടക കുടിശിക വരുത്തിയത്. റസ്റ്റ് ഹൗസിലെ 18,19 നമ്പര്‍ മുറികളാണു സിബിഐ സ്ഥിരമായി കൈവശം വച്ച് ഉപയോഗിച്ചത്. സംഭവത്തില്‍ കേസെടുക്കണമെന്ന ഹര്‍ജിയെ തുടര്‍ന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണു കേസെടുക്കാന്‍ ഉത്തരവിട്ടത്. വാടകകുടിശിക പിരിച്ചെടുക്കാന്‍ 2015 ല്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും വീഴ്ചവരുത്തിയ കുറ്റത്തിനാണു ജില്ലാ കലക്ടര്‍ക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും കേസില്‍ ഉള്‍പ്പെടുത്തിയത്. വാടക നല്‍കാതെ എട്ടുവര്‍ഷം റസ്റ്റ് ഹൗസിലെ രണ്ടു മുറികള്‍ കൈവശം വച്ചതിന്റെ വിശദീകരണം ആരാഞ്ഞു സിബിഐക്കും വിജിലന്‍സ് കത്തു നല്‍കിയിരുന്നു. അതും അവഗണിക്കപ്പെട്ടതോടെയാണു നിയമനടപടികളുമായി മുന്നോട്ടു പോയത്. വടകര, തലശേരി, കൊല്ലം റസ്റ്റ് ഹൗസുകളും സിബിഐ വാടക നല്‍കാതെ ഉപയോഗിക്കുന്നതായി പരാതിയുണ്ട്. സിബിഐയ്‌ക്കെതിരെ കേസെടുത്താല്‍ ജേക്കബ് തോമസിനേയും വെറുതെവിടില്ലെന്നാണ് കേന്ദ്ര ഏജന്‍സിയുടെ നിലപാട്. അങ്ങനെ കേരളത്തിലെ അഴിമതിക്കാരുടെ ഗൂഢാലോചനയില്‍ സിബിഐയും വീണു.
സിബിഐയുടെ കേസെടുക്കല്‍ തീരുമാനത്തില്‍ ഡിജിപി പദവിയിലുള്ള ഉദ്യോഗസ്ഥനെ സംബന്ധിച്ച കാര്യത്തില്‍ നിലപാടെടുക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമം പാലിച്ചില്ല. സിബിഐ നിലപാട് അസാധാരണമാണ്. സിബിഐ ഡയറക്ടറുടെ അറിവോടെയാണോ ഈ സത്യവാങ്മൂലം നല്‍കിയതെന്നതും നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് സിബിഐ ഡയറക്ടര്‍ക്ക് ജേക്കബ് തോമസ് കത്തയച്ചത്. ജേക്കബ് തോമസിന്റെ നടപടി കുറ്റകരമായ പെരുമാറ്റച്ചട്ട ലംഘനമാണെന്നും സിബിഐയുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. എന്തടിസ്ഥാനത്തിലാണ് ഈ പരാമര്‍ശമെന്നും കത്തില്‍ ചോദിക്കുന്നു. സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് സര്‍ക്കാരിനു കൈമാറാന്‍ പോലും സിബിഐ തയാറായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജേക്കബ് തോമസ് സര്‍വീസ് ചട്ടം ലംഘിച്ചെന്ന പരാതി അന്വേഷിക്കാന്‍ തയാറാണെന്നാണു കഴിഞ്ഞ ദിവസം സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. സീനിയര്‍ ഉദ്യോഗസ്ഥന്‍ വ്യക്തിഗത നേട്ടത്തിനായി ഔദ്യോഗികപദവി ദുരുപയോഗം ചെയ്‌തെന്നും മറ്റുമുള്ള ഗുരുതര ആരോപണങ്ങള്‍ ഹര്‍ജിയില്‍ ഉള്ളതിനാല്‍ കേസ് ഏറ്റെടുക്കാമെന്നാണു സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കൂത്തുപറമ്പ് സ്വദേശി സത്യന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സിബിഐയുടെ വിശദീകരണം. ജേക്കബ് തോമസ് ചട്ടലംഘനം നടത്തിയെന്ന വാദത്തില്‍ കഴമ്പില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്നു ചൂണ്ടിക്കാട്ടി സിബിഐ രംഗത്തെത്തിയത്. സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും ജേക്കബ് തോമസ് കൈമാറി. സംശയത്തോടെയും ഒപ്പം കൗതുകത്തോടെയമാണ് രണ്ട് ഉന്നത ഏജന്‍സികള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലുകള്‍ കാണപ്പെടുന്നത്.
https://www.facebook.com/Malayalivartha

























