വീട്ടുവരാന്തയില്‍ നായകളുടെ കടിയേറ്റ തൊണ്ണൂറുകാരനു ദാരുണാന്ത്യം; മുഖവും ശരീരഭാഗങ്ങളും നായക്കൂട്ടം കടിച്ചു കീറി

കൊലവിളിയുമായി വീണ്ടും തെരുവുനായ്ക്കള്‍ അഴിഞ്ഞാടുന്നു. വര്‍ക്കലയില്‍ തെരുവുനായയുടെ കടിയേറ്റു ചികിത്സയില്‍ കഴിഞ്ഞ വയോധികന്‍ മരിച്ചു. വര്‍ക്കല മുണ്ടയില്‍ അംഗന്‍വാടിക്കു സമീപം ചരുവിള പുത്തന്‍വീട്ടില്‍ രാഘവനാ(90)ണു മരിച്ചത്.
വീട്ടു വരാന്തയില്‍ ഉറങ്ങിക്കിടന്ന രാഘവനെ തെരുവുനായകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. മുഖവും ശരീര ഭാഗങ്ങളുമെല്ലാം കടിച്ചു കീറിയ നായക്കൂട്ടം വയോധികനെഉപേക്ഷിക്കുമ്പോള്‍ മൃതപ്രായനായിരുന്നു.മുഖത്തും തലയിലും കഴുത്തിലും കൈകാലുകളിലും ആഴത്തില്‍ മുറിവേറ്റ രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുഖത്തായിരുന്നു തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കൂടുതല്‍ പരിക്കേറ്റത്. ആഴത്തിലുള്ള മുറിവില്‍ മുഖത്തെ എല്ലുകള്‍ പുറത്തേക്ക് തള്ളി. മൂക്ക് പൂര്‍ണ്ണമായും നായ്ക്കള്‍ കടിച്ചെടുത്തു. തടയാനുള്ള ശ്രമത്തിനിടയില്‍ തുടയിലും കഴുത്തിലും കൈകള്‍ക്കും അഴത്തിലുള്ള കടിയേറ്റു. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
പുലര്‍ച്ചെ ആറരയോടെയാണ് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണമുണ്ടായത്. വഴിയിലൂടെ കൂട്ടത്തോടെ പോകുകയായിരുന്ന തെരുവുനായ്ക്കള്‍ പൊടുന്നനേ ആക്രമിക്കുകയായിരുന്നു. കസേരയില്‍ നിന്ന് താഴെ വീണ രാഘവനെ തറയിലിട്ട് നായ്ക്കള്‍ കടിച്ച് കീറി. വാര്‍ദ്ധക്യത്തിന്റെ അവശതകളുണ്ടായിരുന്നതുകൊണ്ട് തറയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ രാഘവനായില്ല. ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും നായ്ക്കള്‍ കൂട്ടംചേര്‍ന്ന് രാഘവന്റെ ശരീരമാസകലം കടിച്ചു പറിച്ചു. രാഘവന്റെ നിലവിളികേട്ട് അയല്‍വാസികളും വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും നായ്ക്കള്‍ ഓടിപ്പോയി.
വര്‍ക്കല പരിസരത്തെ തെരുവുനായ് ശല്യത്തെക്കുറിച്ച് നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും ഇതുവരെ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കെയാണ് ഇത്തരത്തിലൊരാക്രമണം. വര്‍ക്കല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും നായ്ക്കളുടെ കടിയേറ്റ് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരിക്കുകയാണ്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കള്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ അപകടത്തില്‍പ്പെടുന്ന ഇരുചക്രവാഹന യാത്രക്കാരുടെ എണ്ണവും ഏറെയാണ്. ഇന്നു രാവിലെ വര്‍ക്കലയില്‍ വിദേശ ടൂറിസ്റ്റിനും കടിയേറ്റിരുന്നു.
നായകളുടെ കടിയേറ്റു തിരുവനന്തപുരത്തു മരിക്കുന്ന രണ്ടാമത്തെയാളാണു രാഘവന്‍. ഓഗസ്റ്റില്‍ പുല്ലുവിളയില്‍ 65കാരി നായയുടെ കടിയേറ്റു മരിച്ചിരുന്നു. കരുംകുളം പുല്ലുവിള ചെമ്പകരാമന്‍തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയാണു. രാത്രിയോടെ പുല്ലുവിള കടല്‍ത്തീരത്തു വച്ചായിരുന്നു നായകളുടെ ആക്രമണം. മാരകമായി പരുക്കേറ്റ ശിലുവമ്മയെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴിയെയാണ് മരിച്ചത്. മാതാവിനെ നായ്ക്കള്‍ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിച്ച ഇവരുടെ മകന്‍ സെല്‍വരാജിനെയും നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചിരുന്നു. അമ്പതിലധികം നായ്ക്കളാണ് അന്ന് ആക്രമണം നടത്തിയത്.
അതിനിടെ, കോഴിക്കോട്ടു രണ്ടു വയസുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു. പൂളക്കടവു സ്വദേശി റംഷാദിന്റെ മകള്‍ ഫാത്തിമയ്ക്കാണു കടിയേറ്റത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക പരിശോധന നടത്തി വിട്ടയച്ചു.
https://www.facebook.com/Malayalivartha

























