ജേക്കബ് തോമസിനെതിരായ പരാതി: സി.ബി.ഐയും സര്‍ക്കാരും കൊന്പുകോർക്കുന്നു.

കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേയുള്ള പരാതിയില്‍ സി.ബി.ഐയും സര്‍ക്കാരും രണ്ടു തട്ടില്‍. ജേക്കബ് തോമസ് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തതിനെതിരേ നടപടിയെടുത്തില്ലെന്ന ഹര്‍ജിയിലാണ് സര്‍ക്കാരും സി.ബി.ഐയും വ്യത്യസ്ത നിലപാടെടുത്തത്. ഇതിനിടയിൽ ടി പി വധക്കേസുമായി ആരെങ്കിലും കോടതിയെ വീണ്ടും സമീപിച്ചാലും കേസേറ്റെടുക്കാൻ തയ്യാറെന്നു കോടതിയെ അറിയിക്കാനും സി ബി ഐ യുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായേക്കും.
ജേക്കബ് തോമസിനെതിരായ പരാതി അന്വേഷിക്കാന്‍ തയാറാണെന്ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തനിക്കെതിരേ അന്വേഷണം നടത്താന്‍ തയാറാണെന്നു സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചതിനു വിശദീകരണം തേടി ജേക്കബ് തോമസ് സി.ബി.ഐ. ഡയറക്ടര്‍ക്കു കത്തയച്ചതു മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയതും ശരിയായില്ലെന്ന് സി.ബി.ഐ. വാദിച്ചു.സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ, സ്വകാര്യ സ്ഥാപനമായ കൊല്ലത്തെ ടി.കെ.എം. മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രതിമാസം 1.60 ലക്ഷം രൂപ കൈപ്പറ്റി ജോലി ചെയ്ത ജേക്കബ് തോമസിന്‍റെ നടപടി സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കൂത്തുപറന്പ് സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ ഹര്‍ജിയിലാണു വിശദീകരണം.
സി.ബി.ഐ. ഡയറക്ടര്‍ക്കു കത്തെഴുതിയ ജേക്കബ് തോമസിന്‍റെ നടപടി കീഴ്വഴക്കമില്ലാത്തതാണെന്നും കേന്ദ്ര സര്‍വീസിലെ ഉദ്യോഗസ്ഥനെതിരേ സര്‍വീസ് ചട്ടലംഘനം ആരോപിച്ചുള്ള പരാതി തങ്ങള്‍ അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും സി.ബി.ഐ. വാദിച്ചു. അതേസമയം, സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തെന്ന കേസില്‍ ജേക്കബ് തോമസിനെതിരേ നടപടി വേണ്ടെന്നുവച്ചത് സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിന് 1968-ലെ ഓള്‍ ഇന്ത്യാ സര്‍വീസ് (ഡിസിപ്ലിന്‍ ആന്‍ഡ് അപ്പീല്‍) ചട്ടത്തില്‍ നിരോധനമില്ല. സര്‍ക്കാരിന്‍റെ അനുമതി വേണമെന്നേ പറയുന്നുള്ളൂ. ഇത്തരത്തില്‍ ജോലി ചെയ്യുന്നതിന് അനുമതി നല്‍കാനും ഉദ്യോഗസ്ഥന്‍റെ നടപടി ശരിവച്ചുകൊടുക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തതിനു ലഭിച്ച പ്രതിഫലം ജേക്കബ് തോമസ് തിരികെക്കൊടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരേ നടപടി വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മാത്രമല്ല, ജേക്കബ് തോമസിന്‍റെ നടപടി ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരേ സര്‍ക്കാരിന്‍റെ അധികാരത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി വ്യക്തിവൈരാഗ്യവും രാഷ്ട്രീയ ലാഭവും ലക്ഷ്യമിട്ടുള്ളതാണെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
ഹര്‍ജിയില്‍ സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് ഹാജരാകേണ്ടതുണ്ടെന്നും ഇതിനായി സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അപേക്ഷിച്ചു. തുടര്‍ന്ന് ഹര്‍ജി നവംബര്‍ മൂന്നിനു പരിഗണിക്കാന്‍ മാറ്റി.
https://www.facebook.com/Malayalivartha

























