സംസ്ഥാനത്ത് സൗജന്യ നിരക്കിലുളള ധാന്യ വിഹിതം പുനഃസ്ഥാപിച്ചു; ഒന്നു മുതല്‍ കുറഞ്ഞ നിരക്കില്‍ അരിയും ഗോതമ്പും ലഭ്യമാകും

ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാത്തതിനെത്തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ച കേരളത്തിനുള്ള സൗജന്യ നിരക്കിലുളള ധാന്യവിഹിതം പുനഃസ്ഥാപിച്ചു. നവംബര്‍ ഒന്നു മുതല്‍ കേരളത്തിനു കുറഞ്ഞ നിരക്കില്‍ അരിയും ഗോതമ്പും ലഭിച്ചു തുടങ്ങും. പ്രതിവര്‍ഷം 10.25 ലക്ഷം ടണ്‍ ധാന്യമാണ് ഇപ്രകാരം ലഭിക്കുക. അരി മൂന്നുരൂപ നിരക്കിലും ഗോതമ്പ് രണ്ടുരൂപ നിരക്കിലും ലഭിക്കും.
അധികമായി ലഭിക്കുന്ന നാലുലക്ഷം ടണ്‍ അരി 8.30 രൂപ നിരക്കിലും ഗോതമ്പ് 6.10 രൂപ നിരക്കിലും ലഭിക്കും. മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഏതു നിരക്കില്‍ ധാന്യങ്ങള്‍ നല്‍കണമെന്നു സര്‍ക്കാര്‍ പിന്നീടു തീരുമാനിക്കും. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ കേരളം കാര്യക്ഷമമായ നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു കേന്ദ്രം നേരത്തേ ധാന്യവിതരണം തടഞ്ഞത്.
സബ്‌സിഡി ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ കിലോയ്ക്ക് 22 രൂപ ആവശ്യപ്പെട്ടതോടെ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴിയുള്ള അരിവിതരണം നിലയ്ക്കുന്ന അവസ്ഥയായിരുന്നു. ഇതിനിടെ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ കേരളം കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചതും ആക്ഷേപങ്ങള്‍ സ്വീകരിച്ചു തുടങ്ങിയതും ഉള്‍പ്പെടെ വിവരങ്ങള്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തെ മന്ത്രി പി.തിലോത്തമന്‍ അറിയിച്ചതോടെയാണു കുറഞ്ഞ നിരക്കില്‍ അരി നല്‍കാമെന്ന് അറിയിച്ചത്.
https://www.facebook.com/Malayalivartha

























