മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ ഉത്തരവ്

മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീനക്ക് സര്‍ക്കാര്‍ ജോലി നല്‍കിക്കൊണ്ട് ഉത്തരവിറങ്ങി. ജില്ല റവന്യൂ എസ്റ്റാബ്‌ളിഷ്‌മെന്റില്‍ നിലവിലുള്ളതോ ഒഴിവുവരുന്നതോ ആയ ക്‌ളര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കണമെന്നറിയിച്ചുകൊണ്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടിരിക്കുന്നത്. ജില്ല കലക്ടര്‍ ആവശ്യമായ നിയമന ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സഫ്രീനക്കും ലാന്‍ഡ് റവന്യൂ കമീഷണര്‍, ജില്ല കലക്ടര്‍, പൊതുഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവര്‍ക്കുമാണ് ഉത്തരവിന്റെ പകര്‍പ്പ് അയച്ചിട്ടുള്ളത്. നൗഷാദ് വിടപറഞ്ഞ് ഒരു വര്‍ഷമായിട്ടും അദ്ദേഹത്തിന്റെ ഭാര്യക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി നല്‍കിയില്ലായിരുന്നു.
ഭാര്യ കണ്ടംകുളങ്ങര ചെറുവയലില്‍ വീട്ടിലെ സഫ്രീന ബി.കോം ബിരുദധാരിയാണ്. വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച ജോലിയും ഭാര്യക്കും നൗഷാദിന്റെ മാതാവിനും അഞ്ചു ലക്ഷം വീതം നഷ്ടപരിഹാരവും നല്‍കുമെന്നായിരുന്നു മുന്‍ സര്‍ക്കാറിന്റെ പ്രഖ്യാപനം. നഷ്ടപരിഹാരത്തുക നാളുകള്‍ക്കകം ലഭിച്ചിരുന്നെങ്കിലും ജോലിക്കാര്യം ഒന്നുമായിരുന്നില്ല.
ഇതിനായി സഫ്രീനയുടെ പിതാവ് ഹംസക്കോയ ഏറെ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയും ജനപ്രതിനിധികളെ സമീപിക്കുകയും ചെയ്തിരുന്നു. പാളയം മാര്‍ക്കറ്റില്‍ ജോലിക്കാരനായ ഇദ്ദേഹത്തെ പ്രായത്തിന്റെ അവശതകള്‍ അലട്ടുന്നുണ്ട്. ജോലിക്കാര്യം അറിയിച്ചുകൊണ്ടുള്ള ഉത്തരവ് ഏറെ സന്തോഷത്തോടെയാണ് ഈ വീട്ടുകാര്‍ കൈപ്പറ്റിയത്.
സഫ്രീനക്ക് ജോലി കിട്ടുന്നതോടെ രണ്ട് കുടുംബങ്ങള്‍ക്കാണ് സാമ്പത്തിക പ്രയാസത്തില്‍നിന്ന് ആശ്വാസമാവുക. മാളിക്കടവിലെ മേപ്പക്കുടി വീട്ടില്‍ കഴിയുന്ന നൗഷാദിന്റെ മാതാവ് അസ്മാബിയും മരുമകള്‍ക്ക് ജോലി കിട്ടുമെന്നുറപ്പായതിന്റെ ആശ്വാസത്തിലാണ്.
https://www.facebook.com/Malayalivartha