സഹകരണബാങ്കുകളില്‍ ആദായനികുതി വകുപ്പ് പരിശോധന; നോട്ടുകള്‍ വന്‍ തോതില്‍ ഒഴുക്കി വെളുപ്പിച്ചതായി സംശയം

നോട്ട് അസാധുവാക്കലിന് ശേഷം സഹകരണ ബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ പണമൊഴുകിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചു. സഹകരണ ബാങ്കുകളിലെ പ്രതിസന്ധിയ്ക്കിടെയാണ് ദേശസാല്‍കൃത ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം നടന്നിട്ടുള്ളത്. നവംബര്‍ രണ്ടാം വാരത്തില്‍ കോടിക്കണക്കിന് രൂപയാണ് ദേശസാല്‍കൃത ബാങ്കുകളില്‍ സഹകരണസംഘങ്ങള്‍ നിക്ഷേപിച്ചത്.
വടക്കന്‍ ജില്ലകളിലെ സഹകരണബാങ്കുകള്‍ വഴി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്ന സംശയം ആദയനികുതി വകുപ്പിനുണ്ട്. ഒരു കോടി രൂപ മുതല്‍ 12 കോടി രൂപ വരെ ദേശസാല്‍കൃത ബാങ്കുകളില്‍ നിക്ഷേപിച്ച സഹകരണ സംഘങ്ങളുണ്ട്.
കോഴിക്കോട്ടെ വിവാദമായ ഒരു സഹകരണബാങ്ക് 12 കോടി രൂപയാണ് ഒരു പ്രമുഖ ബാങ്കില്‍ നിക്ഷേപിച്ചത്. മലപ്പുറത്ത് എട്ട് കോടിയും അഞ്ച് കോടിയും വച്ച് ബാങ്കുകളില്‍ നിക്ഷേപിച്ച സഹകരണ സംഘങ്ങളുണ്ട്. കാസര്‍കോടും തൃശ്ശൂരും എല്ലാം സഹകരണബാങ്കുകള്‍ സമാനമായ രീതിയില്‍ പണം നിക്ഷേപിച്ചിട്ടുണ്ട്.
മലപ്പുറത്തെ ഒരു കോണ്‍ഗ്രസ് പഞ്ചായത്തംഗം രണ്ടരക്കോടി രൂപ പ്രാദേശിക സഹകരണബാങ്കില്‍ നിക്ഷേപിച്ചതായും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കിട്ടാക്കടങ്ങള്‍ കൂട്ടമായി അടച്ചു തീര്‍ത്ത് ആ പണവും കൊണ്ടാണ് ചില സഹകരണസംഘങ്ങള്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇങ്ങനെ ദുരൂഹമായ നിരവധി സാമ്പത്തിക ഇടപാടുകളും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പുറത്തു വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha